വനിതാദിനത്തില്‍ സംവിധായിക ശ്രീബാല കെ മേനോൻ സംസാരിക്കുന്നു...
വർഷങ്ങൾക്ക് മുമ്പ്, എന്‍റെ ചിന്തകൾ പ്രസംഗമായി ആളുകൾക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടാൽ അവർക്ക് സമൂലമായ മാറ്റം വരും എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കാലത്ത്, ഒരു മാർച്ച് മാസം പിറന്നു. മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോൾ സ്മാർട്ട് അല്ലാത്ത ഫോൺ ശബ്ദിച്ചു. മാർച്ച് 8ന് കുറച്ച് വനിതകളെ അഭിസംബോധന ചെയ്യണം.
ഓ , അതിനെന്താ. ഞാൻ എപ്പോഴേ റെഡി. വിഷയം ? അത് മാഡത്തിന്‍റെ ഇഷ്ടം. ശരി, അങ്ങനെയാവട്ടെ.
അടുക്കളയിൽ തേങ്ങ ചിരവിക്കൊണ്ട് അതിൽ നിന്ന് കുറച്ച് എടുത്ത് വായിലിട്ട് വീണ്ടും ചിരവൽ തുടർന്നപ്പോഴാണ് അത് സംഭവിച്ചത്. തലയിൽ ഒരു മിന്നാട്ടം. ഇത് തന്നെ വിഷയം. ഞാനുറപ്പിച്ചു. പേനയും പേപ്പറും എടുത്ത് കുറിച്ചുവച്ചു. അടുത്ത ദിവസങ്ങളിൽ ചിന്തയെ വിപുലീകരിച്ചു.
മാർച്ച് എട്ടിന് വൈകുന്നേരം നാല് മണിയോട് കൂടി എന്നെ വിളിച്ച് കൊണ്ടുപോകാൻ രണ്ട് പുരുഷൻമാർ ( സംഘാടക സമിതി ) എത്തിച്ചേർന്നു. എന്‍റെ പേര് ചോദിച്ച്- ഞാൻ തന്നെയല്ലേ അവർ ക്ഷണിച്ച വ്യക്തി എന്ന് ഉറപ്പു വരുത്തിക്കൊണ്ടിരുന്നു. വോട്ടർ ഐഡി ലൈസൻസ് ഇത്യാദി കാണിക്കണോ എന്ന് ചോദിച്ചപ്പോൾ സത്യം പുറത്തുവന്നു.
'ഞങ്ങൾ അല്പം പ്രായമുള്ള ഒരാളെയാണ് പ്രതീക്ഷിച്ചത്. ഇത് .....'
പ്രായം കൂട്ടാൻ എന്ത് മാർഗ്ഗം എന്ന് ഞാൻ ചിന്തിക്കവേ 'സാരമില്ല മാഡം നമുക്ക് അഡ്ജസ്റ്റ് ചെയ്യാം...'
എല്ലാവരും ചേർന്ന് ദീർഘമായി നിശ്വസിച്ച് യാത്ര തിരിച്ചു. ഹാളിൽ എത്തിയ എന്നെ ഒരു നിമിഷം അവിടെ ഒത്തുകൂടിയ സ്ത്രീകൾ സൂക്ഷിച്ച് നോക്കി. ഞാൻ അവരേയും. എന്നെക്കാളും മുതിർന്നവരാണ് എല്ലാവരും. ഈ കൊച്ച് ഞങ്ങളോട് എന്ത് പറയാൻ എന്ന എക്സ്പ്രഷൻ ഇട്ട് അവരെല്ലാം സംഭാഷണത്തിൽ മുഴുകി.
പ്രായമോ ഇല്ല എന്നാൽ അല്‍പം സീരിയസ്‍നെസ് ഇരിക്കട്ടെ എന്ന് കരുതി ഞാൻ നിശബ്ദമായി പ്രസംഗവേദിയിൽ ഇരുന്നു. അല്‍പം കഴിഞ്ഞപ്പോൾ സ്വാഗതം പറയേണ്ട വ്യക്തി ഓടിവന്ന് മാഡം, താങ്കളെക്കുറിച്ച് പറയൂ എന്ന് പറഞ്ഞ് എന്നെ പറ്റി എന്നോട് തന്നെ ചോദിച്ച് എഴുതി എടുത്തോണ്ട് പോയി. അല്‍പം കഴിഞ്ഞ് ആ വാക്കുകൾ വെച്ച് എനിക്ക് സ്വാഗതം പറയുകയും, ഞാനത് ആദ്യമായി കേൾക്കുന്ന പോലെ അഭിനയിച്ച് ഫലിപ്പിച്ചു. പൂച്ചെണ്ട്, പൊന്നാട എല്ലാം വന്നു. എന്നെ പ്രസംഗിക്കാനായി മൈക്കിനരികിലേക്ക് ക്ഷണിച്ചു.
