'ഒരിക്കലും ബിക്കിനി ധരിക്കില്ലെന്ന് കരുതിയതാണ്'; അനുഭവം പങ്കിട്ട് ബോളിവുഡ് താരത്തിന്‍റെ സഹോദരി

By Web Team  |  First Published Sep 17, 2022, 11:01 PM IST

പ്രമുഖ നിർമ്മാതാവ് ബോണി കപൂറിന് ആദ്യഭാര്യ മോണ ഷൂരിയിലുണ്ടായ മക്കളാണ് അർജുനും അൻഷുലയും. ബോണി കപൂർ രണ്ടാമത് വിവാഹം കഴിച്ചത് പ്രശസ്ത താരം ശ്രീദേവിയെ ആയിരുന്നു. ഈ ബന്ധത്തിലുണ്ടായ മക്കളാണ് ജാൻവി കപൂറും, ഖുഷി കപൂറും


ശരീരത്തിന്‍റെ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതോ പരിഹസിക്കുന്നതോ ആരോഗ്യകരമായ പ്രവണതയല്ല. എന്നിട്ടും ഇന്നും നമ്മുടെ സമൂഹത്തിൽ ഇത് തുടരുന്നുവെന്നതാണ് സത്യം. പലരും, പ്രത്യേകിച്ച് സെലിബ്രിറ്റികൾ തങ്ങൾ നേരിട്ടിട്ടുള്ള ബോഡി ഷെയിമിംഗിനെ കുറിച്ച് പലപ്പോഴും പരസ്യമായി പങ്കുവച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ സമാനമായ അനുഭവം പങ്കിടുകയാണ് ബോളിവുഡ് താരം അർജുൻ കപൂറിന്‍റെ സഹോദരി അൻഷുല കപൂർ. 

പ്രമുഖ നിർമ്മാതാവ് ബോണി കപൂറിന് ആദ്യഭാര്യ മോണ ഷൂരിയിലുണ്ടായ മക്കളാണ് അർജുനും അൻഷുലയും. ബോണി കപൂർ രണ്ടാമത് വിവാഹം കഴിച്ചത് പ്രശസ്ത താരം ശ്രീദേവിയെ ആയിരുന്നു. ഈ ബന്ധത്തിലുണ്ടായ മക്കളാണ് ജാൻവി കപൂറും, ഖുഷി കപൂറും. ജാൻവി നേരത്തെ തന്നെ സിനിമയിൽ സജീവമാണ്. ഖുഷി ഇപ്പോൾ സിനിമാജീവിതത്തിലേക്ക് കടക്കുകയാണ്. എന്നാൽ അൻഷുലയെ മാത്രം സിനിമകളിലോ മറ്റിടങ്ങളിലോ അങ്ങനെ സജീവമായി കാണാൻ സാധിക്കാറില്ല. 

Latest Videos

തന്‍റെ രൂപത്തെ ചൊല്ലി താൻ നേരിട്ടിട്ടുള്ള പരിഹാസങ്ങൾ അത്രമാത്രം അൻഷുലയെ ബാധിച്ചിട്ടുണ്ട് എന്നതാണ് അവരുടെ അനുഭവക്കുറിപ്പിലൂടെ വ്യക്തമാകുന്നത്. 

ബിക്കിനി ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് അൻഷുല തന്‍റെ അനുഭവങ്ങളിലേക്ക് ഏവരെയും കൊണ്ടുപോയത്. മൂന്ന് മാസം മുമ്പ് സുഹൃത്തുമായി സംസാരിച്ചപ്പോൾ പോലും താനൊരിക്കലും സ്വിം സ്യൂട്ടോ ബിക്കിനിയോ ധരിക്കില്ലെന്ന് പറഞ്ഞത് ഓർമ്മിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. 

