ലോക വനിത ദിനത്തിൽ പെണ്ണിനെ കാമക്കണ്ണുകളോടെ മാത്രം കാണുന്ന ആണധികാരങ്ങളെ ചിത്രങ്ങളിലൂടെ വരച്ചിടുകയാണ് അരുൺ രാജ് ആർ നായർ എന്ന ഫൊട്ടോഗ്രാഫർ.
ഫാഷൻ ഫോട്ടോഗ്രാഫി, പ്രോഡക്ട് ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങളെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി. അധികം ആളുകളൊന്നും പരീക്ഷിക്കാത്ത കൺസപ്റ്റ് ഫോട്ടോഗ്രഫിയെ അനായാസമാണ് അരുൺ കെെകാര്യം ചെയ്യുന്നത്. പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയങ്ങളാണ് അരുൺ തന്റെ ചിത്രങ്ങളിലൂടെ തുറന്ന് പറയുന്നത്.
ലോക വനിത ദിനത്തിൽ പെണ്ണിനെ കാമക്കണ്ണുകളോടെ മാത്രം കാണുന്ന ആണധികാരങ്ങളെ ചിത്രങ്ങളിലൂടെ വരച്ചിടുകയാണ് അരുൺ രാജ് ആർ നായർ എന്ന ഫൊട്ടോഗ്രാഫർ. ഇപ്പോഴിതാ, അരുൺ രാജ് പങ്കുവച്ച മറ്റൊരു വ്യത്യസ്ത കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ തളരാതെ പ്രതിസന്ധികൾ തരണം ചെയ്യുകയും ഒടുവിൽ അഭിഭാഷകയായി എത്തുന്ന ഒരു യുവതിയുടെ കഥയാണ് അരുൺ തുറന്ന് പറഞ്ഞിരിക്കുന്നത്. രേവതി, രമേഷ്, അഭി, കിരൺ, പൂജ, ജിത്തു എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
ഏറെ വിശ്വസതയോടെയാണ് അവൾ അവനൊപ്പം ജീവിതം തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ, ജീവിതം തുടങ്ങിയ അന്ന് മുതൽ ഭർത്താവിന്റെ സംരക്ഷണം കിട്ടാതെ വരികയും കാമക്കണ്ണുകളോടെ മാത്രം കാണുന്ന ചില ആണുങ്ങളെ ചുറ്റുമായിരുന്നു അവൾ. ജീവിക്കണമെന്ന് മനസിലാക്കിയതോടെ ഭർത്താവിനെയും ചില ആണുങ്ങളിൽ നിന്നും രക്ഷപ്പെടുന്നതോടെ അവളുടെ ജീവിതത്തിൽ സന്തോഷം തേടി എത്തുന്നു. ഒടുവിൽ അഭിഭാഷകയായി അവൾ ജീവിക്കുന്നു.
അരുൺ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
അവൾ... അവളെ ജ്വലിപ്പിച്ചതും നീ ആയിരുന്നു. എന്നിട്ടും സ്നേഹത്തിന്റെ, സഹനത്തിന്റെ, ആത്മനിയന്ത്രണങ്ങളുടെ കെട്ടുപാടുകൾ കഴുത്തിലേറി അവൾ നിന്നെ നോക്കി ചിരിച്ചിരുന്നു. ഒരായിരം കൈകൾ കാമദാഹവുമായി അവൾക്കു നേരെ നീണ്ടപ്പോളും ഉള്ളിൽ എരിയുന്ന കോപാഗ്നിയെ അവൾ നിയന്ത്രിച്ചതും, നീ എന്നോ പൊന്നിൽ കുടുക്കിയ നൂൽ അതിൽ ഉരുകിപ്പോകാതിരിക്കാനായിരുന്നു. എന്നിട്ടും നീ അവളെ ജ്വലിപ്പിച്ചു. ഉള്ളിലെരിയുന്ന അഗ്നിക്കു മുകളിൽ മറ്റൊരു അഗ്നിപരീക്ഷയേകി എരിയുന്ന ഹോമകുണ്ഡങ്ങൾക്കു മുകളിൽ അവളെയെത്തിച്ചു. പുറത്തെ അഗ്‌നിതാപത്തെക്കാൾ അവളുടെ കണ്ണുകളെ ഉരുകിയൊലിപ്പിച്ചതും ത്രേതായുഗം മുതൽ ഉത്തമപുരുഷനായ നിന്റെ മുഖത്തെ നിസ്സംഗതയായിരുന്നു. ഒരുപക്ഷെ നിനക്ക് തെറ്റിയതും അവിടം മുതലായിരിന്നു. ഭൂമിപിളർന്നു സ്വയം മറയാൻ ഇവൾ ജനകപുത്രിയല്ലന്നറിയുക. ആയിരം സമുദ്രങ്ങളാലും തണുക്കാത്ത സൂര്യാഗ്നിയെന്നറിയുക. നിന്റെ തലമുറകളെ കാക്കും ജീവാഗ്നിയെന്നറിയുക. എന്നിട്ടും നിന്റെ ചെയ്തിയുടെ കൈപ്പത്തികൾ അവളുടെ വർഗ്ഗത്തിനു നേരെയും നീണ്ടു. കൊലച്ചിരികളായും അട്ടഹാസങ്ങളായും സ്ത്രീത്വത്തിന്റെ വില പറഞ്ഞു. അതുകൊണ്ടു തന്നെയാണ് അവൾ നീതി നിഷേധിക്കപ്പെട്ട മറ്റൊരുവൾക്കു നേരെ കൈകൾ നീട്ടിയതും, നിയമം കൈവെള്ളയിലിട്ടു അമ്മാനമാടുന്ന കറുത്ത കോട്ടിട്ട കടവാവലുകൾ അവളുടെ സിംഹഗർജനം ഭയന്ന് വിരണ്ടു തിരിഞ്ഞോടിയതും...