അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം ശരിയോ? മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്...

By Web Team  |  First Published Jan 21, 2023, 8:40 AM IST

വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളിയും പ്രതികരിച്ചിരുന്നു. അതേസമയം സംഭവത്തിൽ വിദ്യാർത്ഥിയെ കോളേജ് സസ്‍പെൻഡും ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്.


എറണാകുളം ലോ കോളേജിൽ വെച്ച് നടി അപര്‍ണ ബാലമുരളിയോട്  വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയ സംഭവം വലിയ രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ പങ്കെടുത്ത പ്രമോഷൻ പരിപാടിക്കിടെ അപർണയ്ക്കു പൂവ് നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി അവരുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും സെല്‍ഫിയെടുക്കാനായി തോളിൽ കൈയിടുകയുമായിരുന്നു. നടി  അസ്വസ്ഥയാകുകയും അപ്പോള്‍ തന്നെ ‘എന്താടോ, ലോ കോളജ് അല്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമർശനമാണ് കോളേജ് യൂണിയനെതിരെ ഉയർന്നത്.

വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളിയും പ്രതികരിച്ചിരുന്നു. അതേസമയം സംഭവത്തിൽ വിദ്യാർത്ഥിയെ കോളേജ് സസ്‍പെൻഡും ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥിയുടെ ഈ പെരുമാറ്റം ശരിയാണോ എന്നത് മറ്റ് കോളേജ് വിദ്യാര്‍ത്ഥികളോട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ചോദിച്ചു. തെറ്റാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 

Latest Videos

ഒരു വേദിയില്‍ എങ്ങനെ പെരുമാറണം എന്നത് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ അവര്‍ തീര്‍ച്ചയായും പഠിക്കേണ്ട കാര്യമാണെന്നാണ് തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനിയായ സുജിന പറയുന്നത്. ഒരു നടി എന്നതിലുപരി ഒരു സ്ത്രീയായ അവര്‍ക്ക് 'കംഫര്‍ട്ടബള്‍' അല്ലാത്ത രീതിയില്‍ ഒരാള്‍ ദേഹത്തു കൈവച്ചപ്പോള്‍ അവര്‍ അവിടെ നിന്നും മാറിയും ആ പ്രതികരണവും ശരിയായ രീതിയാണെന്നും സുജിന അഭിപ്രായപ്പെട്ടു. അതേസമയം ഒരു ഫാന്‍ എന്ന രീതിയാണ് അയാള്‍ അങ്ങനെ പെരുമാറിയത് എന്നാണ് അതേ കോളേജിലെ ബി.എസ്സി വിദ്യാര്‍ത്ഥിയായ ആകാശ് പറയുന്നത്. അപര്‍ണ അങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നു എന്നാണ് ആകാശിന്‍റെ അഭിപ്രായം. 

അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം തെറ്റായ കാര്യമാണെന്നും  ഒരാളുടെ വ്യക്തി സ്വാതന്ത്യ്രത്തിലുള്ള കടന്നുകയറ്റമാണെന്നും തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണവേണി പ്രതികരിച്ചു. അപ്പോഴും വിദ്യാർത്ഥിയെ സസ്‍പെൻഡ് ചെയ്ത നടിപടി ശരിയാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നാണ് കൃഷ്ണവേണി പറയുന്നത്. 

സെലിബ്രിറ്റിയാണെങ്കിലും അവരുടെ പ്രൈവസിയെ നാം ബഹുമാനിക്കണം എന്നും സെലിബ്രിറ്റിയുടെ എന്നല്ല ആരുടെയും സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്നും  തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ത്ഥിനിയായ ഷെഫ്ന പറഞ്ഞു. സമ്മതം ചോദിക്കാതെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെങ്കിലും വിദ്യാര്‍ത്ഥി മാപ്പ് പറഞ്ഞതു കൊണ്ട് സസ്‍പെൻഡ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് അതേ കോളേജിലെ വിദ്യാര്‍ത്ഥിയായ അല്‍ സഫര്‍ ചോദിക്കുന്നത്. 

'എന്‍റെ ശരീരം എന്നത് എന്‍റെ മാത്രമുള്ളതാണ്. സെലിബ്രിറ്റിയാണെങ്കിലും ആരായാലും, സ്ത്രീയായാലും പുരുഷനായാലും, എന്‍റെ ശരീരത്തില്‍ ആര് സ്പര്‍ശിക്കണം എന്നുള്ളത് എന്‍റെ മാത്രം തീരുമാനമാണ്. എന്‍റെ സമ്മതം ഇല്ലാതെ എന്‍റെ ദേഹത്തു കൈവയ്ക്കാന്‍ ആര്‍ക്കും അവകാശമില്ല. അതില്‍ മാപ്പ് പറഞ്ഞാലും അതും അംഗീകരിക്കണോ എന്നതും ഞാനാണ് തീരുമാനിക്കേണ്ടത്'- തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അഥീന വ്യക്തമാക്കി. 

വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം മോശമായിരുന്നു എന്നും അതില്‍ അപര്‍ണ അസ്വസ്ഥയായിരുന്നു എന്നും അതുകൊണ്ടാണ് അത്തരത്തില്‍ പെരുമാറിയത് എന്നും വുമണ്‍സ് കോളേജിലെ ബിഎ വിദ്യാര്‍ഥിയായ ശ്രീയ പറയുന്നു. അപര്‍ണയ്ക്ക് അസ്വസ്ഥമായെങ്കില്‍ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ തെറ്റുണ്ട് എന്നാണ് നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയായ അഭിറാം പറയുന്നത്. വിദ്യാര്‍ഥിയുടെ ഭാഗത്തു തെറ്റുണ്ടാന്നാണ് സായ് കൃഷ്ണയും പ്രതികരിക്കുന്നത്. 

വിദ്യാർഥിയെ സസ്‍പെൻഡ് അല്ല പുറത്താക്കണം എന്നാണ് വുമണ്‍സ് കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനിയായ ഗോപികയുടെ അഭിപ്രായം. അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അവരുടെ അനുവാദം ചോദിക്കണം എന്നാണ് ആദര്‍ശും അഭിപ്രായപ്പെടുന്നത്. അവരുടെ അനുവാദം ചോദിക്കാതെ ദേഹത്തു കൈവച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കാന്‍ പാടില്ലായിരുന്നു എന്ന നിലപാട് തന്നെയാണ് വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഷബ്നയുടേതും. 

സെലിബ്രിറ്റി അല്ലാത്ത വ്യക്തിയോട് ആണെങ്കിലും ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നാണ് അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ശ്രീലയ പറയുന്നത്. ഒരു ലോ കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നാണ്  ബി.കോം വിദ്യാര്‍ത്ഥിനിയായ ഹര്‍ഷന പറയുന്നത്. ആരാധന തോന്നാം എന്നാല്‍ അവരുടെ സ്പേയ്സില്‍ കയറി ഇടപ്പെടുന്നത് ശരിയല്ല എന്നും ഹര്‍ഷന പറയുന്നു. സമ്മതം ചോദിച്ചതിന് ശേഷം മാത്രമേ ഒരാളുടെ ദേഹത്തു കൈവയ്ക്കാന്‍ പാടുള്ളൂ എന്ന അഭിപ്രായം തന്നെയാണ് ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഭാഗ്യയുടേതും. ഹസ്തദാനം ചെയ്യുമ്പോള്‍ പോലും ആ സമ്മതം വേണമെന്നും ഭാഗ്യ പറയുന്നു. 

സെലിബ്രിറ്റി എന്നതിനുപരി അവര്‍ ഒരു സ്ത്രീയാണ്. അതുകൊണ്ട് തന്നെ ആ വിദ്യാര്‍ത്ഥി ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് വുമണ്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയായ ഫര്‍ഹാന പറയുന്നത്. അപര്‍ണ അനുഭവിച്ച മാനസിക വിഷമവും അവര്‍ അവിടെ നിന്നും ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം മോശമായി പോയി എന്നു തന്നെയാണ് അതേ കോളേജിലെ മീരാ അനിലും അഭിപ്രായപ്പെടുന്നത്. ഒരാളുടെ വ്യക്തി സ്വാതന്ത്യ്രത്തിലുള്ള കടന്നുകയറ്റമായാണ് തോന്നിയതെന്നും മീര അഭിപ്രായപ്പെട്ടു. 

ഒരു സെലിബ്രിറ്റിയെ കണ്ട ആവേഷത്തിലാകാം വിദ്യാര്‍ത്ഥി അങ്ങനെ പെരുമാറിയത്. പക്ഷേ ആ പെരുമാറ്റം ശരിയായിരുന്നില്ല. എന്നാലും അയാളെ കുറ്റപ്പെടുത്താനും കഴിയില്ല, ഫാന്‍ എന്ന രീതിയിലാകാം പെരുമാറിയത്, എന്നാലും ചെയ്തത് തെറ്റുമാണ് എന്നാണ്  വുമണ്‍സ് കോളേജിലെ ബി.എസ്സി വിദ്യാര്‍ത്ഥിനിയായ ഹുസൈന പറയുന്നത്. അപര്‍ണ ബാലുരളി ചെയ്തതാണ് ശരിയെന്നും ഒരാളുടെ അനുവാദം ഇല്ലാതെ ദേഹത്ത് തൊടുന്നത് ശരിയല്ല എന്നുമാണ് വാണി പൂര്‍ണ്ണിമ പ്രതികരിച്ചത്. 'ലോ കോളേജ് വിദ്യാര്‍ത്ഥിയായതിനാല്‍ അയാള്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവു ഉണ്ടാകേണ്ടതാണ്. അനുവാദം ചോദിച്ചതിന് ശേഷം മാത്രമേ സ്പര്‍ശിക്കാന്‍ പാടുള്ളതായിരുന്നു'- ലോ കോളേജ് വിദ്യാര്‍ത്ഥിനിയായ ഖദീജ പറഞ്ഞു. 

 

Also Read: 'അവിടെ ജീവിക്കേണ്ടത് അവളാണ്, വിവാഹത്തിന് മുമ്പ് വരന്‍റെ വീട്ടിൽ പോകരുതെന്ന നിയമം മാറ്റണം'; കുറിപ്പ് വൈറല്‍


 

click me!