ഭര്‍ത്താവ് മരിക്കുമ്പോള്‍ മൗഷ്മിക്ക് ഇരുപത്തിയഞ്ച് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധ്യാപികയായ മൗഷ്മി പിന്നീട് പോരാടിക്കൊണ്ടാണ് തന്നെ വളര്‍ത്തിയതെന്ന് ആരതി പറയുന്നു.
ജീവിതപങ്കാളി നഷ്ടമാകുന്ന വ്യക്തികള്‍ തീര്‍ച്ചയായും അതിന്‍റെ അടങ്ങാനാവാത്ത വേദന അനുഭവിക്കുന്നവര്‍ തന്നെയാണ്. എല്ലാം പങ്കിട്ട് മുന്നോട്ട് പോകുന്നതിനിടെ കൂടെ ഉണ്ടായിരുന്ന ആള്‍ ഇല്ലാതാകുകയെന്നാല്‍ അത് ഉള്‍ക്കൊള്ളുന്നതിനും അംഗീകരിക്കുന്നതിനുമെല്ലാം പലര്‍ക്കും സമയമെടുക്കാറുണ്ട്. എന്നാല്‍ വേദനയുടേത് മാത്രമായ ഈ ഘട്ടം കടന്നുകഴിഞ്ഞാല്‍ പങ്കാളിയുടെ അസാന്നിധ്യം പ്രായോഗികമായി പല രീതിയില്‍ വ്യക്തിയെ ബാധിക്കാം.
മിക്കപ്പോഴും സ്ത്രീകളാണ് ഇത്തരത്തില്‍ ഏറെയും ബാധിക്കപ്പെടാറ്. കാരണം,നമ്മുടെ നാട്ടില്‍ അധികവും പങ്കാളി നഷ്ടപ്പെടുമ്പോള്‍ പിന്നീട് വിവാഹത്തിലേക്ക് പോകുന്നത് പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിനുള്ള അവസരങ്ങളും സാധ്യതകളും ഇന്നും നമ്മുടെ രാജ്യത്ത് കുറവാണ്.
എന്ന് മാത്രമല്ല, സ്ത്രീകള്‍ ഇപ്പോഴും പലവിധത്തിലുള്ള സാമൂഹികപ്രശ്നങ്ങളും നേരിടുന്നു. അങ്ങനെ വരുമ്പോള്‍ ജീവിതത്തില്‍ അവര്‍ തനിച്ചാകുമ്പോള്‍ കുട്ടികളെ വളര്‍ത്താൻ അടക്കം പുരുഷന്മാരെക്കാള്‍ ഇരട്ടി പ്രയാസപ്പെടേണ്ടി വരുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ പങ്കാളി നഷ്ടപ്പെടുന്നവരെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കേണ്ടതിന്‍റെ ആവശ്യകത മിക്കപ്പോഴും പലരും എടുത്തുപറയാറുണ്ട്. സ്ത്രീയോ പുരുഷനോ ആകട്ടെ, ബാക്കിയുള്ള ജീവിതകാലം മുഴുവൻ ഒറ്റപ്പെട്ട് ജീവിക്കേണ്ടതില്ലല്ലോ. താല്‍പര്യമുള്ളവരാണെങ്കില്‍ അവര്‍ക്ക് പുനര്‍വിവാഹത്തിന് വേണ്ട സൗകര്യങ്ങളോ സഹായങ്ങളോ ഇവരുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് ചെയ്യാമല്ലോ.
ഇത്തരത്തില്‍ ഇന്ന്, മക്കള്‍ തന്നെ ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ അമ്മയ്ക്കോ അച്ഛനോ പങ്കാളികളെ തെരഞ്ഞ് കണ്ടെത്തി അവരെ ഒന്നിപ്പിക്കുന്ന കാഴ്ച പലയിടങ്ങളിലും കാണാറുണ്ട്. ഇപ്പോഴിതാ സമാനമായൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഷില്ലോംഗ് സ്വദേശിയായ ദേബ് ആരതി റിയ ചക്രവര്‍ത്തി എന്ന യുവതി, അമ്പതുകാരിയായ തന്‍റെ അമ്മയുടെ വിവാഹം നടത്തിക്കൊടുത്തിരിക്കുകയാണ്. ആരതിക്ക് രണ്ട് വയസ് മാത്രമുള്ളപ്പോഴാണ് ഡോക്ടറായ അച്ഛൻ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. പിന്നീടിങ്ങോട്ട് ആരതിയെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം അമ്മ മൗഷ്മി ചക്രവര്‍ത്തി തനിയെ ആണ്.