'നമുക്ക് തീരെ ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാം...'
സംസാരം നിലച്ചു. നിശബ്ദത പരന്നു...
'അവളവളെ സ്നേഹിക്കുന്നത് മറ്റുള്ളവരെ സ്നേഹിക്കാനും, പരിചരിക്കാനും മാത്രമായി ഒരു ജീവിതം എന്ന മട്ടിലാണല്ലോ സ്ത്രീജീവിതങ്ങളെ ഡിസൈൻ ചെയ്ത് വച്ചിരിക്കുന്നത്. അതിൽ നിന്ന് മാറി നമുക്ക് നമ്മളെ സ്നേഹിക്കുന്നവരായാലോ? എത്ര നാൾ നമ്മൾ സ്വയം അവഗണിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നത് തുടരും? ഇതൊക്കെ അവസാനിപ്പിച്ച് സ്വയം സ്നേഹിച്ചാലോ? മറ്റുള്ളവർക്ക് കൊടുക്കുംപോലെ ഉള്ള സ്നേഹം സ്വയം നൽകുന്നതിലൂടെ സ്നേഹത്തെ പറ്റി ഇത് വരെയുള്ള കാഴ്ചപ്പാട് മാറ്റിയെഴുതിയാലോ? സ്നേഹത്തോടെ, കാരുണ്യത്തോടെ സ്വയം പരിഗണിക്കുമ്പോൾ ആരും എന്നെ സ്നേഹിക്കുന്നില്ല, മനസ്സിലാക്കുന്നില്ല എന്ന ചിന്ത മാഞ്ഞ് പോകാൻ സാധ്യതയുണ്ട്. അങ്ങനെ പരാതി ഒഴിഞ്ഞവരായി, പ്രസാദാത്മകമായി സമൂഹം പറഞ്ഞ് പഠിപ്പിച്ച ഒരു പാഠത്തെ അലാല്പമായി മാറ്റിയെഴുതി കൊണ്ടുള്ള ഒരു ജീവിതത്തെ പറ്റി ആലോചിച്ചാലോ ? ഒരല്പം പോലും കുറ്റബോധമില്ലാതെ തന്നെ തന്നെ യഥേഷ്ടം സ്നേഹിക്കുന്നതിലൂടെ എല്ലാവരേയും നന്നായി സ്നേഹിക്കുന്ന വ്യക്തിത്വങ്ങളായി നമുക്ക് മാറിയാലോ ?...'
പടർന്ന നിശബ്ദത തുടർന്നു.
ഒന്നുകിൽ ഞാൻ പറഞ്ഞത് ആർക്കും മനസ്സിലായില്ല, അല്ലെങ്കിൽ 'Self love' എന്ന സംഭവത്തെ 'Selfish' എന്ന് വ്യാഖ്യാനിച്ചിരിക്കുന്നു. എന്തായാലും സംഭവം ഏറ്റില്ല എന്ന് മാത്രം പിടികിട്ടി. അവരൊന്നും ഇതിനോട് പ്രതികരിക്കുന്നില്ല. അടുത്ത അനൗൺസ്മെന്‍റ് വന്നു. അവരിലൊരാളെ പാട്ട് പാടാൻ ക്ഷണിക്കുന്നു. പരിപാടികൾ മുന്നോട്ട് പോകവെ ഞാൻ പതിയെ യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.
തിരികെ പോരുമ്പോൾ കൂടെ വന്ന സംഘാടകരായ പുരുഷന്മാർ അവർ സ്വന്തം ഭാര്യമാരെ സ്വയം സ്നേഹിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അഹങ്കാരികളായ അവർ ഇവർ പറയുന്നത് അനുസരിക്കാറില്ലെന്നും പറഞ്ഞതോടെ എനിക്ക് പൂർണതൃപ്തിയായി. അതു കൊണ്ട് അടുത്ത മാർച്ച് 8 ആയപ്പോള്‍ ഞാൻ ജീവനും കൊണ്ട് ആരും കാണാത്ത ഒരിടത്തേക്ക് ഒളിവിൽ പോയി.
പതിയെ പ്രായം എന്നെ തേടി വന്നെത്തുകയും നമുക്ക് വേറൊരാളെ മാറ്റിയെടുക്കുക എന്നത് അവരാഗ്രഹിച്ചാൽ മാത്രം നടക്കുന്ന കാര്യം ആണെന്നുള്ള ബോധം തലയിൽ ഉദിക്കുകയും ചെയ്തു. എന്നാ പിന്നെ ഈ പറഞ്ഞ കാര്യം എന്‍റെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന ഒരു ചിന്തയും വന്നുചേർന്നു. ശ്രദ്ധിച്ച് നോക്കിയപ്പോൾ വളരെ ദയനീയമായ അവസ്ഥയിൽ എന്നെ കണ്ടു.
