ആര്യാ രാജേന്ദ്രന്‍റെ കുഞ്ഞിനൊപ്പമുള്ള ചിത്രം ലൈക്കും ഷെയറും വാരിക്കൂട്ടിയെങ്കിലും ഇതിന്‍റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. സ്ത്രീ പുരുഷ സമത്വമടക്കം ചര്‍ച്ചയാവുമ്പോള്‍, മറ്റൊരു അമ്മ ചിത്രം പങ്കുവെച്ച് 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന് ചോദിക്കുകയാണ് ചിലര്‍.
കൈക്കുഞ്ഞുമായി ഓഫീസ് ജോലിയിലേര്‍പ്പെട്ട തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഫോട്ടോയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ചിത്രം ലൈക്കും ഷെയറും വാരിക്കൂട്ടിയെങ്കിലും ഇതിന്‍റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. സമാന അനുഭവങ്ങളും സ്ത്രീ പുരുഷ സമത്വവും അടക്കം പലതും ചര്‍ച്ചയാവുമ്പോള്‍, മറ്റൊരു അമ്മ ചിത്രം പങ്കുവെച്ച് 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന് ചോദിക്കുകയാണ് ചിലര്‍. പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെയും കുഞ്ഞിന്റേതുമാണ് ആ ചിത്രം.
കുറച്ച് നാളുകള്‍ക്ക് മുമ്പ് പൊതുവേദിയില്‍ മകനുമായി എത്തിയതിന്‍റെ പേരില്‍ ദിവ്യ എസ് അയ്യരും ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. താനും ആര്യയുമെല്ലാം സാധാരണഗതിയില്‍ എല്ലാവരും ചെയ്യുന്ന കാര്യമാണ് ചെയ്തതെന്നും അതിനൊരു പൊതുശ്രദ്ധ കിട്ടിയതുകൊണ്ട് അതിനെ അസാധാരണ വല്‍കരിക്കേണ്ടതില്ലെന്നും ദിവ്യ എസ് അയ്യര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
undefined
ചര്‍ച്ചകള്‍ നല്ലതാണ്
അന്നൊരു പൊതുപരിപാടിയില്‍ മകനെ ഒപ്പം കൂട്ടിയതിന് ഭിന്നാഭിപ്രായം ഉണ്ടായെങ്കിലും പിന്നീട് പല തലങ്ങളില്‍ നിന്നും പോസിറ്റീവായ ചര്‍ച്ചകളുണ്ടായി. കുഞ്ഞിനൊപ്പമുള്ള ആ ചിത്രം പല ആളുകളുടെയും തുറന്ന് പറച്ചിലിന് വഴിയൊരുക്കിയത് നല്ല വശമായിട്ടാണ് കാണുന്നതെന്ന് ദിവ്യ പറയുന്നു. ആരോഗ്യപരമായ ചര്‍ച്ചകള്‍ നല്ലൊരു മാറ്റത്തിന് വഴി തെളിക്കുമെങ്കില്‍ അത് നല്ലതല്ലേ എന്നാണ് കളക്ടര്‍ ചോദിക്കുന്നത്.
കുഞ്ഞിന്റെ ഉത്തരവാദിത്വം അമ്മയുടേത് മാത്രമല്ല
കുഞ്ഞിനെ വളര്‍ത്തുന്നത്ത് അമ്മയുടെ മാത്രം ചുമതലയല്ല. അത് അച്ഛന്റെയോ അമ്മയുടെയോ മാത്രമല്ല കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടിയുള്ള ബാധ്യതയാണ്. ഒരാളില്‍ മാത്രമായി ആ ചുമതല ഒതുക്കാനാവില്ല. കുഞ്ഞിനെ വളര്‍ത്തുന്നത് ഒരു ജോലിയോ ഭാരമോ അല്ല. അവരുടെ വളര്‍ച്ചയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുക മാത്രമാണ് ചെയ്യുന്നത്. അതൊരു കൂട്ടായ പ്രവര്‍ത്തനം തന്നെയാണ്. ഒരു കുടുംബാംഗം അതിന്റെ ഭാഗമായില്ലെങ്കില്‍ അവര്‍ക്കാണ് അതിന്റെ നഷ്ടമെന്നും ദിവ്യ കൂട്ടിച്ചേര്‍ക്കുന്നു.
Also Read: അന്നും വിമര്‍ശിക്കാന്‍ ആളുണ്ടായിരുന്നു, തൊഴിലിടത്തിലേക്ക് മക്കളെ കൂട്ടിയ അമ്മമാര്‍, കേട്ട പഴികള്‍!
പൊതുവിടം കുഞ്ഞുങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടത്
മാതൃത്വമായാലും കുട്ടിയെ വളര്‍ത്തുന്ന കാര്യമായാലും കുറച്ച് കൂടി വിശാലമായ കാഴ്ചപ്പാട് സമൂഹത്തിനുണ്ടാവണം. ബാല സൗഹൃദമായൊരു പൊതുവിടം ഇന്നും സങ്കല്‍പ്പം മാത്രമാണ്. രണ്ട് ഊഞ്ഞാലും ബലൂണും വെച്ചാല്‍ അത് ബാലസൗഹൃദമാവില്ല. നമ്മുടെ പൊതുവിടം കുഞ്ഞുങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് ഒരോ കുഞ്ഞ് കാര്യങ്ങളും ബാലസൗഹൃദമാവണം.
തൊഴിലിടം മാതൃ സൗഹൃദമായി മാറട്ടെ
സര്‍ക്കാര്‍ തലത്തില്‍ തൊഴിലുറപ്പ് പദ്ധതി മുതല്‍ സെക്രട്ടറിയേറ്റ് വരെ ആവശ്യമെങ്കില്‍ ഡേ കെയര്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാഹചര്യമുണ്ട്. അത്തരം സംവിധാനമുള്ള നിരവധി ഓഫീസുകളും കേരളത്തിലുണ്ട്. തൊഴിലിടത്തേക്ക് കുഞ്ഞിനെ ഒപ്പം ചേര്‍ക്കുക എന്ന് പറയുമ്പോള്‍ എപ്പോഴും അമ്മയുടെ മടിയില്‍ കുഞ്ഞ് ഇരിക്കുക എന്നതല്ല, കുഞ്ഞിന് മുലപ്പാല്‍ നല്‍കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനായി തടസ്സങ്ങളില്ല. അത്തരം കാര്യങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം. കൃത്യനിര്‍വഹണത്തിന് തടസമില്ലാതെ കുഞ്ഞിനെയും ചേര്‍ത്ത് പിടിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും കഴിയട്ടെ എന്ന് കൂടി ദിവ്യ എസ് അയ്യര്‍ പറഞ്ഞ് നിറുത്തുന്നു.
Also Read: ഇപ്പോഴും കുഞ്ഞിനെയും കൊണ്ടാണ് ഷൂട്ടിന് പോകുന്നത്, വൈറല്‍ ചിത്രത്തിലെ അമ്മ പറയുന്നു