പെണ്‍കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നതെങ്കില്‍ ഒരു രൂപ പോലും ഫീസ് ആയി വാങ്ങിക്കാത്ത ഡോക്ടര്‍!

By Web Team  |  First Published Nov 7, 2022, 11:04 PM IST

പെണ്‍കുഞ്ഞുങ്ങളെ ജനിക്കും മുമ്പേ കൊന്ന് കളയുന്ന, അല്ലെങ്കില്‍ ജനിച്ച ശേഷം കൊന്നുകളയുന്ന അത്രയും നീതിരഹിതമായ ചിന്താഗതികളില്‍ നിന്ന് സമൂഹം മാറുന്നതിലേക്കായി തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് തന്നെയെത്തിച്ചതെന്ന് ഡോ. ഗണേശ് രാഖ് പറയുന്നു. 


ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇന്നും പെണ്‍ ഭ്രൂണഹത്യകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഇന്നും നടക്കുന്നതായാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിയമപരമായി ഇത് ശിക്ഷയര്‍ഹിക്കുന്ന സംഗതിയാണെങ്കില്‍ പോലും ഇന്നും പെണ്‍കുഞ്ഞുങ്ങള്‍ കുടുംബത്തിന് ബാധ്യതയാണെന്നും ശാപമാണെന്നുമെല്ലാം വിശ്വസിക്കുന്ന വിഭാഗങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട് എന്നതാണ് സത്യം.

ഇക്കാര്യം മനസിലാക്കിയതോടെയാണ് പുനെ സ്വദേശിയായ ഡോ. ഗണേശ് രാഖ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തീരുമാനമെടുത്തത്. തന്‍റെ ആശുപത്രിയില്‍ പ്രസവത്തിനെത്തുന്ന സ്ത്രീകളില്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരില്‍ നിന്ന് ഒരു രൂപ പോലും പ്രസവച്ചെലവായോ ഫീസായോ ഒന്നും ഈടാക്കുകയില്ല. 

Latest Videos

undefined

മുഴുവനും സൗജന്യമായി അവര്‍ക്ക് പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാം. ഇവിടെയും തീര്‍ന്നില്ല, ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ആശുപത്രിയില്‍ കുഞ്ഞിന് വേണ്ടി പ്രത്യേകമായി ആഘോഷങ്ങള്‍ നടക്കും. തോരണങ്ങളും അലങ്കാരങ്ങളും ബലൂണുകളുമെല്ലാം വച്ച് ആഘോഷമാക്കും ആ ദിനം. ഏവര്‍ക്കും മധുരം വിതരണം ചെയ്യും. ഇതിനെല്ലാം ശേഷം അലങ്കരിച്ച വാഹനത്തില്‍ ആശുപത്രിയില്‍ നിന്ന് വീട് വരെ അമ്മയെയും കുഞ്ഞിനെയും എത്തിക്കും. 

പെണ്‍കുഞ്ഞുങ്ങളെ ജനിക്കും മുമ്പേ കൊന്ന് കളയുന്ന, അല്ലെങ്കില്‍ ജനിച്ച ശേഷം കൊന്നുകളയുന്ന അത്രയും നീതിരഹിതമായ ചിന്താഗതികളില്‍ നിന്ന് സമൂഹം മാറുന്നതിലേക്കായി തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് തന്നെയെത്തിച്ചതെന്ന് ഡോ. ഗണേശ് രാഖ് പറയുന്നു. 

'11 വര്‍ഷമായി 2,430 പെണ്‍കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ ഞങ്ങളുടെ ആശുപത്രിയില്‍ പിറന്നിട്ടുണ്ട്. ഓരോ കുഞ്ഞിന്‍റെയും ജനനം ഞങ്ങളാല്‍ കഴിയും വിധം ആഘോഷിച്ചിട്ടുണ്ട്. 2012ന് മുമ്പ് പലപ്പോഴും ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിയിക്കുമ്പോള്‍ കുടുംബം ആ കുഞ്ഞിനെ വന്ന് കാണുന്നതില്‍ നിന്ന് പോലും പിന്തിരിയുന്ന കാഴ്ചയ്ക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. ഈ അനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്കെത്തിച്ചത്...'- ഡോ. ഗണേശ് രാഖ് പറയുന്നു. 

ഇന്ന് പുനെയിലെ ഹദാസ്പൂരിലുള്ള ഡോ. ഗണേശ് രാഖിന്‍റെ ആശുപത്രി ഈ ഒരേയൊരു കാര്യത്തിന്‍റെ പേരില്‍ പ്രശസ്തി നേടിയിരിക്കുകയാണ്. എന്തുകൊണ്ടും രാജ്യത്തിന് അഭിമാനിക്കാവുന്നൊരു സേവനം തന്നെയാണ് ഇദ്ദേഹം ചെയ്യുന്നതെന്ന് കയ്യടിയോടെ, നിസംശയം പറയാം. 

Also Read:- സ്ത്രീകളിലെ വന്ധ്യതയെ പ്രതിരോധിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

click me!