ഗര്‍ഭിണികളില്‍ അല്ലാതെ പിടിപെടുന്ന പ്രമേഹം പോലെ തന്നെ ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗര്‍ഭാവസ്ഥയിലെ പ്രമേഹവും തടയാനാകും. അങ്ങനെ അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്
ഗര്‍ഭകാലമെന്നാല്‍ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണെന്ന് പറയാം. ഒരുപാട് കരുതലും ശ്രദ്ധയുമെല്ലാം ആവശ്യമായിട്ടുള്ള സമയം. ശാരീരികമായും മാനസികമായും പല മാറ്റങ്ങളിലൂടെയും സ്ത്രീകള്‍ കടന്നുപോകുന്നതും ( Pregnancy Health ) ഗര്‍ഭാവസ്ഥയിലാണ്. ചിലരില്‍ ഗര്‍ഭകാലത്ത് അന്നുവരെ ഇല്ലാത്ത അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ പിടിപെടാം. ഇത് ഒരുപക്ഷേ പ്രസവശേഷം തന്നെ അധികം വൈകാതെ ഇല്ലാതാവുകയും ചെയ്യാം.
അത്തരത്തില്‍ ഗര്‍ഭകാലത്ത് പിടിപെടുന്ന പ്രമേഹത്തെ ( Diabetes during Pregnancy ) കുറിച്ച് കേട്ടിട്ടുണ്ടോ? അമ്മയാകാൻ തയ്യാറെടുക്കുന്ന എല്ലാ സ്ത്രീകളും ഇതെക്കുറിച്ച് അറിയേണ്ടതുണ്ട്. ഗര്‍ഭിണിയായ ശേഷം മാത്രം പ്രമേഹം പിടിപെടുന്ന അവസ്ഥ. ഇതത്ര നിസാരമായ കാര്യമല്ല. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ ( Pregnancy Health ) ഇത് ഒരുപോലെ ബാധിക്കാം. ഇങ്ങനെയുള്ള ചില കേസുകളില്‍ പിറക്കുന്ന കുഞ്ഞിനും പ്രമേഹം ബാധിക്കപ്പെടാറുണ്ട്.
ഗര്‍ഭിണികളില്‍ അല്ലാതെ പിടിപെടുന്ന പ്രമേഹം പോലെ തന്നെ ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗര്‍ഭാവസ്ഥയിലെ പ്രമേഹവും ( Diabetes during Pregnancy ) തടയാനാകും. അങ്ങനെ അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
അമ്മയാകാൻ തയ്യാറെടുപ്പ് തുടങ്ങുമ്പോള്‍ തന്നെ ശരീരഭാരം 'നോര്‍മല്‍' ആയി സൂക്ഷിക്കാം. അമിതവണ്ണമുള്ളവരിലാണ് ഗര്‍ഭകാല പ്രമേഹത്തിന് കൂടുതല്‍ സാധ്യത. പ്രമേഹം മാത്രമല്ല, അമിതവണ്ണം ഗര്‍ഭാവസ്ഥയിലും പ്രസവത്തിലും പല സങ്കീര്‍ണതകളും സൃഷ്ടിക്കാം. പല രോഗങ്ങളും വരുത്താം. അതിനാല്‍ ശരീരഭാരം കൃത്യമായി സൂക്ഷിക്കുക.
രണ്ട്...
വ്യായാമം പതിവാക്കുക. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ദിവസത്തില്‍ മുപ്പത് മിനുറ്റ് എന്ന രീതിയില്‍ വ്യായാമം ചെയ്യുക. ഇതും ഗര്‍ഭകാലപ്രമേഹത്തെ ചെറുക്കും.
മൂന്ന്...
അമ്മയാകാൻ തയ്യാറെടുക്കുമ്പോള്‍ തന്നെ ആരോഗ്യകരമായൊരു ഡയറ്റ് ക്രമത്തിലേക്ക് കടക്കുക. കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക. പ്രമേഹത്തിലേക്ക് നയിക്കാൻ പാകത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളെല്ലാം ഒഴിവാക്കുക. എന്നുവച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിക്കരുത് എന്നല്ല. ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. ചെറിയ അളവില്‍ കൂടുതല്‍ തവണകളായി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് വണ്ണം കൂട്ടുന്നത് തടയാൻ സഹായിക്കും.
നാല്...
മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ മോശമായതെന്ന് തോന്നുന്ന ഭക്ഷണങ്ങളിലേക്ക് അധികം പോകാതിരിക്കുക. പ്രോസസ്ഡ് ഫുഡ്, പാക്കറ്റ് ഫുഡ്, ജങ്ക് ഫുഡ് എല്ലാം ഒഴിവാക്കുന്നതാണ് ഉചിതം. എന്ത് തരം ഭക്ഷണമായാലും അത് വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാൻ പരമാവധി ശ്രമിക്കുക. കൃത്രിമമധുരം കലര്‍ന്ന പാനീയങ്ങള്‍- പലഹാരങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാം. ഇതുവഴി പ്രമേഹസാധ്യത ഇല്ലാതാക്കാൻ സാധിക്കും.
അഞ്ച്...
ഡയറ്റ് ക്രമീകരിക്കുമ്പോള്‍ ഫൈബര്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കാൻ സഹായിക്കും. അങ്ങനെ പ്രമേഹസാധ്യത കുറയ്ക്കാനും സാധിക്കും. ധാന്യങ്ങള്‍, പഴങ്ങള്‍, സീഡ്സ്, നട്ട്സ്, പച്ചക്കറികള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
ആറ്...
ചായയും കാപ്പിയും ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഗര്‍ഭകാല പ്രമേഹം ചെറുക്കുന്നതിന്‍റെ ഭാഗമായി സ്ത്രീകള്‍ പാക്കറ്റ് പാലുപയോഗിച്ച് തയ്യാറാക്കുന്ന ചായയും കാപ്പിയും പരിമിതപ്പെടുത്തുന്നതായിരിക്കും ഉചിതം. കഴിയുന്നതും പഞ്ചസാരയും മിതമായി തന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ ഒഴിവാക്കുകയും ആവാം.
Also Read:- ഗര്‍ഭിണി ആയിരിക്കെ തന്നെ വീണ്ടും ഗര്‍ഭം; ഇരട്ടകള്‍ക്ക് ജന്മം നല്‍കി യുവതി