അധികവും കുഞ്ഞിനോ അമ്മയ്ക്കോ ജീവന് ആപത്തുണ്ടായേക്കാവുന്ന, അല്ലെങ്കില്‍ ആരോഗ്യത്തിനുമേല്‍ ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങളിലാണ് അബോര്‍ഷന് അനുമതി നല്‍കുന്നത്.
അബോര്‍ഷൻ അഥവാ ഗര്‍ഭഛിദ്രം നടത്തുന്നതിന് ഓരോ രാജ്യത്തും കൃത്യമായ നിയമങ്ങളുണ്ട്. ഇതനുസരിച്ച് മാത്രമേ അബോര്‍ഷൻ നടത്താവൂ. ഭ്രൂണഹത്യ വര്‍ധിച്ചുവരുന്നത് തടയാനായാണ് ഇത്തരത്തില്‍ നിയമം കൊണ്ടുതന്നെ ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലാണെങ്കില്‍ ഐപിസി (ഇന്ത്യൻ പീനല്‍കോഡ്) 1860 സെക്ഷൻ 312 പ്രകാരം അബോര്‍ഷൻ കുറ്റകൃത്യമാണ്. അതായത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം. അതേസമയം നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളോടെ അബോര്‍ഷൻ ചെയ്യാം.
അധികവും കുഞ്ഞിനോ അമ്മയ്ക്കോ ജീവന് ആപത്തുണ്ടായേക്കാവുന്ന, അല്ലെങ്കില്‍ ആരോഗ്യത്തിനുമേല്‍ ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങളിലാണ് അബോര്‍ഷന് അനുമതി നല്‍കുന്നത്. അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭധാരണം ലഭിച്ച പെണ്‍കുട്ടികള്‍, ബലാത്സംഗത്തിന് ഇരയായവര്‍ എന്നിങ്ങനെയെല്ലാം പോകുന്നു അബോര്‍ഷന് നിയമാനുവാദം കിട്ടുന്നവര്‍. ഇതിന് വിരുദ്ധമായി അബോര്‍ഷൻ ചെയ്യുന്നത് നിയമത്തിന്‍റെ കണ്ണില്‍ കുറ്റക്കാര്‍ തന്നെ.
ഇത്തരത്തിലിപ്പോള്‍ കര്‍ണാടകയില്‍ 900ത്തോളം നിയമവിരുദ്ധ അബോര്‍ഷൻ നടത്തിയ ഡോക്ടര്‍ ഇപ്പോള്‍ പിടിയിലായിരിക്കുകയാണ്. ഡോ. ചന്ദൻ ബല്ലാല്‍ എന്നയാളും അദ്ദേഹത്തെ അസിസ്റ്റ് ചെയ്തിരുന്ന ലാബ് ടെക്നീഷ്യനായ നിസാര്‍ എന്നയാളുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്.
ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണത്രേ ഇവര്‍ 900 അബോര്‍ഷൻ നടത്തിയിട്ടുള്ളത്. മൈസൂരുവിലെ ഒരു ആശുപത്രിയിലായിരുന്നു ഇരുവരും ചേര്‍ന്ന് നിയമവിരുദ്ധമായ അബോര്‍ഷൻ നടത്തിയിരുന്നതത്രേ. ഓരോ അബോര്‍ഷനും മുപ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നതെന്നും പൊലീസ് അറിയിക്കുന്നു.
ഇവര്‍ അബോര്‍ഷൻ മാത്രമല്ല- ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണയവും നടത്തിയിരുന്നുവത്രേ. സ്കാനിംഗിലൂടെ വിശദാംശങ്ങള്‍ മനസിലാക്കും. കുഞ്ഞ് പെണ്ണാണെങ്കില്‍ അബോര്‍ഷൻ വേണ്ടവര്‍ക്ക് അത് ചെയ്തുകൊടുക്കും. ഇതായിരുന്നു ഇവരുടെ രീതി. പെൺ ഭ്രൂണഹത്യ തന്നെ. വര്‍ധിച്ചുവന്ന പെൺഭ്രൂണഹത്യയെ തുടര്‍ന്നാണ് രാജ്യത്ത് ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണയം നിയമപരമായി വിലക്കപ്പെട്ടത്.
ഇതിന് ശേഷം ഡോക്ടര്‍മാര്‍ക്കോ മറ്റ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണയം നടത്താനുള്ള അധികാരം നീക്കം ചെയ്യപ്പെട്ടു. ഇത് മനസിലാക്കിയാല്‍ പോലും ആരുമായും ഇക്കാര്യം പങ്കുവയ്ക്കരുത് എന്നാണ് നിയമം.
മാസങ്ങളായി മൈസൂരു കേന്ദ്രീകരിച്ച് അഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണയം നടത്തുകയും അബോര്‍ഷനുകള്‍ ചെയ്യുകയും ചെയ്യുന്ന റാക്കറ്റിന് പിറകെയായിരുന്നു കര്‍ണാടക പൊലീസ്. ഇവര്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയുടെ മാനേജരെയും റിസപ്ഷനിസ്റ്റിനെയും നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അബോര്‍ഷൻ നടത്തിയിരുന്ന ഡോക്ടറെയും അദ്ദേഹത്തിന്‍റെ സഹായിയെയും പിടി കിട്ടിയിരിക്കുന്നത്.
ശര്‍ക്കര നിര്‍മ്മാണ കേന്ദ്രമായ ഒരു ഫാക്ടറിക്ക് അകത്ത് വച്ചാണത്രേ ഇവര്‍ ഗര്‍ഭിണികളുടെ സ്കാനിംഗ് നടത്തിയിരുന്നത്. ഇവിടെ നിന്ന് ക്സാനിംഗ് മെഷീനും മറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുണ്ടായേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. എന്തായാലും ഏറെ ഭയപ്പെടുത്തുന്നൊരു വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും മെഡിക്കല്‍ മേഖലയില്‍ നിന്നുള്ളവരും ഇനിയും എത്ര കാണുമെന്ന ആശങ്കയാണ് വാര്‍ത്തയോട് പ്രതികരിക്കുന്ന മിക്കവരും പങ്കുവയ്ക്കുന്നത്.
Also Read:- 'മരിക്കാൻ 37 പുതിയ മാര്‍ഗങ്ങള്‍'; യുവ ഇൻഫ്ളുവൻസറുടെ വീഡിയോ ശ്രദ്ധേയമാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-