അടുത്തിടെയാണ് നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങിയത് എന്നും ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ബിപാഷ പറഞ്ഞു.
അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് നടി ബിപാഷ ബസു ഒരു അഭിമുഖത്തിനിടെ തന്‍റെ ഗർഭകാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദ്യത്തെ കുറച്ചു മാസങ്ങൾ വലിയ ബുദ്ധിമുട്ടായിരുന്നു എന്നും എല്ലാ ദിവസവും ക്ഷീണം അനുഭവപ്പെട്ടിരുന്നതായും ദിവസം മുഴുവനും കിടക്കയില്‍ ആയിരുന്നു എന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെയാണ് നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങിയത് എന്നും ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ബിപാഷ പറഞ്ഞു. 'എന്‍റെ ഭക്ഷണ രീതിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. എല്ലായിപ്പോഴും ഞാൻ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഭക്ഷണം കഴിക്കാൻ പ്രയാസമായിരുന്നു. മധുരപലഹാരങ്ങൾ കുറച്ചു. പച്ചക്കറിയും പഴവർഗങ്ങളും നന്നായി കഴിച്ചു. നന്നായി വെള്ളം കുടിച്ചു. എന്നാൽ വ്യായാമം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് ജോലി നിർത്തേണ്ടി വന്നു. എപ്പോഴും ക്ഷീണമായിരുന്നു. അത് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ആളുകൾ പറയുന്നത് രാവിലെയുണ്ടാവുന്ന ക്ഷീണത്തെക്കുറിച്ചാണ്. എനിക്ക് ദിവസം മുഴുവനും ക്ഷീണമായിരുന്നു. ഒന്നുകിൽ ബെഡിലോ അല്ലെങ്കിൽ ബാത്ത് റൂമിലോ ആയിരിക്കും '- ബിപാഷ പറഞ്ഞു.
'മധുരം വേണ്ടാതായത് ഒഴിച്ചാൽ ഗർഭിണിയായത് എന്‍റെ ഡയറ്റിൽ വലിയ മാറ്റം വരുത്തിയിട്ടില്ല. ബാലൻസ് ആയ ഭക്ഷണം ആയിരുന്നു ഞാനെപ്പോഴും കഴിച്ചിരുന്നത്. കാർബ്സ്, ഫാറ്റ്, പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ എല്ലാം ഉണ്ടാവും. ശരീരത്തിലെ ജലാശം നിലനിർത്തി. വലിയ മാറ്റങ്ങൾ എനിക്ക് ഉണ്ടായില്ലെങ്കിലും വ്യായാമം നിര്‍ത്തേണ്ടി വന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു'- ബിപാഷ കൂട്ടിച്ചേര്‍ത്തു.
കുറച്ച് മാസങ്ങൾക്കു മുമ്പാണ് ബിപാഷ ബസുവും ഭർത്താവ് കരൺസിങ് ഗ്രോവറും കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വാർത്ത ആരാധകരെ അറിയിച്ചത്. 'പുതിയ സമയം, ജീവിതത്തിലെ പുതിയ ഘട്ടം. ഞങ്ങൾ രണ്ടുപേരും വളരെ സ്നേഹത്തോടെയാണ് കഴിയുന്നതിനിടെയാണ് സ്നേഹം പങ്കുവയ്ക്കാൻ ഒരാൾ കൂടി വേണമെന്ന തോന്നലുണ്ടായത്. അങ്ങനെ ഞങ്ങൾ രണ്ട് എന്നതു മൂന്നായി'-എന്ന കുറിപ്പോടെയായിരുന്നു ഗർഭിണിയാണെന്ന വാർത്ത താരം പങ്കുവച്ചത്. നിറവയറോടെയുള്ള താരത്തിന്‍റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ബേബി ഷവറിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2016- ലാണ് നടനായ കരണ്‍ സിംഗ് ഗ്രോവറുമായി ബിപാഷയുടെ വിവാഹം നടന്നത്. 2015-ൽ എലോൺ എന്ന സിനിമയിൽ കരൺ സിംഗും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് ബിപാഷയും കരണും പ്രണയത്തിലായത്.
Also Read: മുഖക്കുരു അകറ്റാന്‍ വീട്ടിലുള്ള രണ്ട് വസ്തുക്കള്‍ മതി; വീഡിയോ പങ്കുവച്ച് ശില്‍പ ബാല