ഭര്‍ത്താവ് മരിക്കുമ്പോള്‍ മൗഷ്മിക്ക് ഇരുപത്തിയഞ്ച് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധ്യാപികയായ മൗഷ്മി പിന്നീട് പോരാടിക്കൊണ്ടാണ് തന്നെ വളര്‍ത്തിയതെന്ന് ആരതി പറയുന്നു.
'അച്ഛന്‍റെ മരണശേഷം അച്ഛന്‍റെ വീട്ടില്‍ സ്വത്ത് തര്‍ക്കമുണ്ടായി. ഇതോടെ അമ്മ അമ്മയുടെ നാട്ടിലേക്ക് തിരിച്ചു. ഞാൻ വളര്‍ന്നതെല്ലാം അവിടെയാണ്. അമ്മ ഒരുപാട് ബുദ്ധിമുട്ടിയാണ് എന്നെ പഠിപ്പിച്ചതും വളര്‍ത്തിയതുമെല്ലാം. ഞാൻ മുതിര്‍ന്ന്, വിവാഹിതയായി അമ്മയുടെ അടുത്ത് നിന്ന് പോയാല്‍ അമ്മയ്ക്ക് ആരാണുണ്ടാവുക എന്ന ചിന്ത ഏതോ പ്രായം മുതല്‍ തന്നെ എന്നെ അലട്ടിയിരുന്നു. അതുകൊണ്ട് തന്നെ അമ്മയെ കൊണ്ട് ഇനിയൊരു വിവാഹം കഴിപ്പിക്കണമെന്നും ഞാൻ നേരത്തേ തീരുമാനിച്ചിരുന്നു.പക്ഷേ ഇതിന് അമ്മയെ സമ്മതിപ്പിച്ചെടുക്കാൻ ഒരുപാട് സമയമെടുത്തു. ഇദ്ദേഹത്തിന്‍റെ കാര്യത്തില്‍ തന്നെ ഞാൻ ആദ്യം ആവശ്യപ്പെട്ടത് വെറുതെ ചാറ്റ് ചെയ്യാനും സംസാരിക്കാനുമാണ്. അവര്‍ നല്ല സുഹൃത്തുക്കളായി എന്ന് മനസിലാക്കിയപ്പോള്‍, അതേ സൗഹൃദം ജീവിതത്തിലേക്ക് കൂടി പകര്‍ന്നാലെന്താണ് എന്ന് ചോദിച്ചു...'- മുംബൈയില്‍ ഫ്രീലാൻസ് ടാലന്‍റ് മാനേജരായി പ്രവര്‍ത്തിക്കുന്ന ആരതി പറയുന്നു.
ബംഗാള്‍ സ്വദേശിയായ സ്വപാൻ ആണ് മൗഷ്മിയുടെ വരൻ. ഇരുവരും സമപ്രായക്കാരാണ്. എന്നാല്‍ സ്വപാനിന് ഇത് ആദ്യ വിവാഹമാണ്. ഇതും ഇവരുടെ ബന്ധത്തിന്‍റെ പ്രത്യേകത തന്നെ. ഇവരുടെ വിവാഹം മാസങ്ങള്‍ക്ക് മുമ്പ് നടന്നുവെങ്കിലും അമ്മയുടെയും മകളുടെയും കഥ ഇപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
Also Read:- വിവാഹത്തിനിടെ അനിയന്ത്രിതമായ കൂട്ടത്തല്ല്; വൈറലായി വീഡിയോ...