തോറ്റു പിൻമാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങൾ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പിൽ ഈ വിഷയം എത്തിച്ചു.
പാലക്കാട്: രണ്ടു കൈകളും ഇല്ലാത്ത ഭിന്ന ശേഷിക്കാരിയായ പെൺകുട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിക്കൊണ്ട് കേരളം ചരിത്രം കുറിക്കുമ്പോള്‍ അഭിമാനവുകയാണ് ജിലുമോൾ മേരിയറ്റ് തോമസ്. ഇരു കൈകളുമില്ലാതെ ജനിച്ച കുമാരി ജിലുമോൾ മേരിയറ്റ് തോമസ് ഫോർ വീലർ വാഹനം ഓടിക്കുന്നതിനായി ലൈസൻസ് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഞ്ച് വർഷം മുൻപാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്. എന്നാൽ സാങ്കേതികവും, നിയമ പരവുമായ കാരണങ്ങളാൽ അന്ന് അത് നടക്കാതെ പോകുകയായിരുന്നു.
തോറ്റു പിൻമാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങൾ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പിൽ ഈ വിഷയം എത്തിച്ചു. അദ്ദേഹം സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറോട് ഇതിനൊരു പരിഹാരം തേടുകയും ചെയ്തു. ട്രാൻസ്പോർട്ട് കമ്മീഷണർ എറണാകുളം ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോട് ഈ വിഷയത്തിന്‍റെ സാധ്യത പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ പഠനം നടത്തുകയും, കുട്ടിയുടെ ശാരീരിക വൈകല്യങ്ങൾക്ക് ഉതകുന്ന രീതിയിൽ വാഹനത്തിന് വേണ്ട മാറ്റങ്ങൾ ശുപാർശ ചെയ്യുകയും ചെയ്തു.
എന്നാൽ വാഹനത്തിന്‍റെ രൂപമാറ്റത്തിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തികൊണ്ട് നീണ്ട ഒരു വർഷക്കാലത്തെ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശ്രമഫലമായിട്ടാണ് വാഹനം ഇപ്പൊൾ തയ്യാറായിരിക്കുന്നത്. വാഹനത്തിൻ്റെ മേജർ കൺട്രോളുകൾ നേരിട്ടും, മൈനർ കൺട്രോളുകൾ voice recognition module വഴിയും ജിലു മോൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും.
രൂപ മാറ്റങ്ങളുടെ പ്രവർത്തന ക്ഷമത മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാഹനം adapted vehicle എന്ന ക്ലാസ്സിലേക്ക് മാറ്റം വരുത്തി കൊടുക്കുകയും ചെയ്തു. ജിലു മോൾ 14/03/2023 ന് നടത്തിയ ലേണേഴ്സ് ടെസ്റ്റ് പാസ്സാവുകയും, തനിക്ക് വേണ്ടി രൂപ മാറ്റം വരുത്തിയെടുത്ത ഈ വാഹനത്തിൽ പ്രാവീണ്യം നേടുകയും, 30/11/2023 ൽ നടന്ന ഡ്രൈവിങ് ടെസ്റ്റ് പാസ്സാവുകയും ചെയ്തുവെന്ന് എംവിഡി അറിയിച്ചു.
ഇപ്രകാരം ഇരുകൈകളും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് നമ്മുടെ രാജ്യത്ത്, ഒരു പക്ഷെ ഏഷ്യയിലെ തന്നെ, ആദ്യ സംഭവമായിരിക്കും. കേവലം ലൈസൻസ് നൽകുന്നുവെന്നു മാത്രമല്ല, സ്വന്തം ശാരീരിക ബുദ്ധിമുട്ടുകളെ മറികടന്ന് സുരക്ഷിതമായി എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വാഹനം കൂടി നിയമാനുസൃതമായി നിർമ്മിച്ച് നൽകുകയും ചെയ്തു ഭിന്നശേഷി സൗഹൃദ രംഗത്ത് പുതിയൊരു ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പും സംസ്ഥാന ഭിന്ന ശേഷി കമ്മീഷണ റേറ്റും അതിലൂടെ കേരള സംസ്ഥാനവും.
ലവലേശം പോലും സമയം പാഴാക്കാതെ റോബിൻ ബസ് ഉടമകൾ; സുപ്രധാന ആവശ്യവുമായി ഉടൻ എംവിഡിക്ക് മുന്നിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം