ഇന്ന് മുന്‍കാലങ്ങളെ അപേക്ഷിച്ച് മൈലാഞ്ചി ചെടികള്‍ നട്ടുവളര്‍ത്തുന്ന വീടുകള്‍ കുറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇത് കിട്ടാന്‍ സാധ്യതയില്ലാതായിരിക്കുന്നു. അതുകൊണ്ട് തന്നെ കടകളില്‍ മെഹന്ദി കോണുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്
ഈദ് എന്നാല്‍ ആദ്യം ഓര്‍മ്മവരുന്ന ( Eid ul Fitr )ചില ഘടകങ്ങളില്‍ ഒന്നാണ് മെഹന്ദിയും ( Mehndi Cone ). മുമ്പ് വീടുകളില്‍ തന്നെ നട്ടുനനച്ച് വളര്‍ത്തുന്ന മൈലാഞ്ചിച്ചെടികളില്‍ നിന്ന് ഇലകള്‍ ഇറുത്തെടുത്ത് അരച്ചാണ് കൈകളില്‍ അണിഞ്ഞിരുന്നത്. ഇവ നല്‍കുന്ന തണുപ്പും സുഗന്ധവും നിറവും വേറെ തന്നെയാണ്.
എന്നാല്‍ ഇന്ന് മുന്‍കാലങ്ങളെ അപേക്ഷിച്ച് മൈലാഞ്ചി ചെടികള്‍ നട്ടുവളര്‍ത്തുന്ന വീടുകള്‍ കുറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇത് കിട്ടാന്‍ സാധ്യതയില്ലാതായിരിക്കുന്നു. അതുകൊണ്ട് തന്നെ കടകളില്‍ മെഹന്ദി കോണുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ കടകളില്‍ നിന്ന് മെഹന്ദി കോണുകള്‍ വാങ്ങിക്കുമ്പോള്‍ അവയുടെ എക്‌സ്‌പെയറി തീയ്യതി നോക്കുവാന്‍ തീര്‍ച്ചയായും ഓര്‍മ്മിക്കണേ. പല കടകളിലും ഒരു വര്‍ഷം വരെ പഴക്കമുള്ള മെഹന്ദി കോണുകള്‍ വില്‍പനയ്ക്ക് വച്ചിട്ടുള്ളതായി പലരും പരാതിപ്പെടുന്നുണ്ട്. ഈ ആഘോഷവേളയില്‍ ആരും ഇക്കാര്യം ഒരു ഗുരുതരമായ ചര്‍ച്ചയാക്കുന്നില്ലെന്ന് മാത്രം.
കാലാവധി തീര്‍ന്ന മെഹന്ദി കോണുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാം. ചൊറിച്ചില്‍ പോലുള്ള നിസാരമായ ബുദ്ധിമുട്ടുകള്‍ തുടങ്ങി പൊള്ളല്‍ വരെയുള്ള കാര്യമായ പ്രശ്‌നങ്ങളിലേക്ക് വരെ ഇത് എത്തിക്കാം.
മുമ്പ് ആന്ധ്രാ പ്രദേശില്‍ കാലാവധി കഴിഞ്ഞ മെഹന്ദി കോണുകള്‍ ഉപയോഗിച്ച ഇരുന്നൂറോളം സ്ത്രീകള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതുപോലെ തന്നെ തമിഴ്‌നാട്ടിലെ വെല്ലൂരിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
ഈ സംഭവങ്ങളെല്ലാം വലിയ രീതിയില്‍ വാര്‍ത്താപ്രാധാന്യം നേടിയത് കൊണ്ടുതന്നെ പൊലീസ് കേസും നടപടിയും വന്നിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ പലപ്പോഴായി രാജ്യത്തിന്റെ പലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
2018ല്‍ കാനഡയില്‍ ഇത്തരത്തില്‍ മെഹന്ദി കോണുകളില്‍ നിന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യന്‍ നിര്‍മ്മിത മെഹന്ദി കോണുകള്‍ വിപണിയില്‍ നിന്ന് തിരിച്ചെടുത്തിരുന്നു.
ഓരോ കമ്പനിയും ഓരോ രീതിയിലാണ് മെഹന്ദി തയ്യാറാക്കുന്നത്. നിറം വര്‍ധിക്കാനും കേടാകാതിരിക്കാനും വേണ്ടി ഇവയില്‍ പല തരം കെമിക്കലുകള്‍ ചേര്‍ക്കുന്നുണ്ട്. ഈ കെമിക്കലുകളുടെ അളവോ തീവ്രതയോ കാലാവധി കഴിയുന്നതോടെ മാറിവരാം. ഇവ ചര്‍മ്മത്തിന് ഗുരുതരമായ പ്രശ്‌നങ്ങളും സൃഷ്ടിക്കാം.
അതുകൊണ്ട് തന്നെ ഈദിന് വേണ്ടി മെഹന്ദി കോണുകള്‍ വാങ്ങുമ്പോള്‍ കാലാവധി കഴിഞ്ഞതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണേ. മറ്റാരെങ്കിലും വാങ്ങിനല്‍കിയ മെഹന്ദി കോണ്‍ ആണെങ്കില്‍ ഉപയോഗിക്കും മുമ്പ് തന്നെ പാക്കറ്റിന് പുറത്തെ തീയ്യതി നോക്കുക. പരമാവധി ആറ് മാസം വരെയാണ് മെഹന്ദി കോണുകള്‍ ഉപയോഗിക്കാന്‍ കഴിയുക. പരമാവധി 'ഫ്രഷ്' ആയ കോണുകള്‍ തന്നെ ഉപയോഗിക്കുക. കഴിയുമെങ്കില്‍ മൈലാഞ്ചി ഇലകള്‍ തന്നെ അരച്ച് അണിയാം. എന്തായാലും ഈദ് ആരോഗ്യപ്രശ്‌നങ്ങളൊന്നും കൂടാതെ ആഹ്ലാദപൂര്‍വ്വം ആഘോഷിക്കുക.
Also Read:- തലമുടി തഴച്ചു വളരാന്‍ നാല് ജ്യൂസുകള്‍; വീട്ടിൽ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...