'തന്നോട് തന്നെ ക്ഷമിക്കാനാവുന്നില്ല'; ഭര്‍ത്താവിന്‍റെ മരണത്തേക്കുറിച്ച് കൊവിഡ് സെല്‍ ചുമതലയുള്ള ദില്ലി എസിപി

By Web Team  |  First Published Jun 17, 2020, 9:09 AM IST

ലോക്ക്ഡൌണ്‍ തുടങ്ങിയ ശേഷം ഒരിക്കല് പോലും ഭര്‍ത്താവ് പുറത്തിറങ്ങിയിട്ടില്ലെന്നും തനിക്ക് ഡ്യൂട്ടിയുണ്ടായത് കാരണം പുറത്ത് പോവേണ്ടി വന്നിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തില്‍ ഒരിക്കലും തന്നോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് സുരേന്ദര്‍ ജീത് കൌര്‍ 


ദില്ലി: കൊവിഡ് 19 ഡ്യൂട്ടിയിലായിരുന്ന ദില്ലി എസിപിയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് സൌത്ത് ഈസ്റ്റ് ദില്ലിയിലെ എസിപിയും കൊവിഡ് സെല്ലിന്‍റെ ചുമതലയുമുള്ള സുരേന്ദര്‍ ജീത് കൌര്‍. സുരേന്ദര്‍ ജീത് കൌറിന്‍റെ ഭര്‍ത്താവ് ചരണ്‍ ജീത് സിംഗ് ദില്ലിയിലെ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് മരിച്ചത്. ലാജ്പത് നഗര്‍ സ്വദേശിയായ ചരണ്‍ ജീത് സിംഗ്  ബിസിനസുകാരനായിരുന്നു. 

ലോക്ക്ഡൌണ്‍ തുടങ്ങിയ ശേഷം ഒരിക്കല് പോലും ഭര്‍ത്താവ് പുറത്തിറങ്ങിയിട്ടില്ലെന്നും തനിക്ക് ഡ്യൂട്ടിയുണ്ടായത് കാരണം പുറത്ത് പോവേണ്ടി വന്നിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തില്‍ ഒരിക്കലും തന്നോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് സുരേന്ദര്‍ ജീത് കൌര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. മെയ് 20നാണ് കൌറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിനും ഭര്‍തൃപിതാവിനും  കൊവിഡ് 19 സ്ഥിരീകരിച്ചത്.

Latest Videos

കൌറിനേയും ഭര്‍ത്താവിനേയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെയ് 26നാണ് വൈറസ് ബാധ ഭേദമായി സുരേന്ദര്‍ ജീത് കൌര്‍ ആശുപത്രി വിട്ടു. എന്നാല്‍ ഗുരുതരാവസ്ഥയിലായ ചരണ്‍ ജീത് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. മെയ് 22നാണ് ഭര്‍ത്താവുമായി ഒടുവില്‍ സംസാരിച്ചത്.വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ നിരവധി തവണയാണ് അദ്ദേഹത്തിന് ശ്വാസ തടസമുണ്ടായതെന്ന് കൌര്‍ പറയുന്നു. ഇതിന് പിന്നാലെ രണ്‍ജീതിനെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

വീട്ടിലേക്ക് തിരികെ എത്താനാവില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നുവെന്ന് തോന്നുന്നു. അതിനാലാവണം സാമ്പത്തിക കാര്യങ്ങള്‍ വിശദമാക്കി അദ്ദേഹം മെസേജുകള്‍ അയച്ചതെന്നും സുരേന്ദര്‍ ജീത് കൌര്‍  ദി ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞത്. 2023ല്‍ വിരമിച്ച ശേഷം മകന്‍റെയൊപ്പം കാനഡയില്‍ റിട്ടയര്‍മെന്‍റ് ജീവിതത്തെക്കുറിച്ചുള്ള പദ്ധതികളിലായിരുന്നു ഇവരെന്ന് സുരേന്ദര്‍ ജീത് കൌര്‍  പറയുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നതാണ് പ്ലാസ്മ തെറാപ്പിക്ക് പോലും രണ്‍ജീതിനെ രക്ഷിക്കാന്‍ സാധിക്കാതെ പോയതിന് കാരണമെന്നാണ് രണ്‍ജീതിന്‍റെ സഹോദരന്‍റെ പ്രതികരണം. ചൊവ്വാഴ്ചയായിരുന്നു രണ്‍ജീതിന്‍റെ സംസ്കാരം. 

click me!