സ്നേഹം എന്നത് പുറത്ത് നിന്ന് ലഭിക്കേണ്ട, വേറെ ഒരു വ്യക്തിയിൽ നിന്ന് ലഭിക്കേണ്ട ഒന്നാണെന്ന ചിന്തയിൽ ജീവിക്കുന്ന എന്നെ കണ്ട് എനിക്ക് പുച്ഛം തോന്നി. ആ ഞാനാണ് മറ്റ് സ്ത്രീകളെ നന്നാക്കിയെടുക്കാം എന്ന ചിന്തയിൽ മാർച്ച് 8ന് പ്രസംഗിച്ച് നടക്കുന്നത്. ആദ്യം ചെയ്തത് അത്തരത്തിൽ ഉള്ള സംഭാഷണങ്ങൾക്ക് ഒരു ഫുൾ സ്റ്റോപ്പ് ഇടലാണ്. എന്നിട്ട് ഞാൻ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് എടുത്തു. സ്വയം സ്നേഹം എന്നത് മറ്റ് പലർക്കും എന്ന പോലെ വളരെ കാശ് ചെലവാക്കി ഷോപ്പിംഗ് എന്ന പേരിൽ ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങൾ വാങ്ങി കൂട്ടലായിരുന്നു എനിക്കും.
എന്നിട്ട് അതിൽ നിന്നും ലഭിക്കുന്ന താത്കാലികമായ ഒരു സന്തോഷത്തെ സ്വയം സ്നേഹിക്കലായി തെറ്റിദ്ധരിക്കുകയും വിഷമങ്ങൾ മറികടക്കാൻ അതിനെ ഒരു സൂത്രമായി വച്ചിരിക്കുന്ന എന്നെ ഞാൻ കളിയാക്കി ചിരിച്ചു. പിന്നെ ആവശ്യത്തിനും അനാവശ്യത്തിലും ഉള്ള ഭക്ഷണം കഴിക്കൽ, ഉദ്ദേശമില്ലാതെ തെക്കുവടക്ക് നടക്കൽ.... അവളവളെ തെറ്റിദ്ധരിപ്പിക്കാനുളള ഇത്തരം പലതരം കളികളിൽ നിന്നും പുറത്തിറങ്ങുക വളരെ ശ്രമകരമായിരുന്നു.
അതിൽ നിന്നും പുറത്തിറങ്ങിയതോടെ ഒരു തരം ശൂന്യതയിലേക്കാണ് നടന്ന് കയറിയത്. എന്ത് ചെയ്യണം, എങ്ങിനെ ചെയ്യണം എന്നറിയാതെ ഉള്ള ഒരു നിൽപ് . പിന്നെ ഒരു കൊച്ച് കുട്ടിയോട് എന്ന പോലെ അതീവ ദയയോടെ, വാത്സല്യത്തോടെ വേണ്ടുന്ന കാര്യങ്ങൾ ഓരോ സന്ദർഭങ്ങളിലും സ്വയം ചോദിച്ച് അറിയുവാൻ തുടങ്ങി. എന്നെ എനിക്ക് ഒട്ടുമേ അറിയില്ല എന്നറിഞ്ഞ് ഒരു പാട് ചിരിച്ചു.
പതിയെ പതിയെ തന്‍റെ ആവശ്യങ്ങളും, ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും, തിരിച്ചറിയാൻ തുടങ്ങി. സ്വയം പഠനം എന്ന കോഴ്സിന് ചേർന്നതോടെ ഞാൻ എന്നോട് കൂട്ടാവാൻ തുടങ്ങി. പതിയെ ശരീരത്തിൽ സ്വസ്ഥമാവാനും, ശാന്തത അനുഭവിക്കാനും ശീലിച്ചു. ഇതിന്‍റെ എല്ലാം ബൈ പ്രൊഡക്റ്റ് എന്നോണം സന്തോഷം വന്നുചേർന്നു. ആ സന്തോഷം സ്നേഹമായി മാറി പതിയെ പതിയെ പടരുന്നതും, പകരുന്നതും കണ്ടുകൊണ്ടിരിക്കേ ദാ, വീണ്ടും ഒരു മാർച്ച് 8.
പുതിയ കുട്ടികളുടെ ഭാഷയും രീതിയും കടമെടുത്ത് പറയുകയാണെങ്കിൽ കെട്ടിപിടുത്തംസ് ആന്‍റ് ഉമ്മകൾ ടു ആൾ. പ്രസംഗം ഇല്ല. സ്വയം നിരീക്ഷിക്കൽ, ശരിയാക്കൽ മാത്രം. ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ് ഈ ടെക്നിക്ക് എല്ലാവർക്കും.
Also Read:- 'ഇങ്ങനെയൊക്കെ ഒരു കറുത്ത സ്ത്രീ നടക്കുമോ എന്ന ചോദ്യവും അത്ഭുതവുമാണ് എപ്പോഴും നേരിടാറ്'