ക്യാൻസര്‍ ബാധയില്‍ നിന്ന് ചികിത്സയിലൂടെ മുക്തയായ ഛവി മിത്തല്‍, ഇപ്പോള്‍ താൻ മറ്റൊരു അസുഖത്തിന്‍റെ പിടിയിലാണെന്ന് അറിയിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഛവി, ഇക്കാര്യം അറിയിച്ചത്.
സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഛവി മിത്തല്‍. നാല്‍പത്തിരണ്ടുകാരിയായ ഛവി, ഇക്കഴിഞ്ഞ വര്‍ഷം തനിക്ക് സ്തനാര്‍ബുദമാണെന്നത് പരസ്യമായി പങ്കുവച്ചിരുന്നു. ക്യാൻസര്‍ ബാധിതര്‍ക്ക് ധൈര്യവും ആശ്വാസവും പകരുന്നതിനായി തനിക്കുണ്ടായ ഒരുപാട് അനുഭവങ്ങള്‍ ഇവര്‍ പിന്നീട് പരസ്യമായി പങ്കുവയ്ക്കുകയായിരുന്നു.
ഏതായാലും ക്യാൻസര്‍ ബാധയില്‍ നിന്ന് ചികിത്സയിലൂടെ മുക്തയായ ഛവി മിത്തല്‍, ഇപ്പോള്‍ താൻ മറ്റൊരു അസുഖത്തിന്‍റെ പിടിയിലാണെന്ന് അറിയിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഛവി, ഇക്കാര്യം അറിയിച്ചത്.
ജിമ്മില്‍ വര്‍ക്കൗട്ടിന് ശേഷമെടുത്തൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം താൻ 'കോസ്റ്റോ കോണ്ട്രൈറ്റിസ്' എന്നൊരു രോഗത്തിന്‍റെ പിടിയിലാണെന്നത് അറിയിച്ചത്. നെഞ്ചിൻ കൂടിനുള്ളിലെ കാര്‍ട്ടില്ലേജ് എന്ന ഭാഗത്തെ ബാധിക്കുന്ന അസുഖമാണിത്.
പല കാരണങ്ങള്‍ കൊണ്ടും ഈ അസുഖം പിടിപെടാം. നെഞ്ചില്‍ ഏതെങ്കിലും വിധത്തില്‍ ഏറ്റ ഒരു പരുക്ക്, അല്ലെങ്കില്‍ ഉളുക്കോ വലിവോ കാരണമാകാം. എന്തായാലും ഛവിയുടെ കേസില്‍ ക്യാൻസര്‍ ചികിത്സയുടെ ഭാഗമായി എടുത്ത റേഡിയേഷൻ, ക്യാൻസറിന് ശേഷം ഇവരെ ബാധിച്ച 'ഓസ്റ്റിയോപീനിയ' എന്ന പ്രശ്നത്തിനെടുത്ത ഇൻജെക്ഷൻ, തുടര്‍ച്ചയായ ചുമ എന്നിങ്ങനെയുള്ള കാരണങ്ങളാണ് 'കോസ്റ്റോ കോണ്ട്രൈറ്റിസി'ലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
നെഞ്ചില്‍ നല്ലതുപോലെ വേദന അനുഭവപ്പെടും എന്നതാണ് 'കോസ്റ്റോ കോണ്ട്രൈറ്റിസ്'രോഗത്തിന്‍റെ പ്രശ്നം. നിത്യജീവിതത്തില്‍ ഒരുപാട് കാര്യങ്ങളെ ഇത് ബാധിക്കാം. ശ്വാസമെടുക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ എന്തിനധികം ഉറക്കെ സംസാരിക്കുമ്പോള്‍ പോലും പ്രയാസം ഇരട്ടിയാകാം. ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുന്ന അവസ്ഥ തന്നെയാണിത്. എന്നാല്‍ ഓരോരുത്തരിലും ചികിത്സാകാലാവധി ചിലപ്പോള്‍ വ്യത്യാസപ്പെട്ട് വരാം.
തനിക്ക് ശ്വാസമെടുക്കുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല കൈകളുപയോഗിച്ച് എന്തെങ്കിലും ചെയ്യുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ചിരിക്കുമ്പോഴും എല്ലാം വേദനയുണ്ടെന്നാണ് ഛവി പറയുന്നത്. എങ്കിലും താൻ വര്‍ക്കൗട്ട് തുടരുകയാണ്, കാരണം വര്‍ക്കൗട്ട് തന്നെ സന്തോഷിപ്പിക്കുന്നു. എപ്പോഴും പോസിറ്റീവായിരിക്കാൻ കഴിയില്ലെങ്കിലുംതാൻ നെഗറ്റീവ് ആകുന്നത് കുറവാണ്. നിങ്ങളില്‍ പലരും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്തെങ്കിലും പ്രശ്നങ്ങളിലൂടെ പോകുന്നവര്‍ തന്നെയായിരിക്കും. പക്ഷേ നിങ്ങള്‍ തനിച്ചല്ല, ഈ സമയം കടന്നുപോവുകയും ചെയ്യും- എന്നാണ് ഛവി കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് ഇവര്‍ക്ക് സൗഖ്യമാശംസിച്ചുകൊണ്ട് കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്. സംവിധായകനായ മോഹിത് ഹുസൈൻ ആണ് ഛവിയുടെ ഭര്‍ത്താവ്. ഒരു മകനും മകളുമാണ് ഇവര്‍ക്കുള്ളത്.
Also Read:- പച്ചയ്ക്ക് സസ്യാഹാരം മാത്രം കഴിച്ച് ഡയറ്റ്; ഫുഡ‍് ഇൻഫ്ളുവൻസര്‍ക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-