സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ഒരമ്മ; ദിവ്യക്ക് പറയാനുള്ളത്...

By Web Team  |  First Published Oct 26, 2021, 7:40 PM IST

ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും വീണ്ടും ജീവിതത്തെ പ്രതീക്ഷാപൂര്‍വം തന്നെ കാത്തിരുന്നു. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും പഴയ അവഗണന തന്നെ. ശാരീരികവും മാനസികവുമായ വേദനകളും, അതിനോട് ചുറ്റുപാടുകളില്‍ നിന്നുണ്ടായ തുടര്‍ച്ചയായ അവഗണനയും ദിവ്യയെ പതിയെ മറ്റൊരാളാക്കി മാറ്റി


സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ, കേള്‍ക്കുമ്പോഴേ ആരിലും വെറുപ്പെന്ന വികാരമല്ലാതെ മറ്റൊന്നും വരാനിടയില്ലാത്ത ഒരു വാര്‍ത്ത. എന്നാല്‍ നമ്മള്‍ വെറുതെ കേട്ട്, അഭിപ്രായവും പറഞ്ഞുപോകുന്ന ഓരോ സംഭവങ്ങള്‍ക്കും പിന്നില്‍ എത്രയെത്ര വേദനകളുടെ കഥകളാകാം ഒളിച്ചിരിക്കുന്നത്. അങ്ങനെയൊരു കഥയാണ് ദിവ്യ ജോണിയെന്ന യുവതിയുടേതും. 

പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന പ്രത്യേക മാനസികാവസ്ഥയെ കുറിച്ച് ഈ അടുത്ത കാലങ്ങളില്‍ വളരെയധികം ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. എത്ര അനുകൂലമായ സാഹചര്യങ്ങളുള്ള സ്ത്രീകളിലും ഈ മാനസിക പ്രശ്‌നം ഉടലെടുത്തേക്കാം. 

Latest Videos

undefined

പ്രതികൂലമായ ചുറ്റുപാടുകളില്‍ നില്‍ക്കുന്ന സ്ത്രീകളില്‍ ഇത് കുറെക്കൂടി തീവ്രവും അപകടകരവുമായി വളരാം. അങ്ങനെയൊരു ദുരവസ്ഥയിലൂടെ കടന്നുപോന്ന വ്യക്തിയാണ് ദിവ്യ. 

പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി. ഏറെ പ്രതീക്ഷകളുമായി താന്‍ തന്നെ തെരഞ്ഞെടുത്ത ഒരാള്‍ക്കൊപ്പമള്ള വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്തുള്ള ജീവിതമായിരുന്നില്ല ദിവ്യയെ കാത്തിരുന്നത്. വൈകാരികമായ ഒറ്റപ്പെടലും, അവഗണനയും ദിവ്യയെ പലവട്ടം മുറിപ്പെടുത്തി. 

ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും വീണ്ടും ജീവിതത്തെ പ്രതീക്ഷാപൂര്‍വം തന്നെ കാത്തിരുന്നു. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും പഴയ അവഗണന തന്നെ. ശാരീരികവും മാനസികവുമായ വേദനകളും, അതിനോട് ചുറ്റുപാടുകളില്‍ നിന്നുണ്ടായ തുടര്‍ച്ചയായ അവഗണനയും ദിവ്യയെ പതിയെ മറ്റൊരാളാക്കി മാറ്റി. 

ജീവിതത്തോടുള്ള നിരാശയും അമര്‍ഷവും ആരോടാണ് കാണിക്കേണ്ടതെന്നോ, എവിടെയാണ് തീര്‍ക്കേണ്ടതെന്നോ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അത് പതിയെ സ്വന്തം കുഞ്ഞിലേക്ക് തിരിഞ്ഞപ്പോള്‍ പോലും അതിനെ പിടിച്ചുനിര്‍ത്താനോ കൈകാര്യം ചെയ്യാനോ കഴിഞ്ഞില്ല. അങ്ങനെ ഏറ്റവും ശപിക്കപ്പെട്ട ഒരു നിമിഷത്തില്‍ ദിവ്യയുടെ നിരാശകളുടെ ഭാരം ആ കുഞ്ഞ് ഏറ്റവുവാങ്ങി. അത് എങ്ങനെ സംഭവിച്ചുവെന്ന് പോലും ദിവ്യക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. 

മാധ്യമപ്രവര്‍ത്തകനായ ഐപ്പ് വള്ളിക്കാടന്‍ തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ദിവ്യ ജോണിയുടെ ഈ ജീവിതകഥ മലയാളികള്‍ അറിയുന്നത്. താന്‍ കടന്നുപോന്ന മാനസികാവസ്ഥകളുടെ തീവ്രതയും ഇപ്പോഴും അനുഭവിക്കുന്ന വേദനകളുടെ ആഴവും വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ദിവ്യ പാടുപെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇപ്പോഴും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുകയാണ് ദിവ്യ. ആത്മഹത്യാപ്രവണത സാരമായ രീതിയില്‍ ഉള്ളതിനാല്‍ അതിനുള്ള മരുന്നുകളും കഴിക്കുന്നുണ്ട്. 

'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന സ്ത്രീകളിലെ പ്രശ്‌നത്തെ കുറിച്ച് അറിവുള്ളവര്‍ പോലും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതിന്റെ പരിസരങ്ങള്‍ അന്വേഷിക്കുവാനോ, എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് പഠിക്കാനോ തയ്യാറാകാറില്ല. എന്നാല്‍ ഇനിയും ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാനസികാരോഗ്യത്തെ കുറിച്ചും, സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കേണ്ട മാനസിക പിന്തുണയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കാന്‍ ദിവ്യയുടെ ഈ തുറന്നുപറച്ചിലുകള്‍ക്ക് കഴിയുമായിരിക്കും. 

നിരവധി സ്ത്രീകളാണ് ദിവ്യയുടെ വീഡിയോ പങ്കുവയ്ക്കുന്നത്. പലരും പ്രസവത്തോട് അനുബന്ധമായി തങ്ങള്‍ നേരിട്ടിട്ടുള്ള മാനസിക പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്. മനശാസ്ത്ര വിദഗ്ധരും ഈ വിഷയത്തെ കാര്യമായി സമീപിക്കണമെന്ന നിര്‍ദേശം നല്‍കുന്നു. ഇനിയൊരു ദിവ്യ നമുക്കിടയിലുണ്ടാകാതിരിക്കാന്‍, ഇനിയൊരു കുഞ്ഞിനും ഈ ദുരവസ്ഥയുണ്ടാകാതിരിക്കാന്‍ ഇത്തരം അന്വേഷണങ്ങളും പഠനങ്ങളും പ്രയോജനപ്പെടട്ടെ. 

ദിവ്യയുടെ വാക്കുകള്‍...

 

Also Read:- പോസ്റ്റ്‌പാർട്ടം ഡിപ്രഷന്‍; പ്രസവാനന്തര മാനസിക പ്രശ്നങ്ങളും കാരണങ്ങളും

click me!