'എനിക്കതൊന്നും ദേഹത്തേക്ക് കയറ്റാനേ കഴിയില്ല. ഞാൻ കംഫർട്ടബിളും ആവില്ല എന്നാണ് അവളോട് പറഞ്ഞത്. എന്നാൽ എന്തുകൊണ്ട് സാധിക്കില്ല എന്നായിരുന്നു അവളുടെ മറുപടി. എന്നെ സംബന്ധിച്ച് എന്‍റെ ശരീരപ്രകൃതിയിൽ എപ്പോഴും എനിക്ക് പ്രശ്നമായിരുന്നു എന്നതാണ് സത്യം. ചില വസ്ത്രങ്ങളേ എനിക്ക് ചേരൂ, അതേ ഞാൻ ഇടാവൂ എന്നും ഞാൻ ചിന്തിച്ചു. ഇത് ചെയ്തുചെയ്ത് ശീലത്തിന്‍റെ ഭാഗം തന്നെയായി മാറിയിരുന്നു. ഇപ്പോൾ ഈ ഫോട്ടോ തന്നെ ആഴ്ചകളായി എന്‍റെ കയ്യിലിരിക്കുന്നു. പെർഫെക്ട് ആയ ശരീരങ്ങളുടെ ചിത്രങ്ങൾ വരുന്ന ഫീഡിൽ എന്‍റെ ഈ ഫോട്ടോ എങ്ങനെയെന്ന് ഓർത്തു. എന്നെ തന്നെ ഒരുപാട് തിരുത്തേണ്ടിവന്നു. ബ്ലോട്ടിംഗ് ഉണ്ടായി വയർ വീർത്തിരിക്കുന്നതോ, സ്ട്രെച്ച് മാർക്കുകളോ എന്തും നോർമലാണെന്ന് ചിന്തിച്ചു...

...സ്കിൻ എന്ന് പറയുമ്പോൾ അത് മടങ്ങാനും ചുരുങ്ങാനുമെല്ലാം ഉള്ളത് തന്നെയാണ്. എന്നെ സംബന്ധിച്ച് എല്ലാക്കാലവും എനിക്ക് അടിവയറുണ്ടാകും. അത് ഓക്കെ, ആണ്. അങ്ങനെ ഞാൻ ബിക്കിനിക്കൊരു അവസരമുണ്ടാക്കി. എന്‍റ ഹോളിഡേ ദിനങ്ങളായിരുന്നു അത്. എത്രയോ സന്തോഷിച്ച ദിനങ്ങൾ. എനിക്ക് ആത്മവിശ്വാസം തോന്നി. ഞാനെന്‍റ ശരീരത്തിൽ കംഫർട്ടബിളായിരുന്നു. പെർഫെക്ഷന് പകരം സന്തോഷം കണ്ടെത്തുകയാണ് നല്ലതെന്ന് ഞാൻ മനസിലാക്കി....'- അൻഷുല കുറിക്കുന്നു. 

ശരീരത്തെ ചൊല്ലി അപകർഷത അനുഭവിക്കുന്ന നിരവധി പേർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രചോദനമാകുന്ന അനുഭവങ്ങൾ തന്നെയാണ് അൻഷുല പങ്കുവച്ചിരിക്കുന്നത്. സഹോദരി ഖുഷി കപൂർ, കസിൻ സഹോദരിയും നിർമ്മാതാവുമായ റിയ കപൂർ, നടിമാരായ രാകുൽ പ്രീത് സിംഗ്, താര സുതാരിയ തുടങ്ങി നിരവധി പ്രമുഖർ അൻഷുലയ്ക്ക് അഭിനന്ദനങ്ങളും സ്നേഹവും അറിയിച്ചിട്ടുണ്ട്. ബോഡി ഷെയിമിംഗ് എത്രമാത്രം വ്യക്തികളെ ബാധിക്കുന്നുവെന്നതിനും അത് എത്രമാത്രം ഗുരുതരമായ തെറ്റാണെന്നും തെളിയിക്കുന്നത് തന്നെയാണ് അൻഷുലയുടെ ഈ കുറിപ്പ്. 

 

Also Read:- 'പ്ലസ് സൈസിന് എന്താണ് കുറവ്'; ഹുമ ഖുറേഷിയുടെ കിടിലൻ ലുക്ക്

click me!