സ്ത്രീകളില്‍ കാണപ്പെടുന്നൊരു ക്യാൻസര്‍ വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്ത്രീകളുടെ സ്വകാര്യഭാഗത്ത്, ലൈംഗികാവയവങ്ങളുടെ കൂട്ടത്തില്‍ വരുന്ന ഭാഗമാണ് ഉപസ്ഥം അഥവാ ഭഗം എന്ന് പറയുന്നത്. ഇവിടെ പിടിപെടുന്ന ക്യാൻസറിന്‍റെ ചില ലക്ഷണങ്ങള്‍ മൂത്രാശയ രോഗങ്ങളുടെയോ മറ്റ് അണുബാധകളുടെയോ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്
ആരോഗ്യകാര്യങ്ങളില്‍ പലപ്പോഴും നാം പുലര്‍ത്തുന്ന അശ്രദ്ധ പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കുന്നതാണ്. പല രോഗങ്ങളും സമയത്തിന് നിര്‍ണയിക്കപ്പെടാതെ പോകുന്നതാണ് ഇത്തരത്തില്‍ ഭാവിയില്‍ കാര്യമായ പ്രശ്നമായി അധികവും ഉയര്‍ന്നുവരിക. സമയബന്ധിതമായി രോഗനിര്‍ണയം നടത്താൻ സാധിച്ചില്ലെങ്കില്‍ അതിനുള്ള ചികിത്സയും വൈകുന്നു. ഒപ്പം ഭേദമാകാനുള്ള സാധ്യതകളും കുറയുന്നു.
ഇത്തരത്തില്‍ സ്ത്രീകളില്‍ കാണപ്പെടുന്നൊരു ക്യാൻസര്‍ വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്ത്രീകളുടെ സ്വകാര്യഭാഗത്ത്, ലൈംഗികാവയവങ്ങളുടെ കൂട്ടത്തില്‍ വരുന്ന ഭാഗമാണ് ഉപസ്ഥം അഥവാ ഭഗം എന്ന് പറയുന്നത്. ഇവിടെ പിടിപെടുന്ന ക്യാൻസറിന്‍റെ ചില ലക്ഷണങ്ങള്‍ മൂത്രാശയ രോഗങ്ങളുടെയോ മറ്റ് അണുബാധകളുടെയോ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
ഇങ്ങനെ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കുന്നത് മൂലം രോഗനിര്‍ണയം വൈകുകയും ചികിത്സ വൈകുകയും ക്യാൻസര്‍ കോശങ്ങള്‍ പടര്‍ന്ന് അത് അനിയന്ത്രിതമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം.
ഒന്നാമതായി ഭഗത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചിലും നീറ്റലുമാണ് തെറ്റിദ്ധരിക്കപ്പെടുന്നൊരു ലക്ഷണം. മിക്കവരും ഇത്തരം പ്രശ്നങ്ങള്‍ ആരോടും തുറന്നുപറയുകയോ ചികിത്സ തേടുകയോ ചെയ്യാറില്ല. എന്തെങ്കിലും വിധത്തിലുള്ള അണുബാധയോ മൂത്രാശയ അണുബാധയോ ആകാമിത് എന്ന നിഗമനത്തിലേക്ക് അധികപേരും സ്വയമെത്തുകയും സാധാരണഗതിയില്‍ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ക്രീമുകളോ മരുന്നോ പുരട്ടുകയും ചെയ്യാം.
ഭഗത്തില്‍ ചെറിയ കുരു പോലെയോ മുഴ പോലെയോ വരുന്നതും ഭഗത്തിലെ ക്യാൻസര്‍ ലക്ഷണമാകാം. ഭഗത്തില്‍ മാത്രമല്ല ഇതിന്‍റെ പരിസരങ്ങളില്‍ ഏത് ഭാഗത്ത് ഇത്തരത്തില്‍ കുരുവോ മുഴയോ വന്നാലും അത് ശ്രദ്ധിക്കണം.
ഭഗത്തിന്‍റെ ഭാഗങ്ങളില്‍ കാക്കപ്പുള്ളികളോ മറുകുകളോ പുതുതായി ഉണ്ടാകുന്നതോ, ഉള്ളതില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതോ പ്രത്യേകം ശ്രദ്ധിക്കണം. ഇതും ക്യാന്‍സര്‍ ലക്ഷണമായി വരാറുണ്ട്. അരികുകള് കൃത്യമാകാത്ത കാക്കപ്പുള്ളികള്‍/മരുകുകള്‍,ഇവയുടെ വലുപ്പം മാറിമാറി വരല്‍, നിറവ്യത്യാസം എന്നിവയാണ് ശ്രദ്ധിക്കേണ്ടത്.
ഭഗത്തിലോ അതിന്‍റെ തൊട്ടുള്ളയിടങ്ങളിലോ ചര്‍മ്മത്തില്‍ നിറവ്യത്യാസം വരുന്നതും പ്രത്യേകം ശ്രദ്ധിക്കുക. ഇതും ക്യാൻസര്‍ ലക്ഷണമായി വരാം. സാധാരണ ചര്‍മ്മത്തിന്‍റെ നിറത്തില്‍ നിന്ന് കൂടിയ ഇളം നിറമോ, കടും നിറമോ എല്ലാം ഇങ്ങനെ വരാം.
എന്തായാലും സ്വകാര്യഭാഗങ്ങളിലാണെങ്കിലും സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഡോക്ടറെ കാണിക്കുന്നത് തന്നെയാണ് ഉചിതം. ആവശ്യമെങ്കില്‍ വേണ്ട പരിശോധനകളും നടത്താം. രോഗമില്ലെങ്കില്‍ ആശങ്കയില്ലാതെ തുടരുകയും രോഗമുണ്ടെങ്കില്‍ നേരത്തെ തന്നെ ചികിത്സയെടുത്ത് അതില്‍ നിന്ന് മുക്തി നേടുകയും ചെയ്യാമല്ലോ...
Also Read:- ക്യാൻസര്‍ സാധ്യത കൂടുതലും പുരുഷന്മാരിലോ? അറിയാം ഇതിന്‍റെ സത്യാവസ്ഥ