2021ല്‍ മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാൻ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെക്കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്.
അടുത്തിടെയാണ് ബോളിവുഡ് താരം ദിയ മിർസ (Dia Mirza) അമ്മയായത്. മാതൃത്വം തന്നിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ദിയ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പുതുവർഷത്തോട് (new year) അനുബന്ധിച്ച് പങ്കുവച്ച കുറിപ്പിലും അമ്മയായ സന്തോഷമാണ് ദിയ പങ്കുവയ്ക്കുന്നത്.
2021ല്‍ മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാൻ എന്ന കുഞ്ഞുമകന്‍റെ അമ്മയായതിനെക്കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പമാണ് കുറിപ്പും താരം പങ്കുവച്ചത്.
'2021ന് നന്ദി, എന്നെ ഒരു അമ്മയാക്കിയതിന്. അവിശ്വസനീയമായ ആഹ്ലാദങ്ങളാൽ നിറഞ്ഞ വർഷമായിരുന്നു ഇത്. ഒപ്പം മരണത്തിനടുത്തെത്തി തിരികെ വന്ന അനുഭവം, പൂർണവളർച്ചയെത്തും മുമ്പുള്ള കുഞ്ഞിന്റെ ജനനം, പിന്നെ ചില പരീക്ഷണകാലവും. പക്ഷേ നിരവധി കാര്യങ്ങൾ പഠിച്ചു. അതില്‍ കഠിനമായ സമയങ്ങൾ ദീർഘകാലം ഉണ്ടാകില്ലെന്ന പാഠമാണ് ഏറ്റവും വലുത്. കൃതജ്ഞതയുളളവരാവുക. ഓരോ ദിനവും ആസ്വദിക്കുക'- ദിയ കുറിച്ചു.
മകന്‍ ജനിച്ച് നാലുമാസമായതോടെ ഷൂട്ടിങ് തിരക്കുകളിലേക്കും മറ്റും താൻ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു. 2021ല്‍ തന്നെയായിരുന്നു താരം വിവാഹിതയായത്. അവ്യയാന്‍ ആസാദ് രേഖി എന്നാണ് കുഞ്ഞിന്‍റെ പേര്.