അല്‍ഷിമേഴ്സ് കൂടുതല്‍ പിടിപെടുന്നത് സ്ത്രീകളിലാണോ പുരുഷന്മാരിലാണോ എന്ന കാര്യത്തില്‍ എപ്പോഴും സംശയം ഉയരാറുണ്ട്. പല പഠനങ്ങളും സ്ത്രീകളിലാണ് മറവിരോഗ സാധ്യത കൂടുതലുള്ളതായി കണ്ടെത്തിയിട്ടുള്ളത്.
മറവിരോഗം അഥവാ അല്‍ഷിമേഴ്സ് ( Alzheimer's Disease ) രോഗത്തെ കുറിച്ച് നിങ്ങളെല്ലാവരും കേട്ടിരിക്കും. സാധാരണഗതിയില്‍ പ്രായം കൂടുന്നതിന് അനുസരിച്ചാണ് അല്‍ഷിമേഴ്സ് സാധ്യത വരുന്നത്. പ്രത്യേകിച്ച് അറുപത് വയസ് കടന്നവരിലാണ് ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അപൂര്‍വം സാഹചര്യങ്ങളില്‍ ചെറുപ്പക്കാരിലും അല്‍ഷിമേഴ്സ് രോഗം കാണുന്നു.
എന്നാല്‍ അല്‍ഷിമേഴ്സ് കൂടുതല്‍ പിടിപെടുന്നത് സ്ത്രീകളിലാണോ പുരുഷന്മാരിലാണോ ( Alzheimer's Possibility in Women ) എന്ന കാര്യത്തില്‍ എപ്പോഴും സംശയം ഉയരാറുണ്ട്. പല പഠനങ്ങളും സ്ത്രീകളിലാണ് മറവിരോഗ സാധ്യത കൂടുതലുള്ളതായി ( Alzheimer's Possibility in Women ) കണ്ടെത്തിയിട്ടുള്ളത്. പുതിയൊരു പഠനറിപ്പോര്‍ട്ടും ഈ കണ്ടെത്തലിനെ ശരി വയ്ക്കുന്നതാണ്.
അമരിക്കയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്‍റെ നേതൃത്വത്തിലുള്ള 'വുമണ്‍ അല്‍ഷിമേഴ്സ് മൂവ്മെന്‍റ്' ആണ് ഈ പഠനത്തിന് പിന്നില്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് സാധ്യത കൂടുതലെന്നും ഇത് പ്രായമായിത്തുടങ്ങുമ്പോഴാണ് ശ്രദ്ധിക്കേണ്ടതെന്നും പഠനം പറയുന്നു.
'ഏതാണ്ട് 82 ശതമാനത്തോളം സ്ത്രീകളും അല്‍ഷിമേഴ്സ് സാധ്യതകളെ ( Alzheimer's Disease ) കുറിച്ച് അവബോധമുള്ളവരല്ല. പഠനത്തില്‍ പങ്കെടുത്ത മുക്കാല്‍ ശതമാനം സ്ത്രീകളും തങ്ങളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള മെഡിക്കല്‍ പരിശോധനകള്‍ നടത്താത്തവരാണ്...'- പഠനം പറയുന്നു.
ശരാശരി 65 വയസുള്ള സ്ത്രീകളില്‍ അഞ്ചിലൊരാള്‍ക്ക് എന്ന നിലയില്‍ അല്‍ഷിമേഴ്സ് സാധ്യതയുണ്ടെന്നാണ് 'അല്‍ഷിമേഴ്സ് അസോസിയേഷൻ' ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ കണക്കെടുക്കുകയാണെങ്കില്‍ ആകെ 60 ലക്ഷം അല്‍ഷിമേഴ്സ് രോഗികളില്‍ 40 ലക്ഷവും സ്ത്രീകളാണ്. ഇവരുടെ ശരാശരി പ്രായം 65ഉം ആണ്.
ജനിതകമായ കാരണങ്ങള്‍ക്കൊപ്പം തന്നെ സാമൂഹികമായ കാരണങ്ങളും സ്ത്രീകളില്‍ മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം പറയുന്നു. സ്ത്രീകളില്‍ മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്ന ഒരു ജീന്‍ ചിക്കാഗോ യൂണിവേഴ്സിറ്റി- ബൂസ്റ്റണ്‍ യൂണിവേഴ്സ്റ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ജീവശാസ്ത്രപരമായ കാരണങ്ങള്‍ക്ക് പുറമെയാണ് സാമൂഹികമായ കാരണങ്ങളും സ്ത്രീകളില്‍ മറവിരോഗത്തിന് ഇടയാക്കുന്നത്. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നതും മറവിരോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂട്ടാൻ കാരണമാകുന്നുണ്ട്.
ജനിതകമായ കാരണങ്ങളില്‍ നമുക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും തന്നെ വരുത്താൻ സാധിക്കില്ല. എന്നാല്‍ സാമൂഹികമായ കാരണങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് മറവിരോഗ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരമായ ഡയറ്റ്, കൃത്യമായ ഉറക്കം വ്യായാമം (ഏറെ പ്രധാനം), മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതാന്തരീക്ഷം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ സ്ത്രീകളിലെ മറവിരോഗ സാധ്യത കുറയ്ക്കുന്നു.
Also Read:- ഓര്‍മ്മശക്തി വര്‍ധിപ്പിക്കാൻ ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