വനിതാദിനത്തില്‍ സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. കുക്കു ദേവകി സംസാരിക്കുന്നു...
ജീവിതം ആഘോഷിക്കുകയെന്നത് എന്‍റെ നയം തന്നെയാണ്. ഈ നയത്തിലേക്ക് എന്നെയെത്തിച്ചത് എന്‍റെ അമ്മൂമ്മയാണ്. വളരെ ചെറുപ്പത്തിൽ തന്നെ അതിനുള്ള തിരി അവരെന്‍റെയുള്ളില്‍ കൊളുത്തിത്തന്നു എന്ന് വേണം പറയാൻ. അമ്മൂമ്മ മാത്രമല്ല- അമ്മയും എന്നെ ഇക്കാര്യത്തില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് ഞാൻ അമ്മൂമ്മയെ കാണുമ്പോൾ തികഞ്ഞൊരു ഫെമിനിസ്റ്റാണവർ. അന്ന് തൃശൂരിൽ ഇറങ്ങിയിരുന്ന പുതിയ എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണുന്ന, ഹോട്ടലിൽ കേറി ചായ കുടിക്കുന്ന, പൂരങ്ങൾക്ക് പോകുന്ന സ്ത്രീ...
ചുരുക്കം പറഞ്ഞാൽ 'ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്ത്' (തൃശൂർ ഭാഗത്തെ പ്രയോഗമാണിത് ) അമ്മൂമ്മയും ഞാനും സഹോദരിമാരുമുണ്ടാകും. പെണ്ണുങ്ങൾ ഒറ്റയ്ക്ക് ഒന്നിനും പോകാത്ത കാലമായിരുന്നു അത് എന്നോര്‍ക്കണം.
undefined
വളരെ ഭംഗിയായി ഒരുങ്ങിനടക്കുന്ന പ്രകൃതകാരിയായിരുന്നു അമ്മൂമ്മ. ഞങ്ങളെ ഏറ്റവും ഭംഗിയുള്ളതും കടുത്തതുമായ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് അമ്മൂമ്മ ധരിപ്പിക്കാറ്. ആ നിറ സങ്കല്പങ്ങളാണ് പിന്നീട് ഞാൻ പിന്തുടര്‍ന്നത്. ഞാൻ കേരളവർമ്മ കോളേജിൽ ചേർന്ന സമയത്ത് അമ്മൂമ്മ എന്നെ കാണാൻ കോളേജിൽ വരുമായിരുന്നു. അവിടെ അന്നേരം എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറയാറുണ്ട്- ഒരു ആധുനിക അമ്മൂമ്മയെ ആണല്ലോ നിനക്ക് കിട്ടിയിരിക്കുന്നതെന്ന്.
അമ്മയാണെങ്കിൽ അക്കാലത്തുള്ള ഏറ്റവും പുതിയ ഫാഷനിലുള്ള ഉടുപ്പുകൾ എനിക്ക് വാങ്ങി തരുമായിരുന്നു. അതുപോലെ അമ്മ ചുകന്ന വലിയ പൊട്ടാണ് വെയ്ക്കാറുളളത്. ഈ ശീലവും പിന്നീട് ഞാൻ അമ്മയിൽ പകര്‍ത്തിയെടുത്തു.
തൊണ്ണൂറുകളിലാണ് കേരളവർമ്മയിൽ ഞാനെത്തുന്നത്. ആ സമയങ്ങളിൽ ലഭിക്കാവുന്ന ഏറ്റവും നിറമുള്ളതും ഫാഷനബിളുമായ വസ്ത്രങ്ങൾ ഞാൻ ധരിച്ചു പോന്നു. പക്ഷേ എന്‍റെ വസ്ത്രങ്ങളുടെ നിറത്തെ പല കൂട്ടുകാരും കളിയാക്കിയിരുന്നു.
'കണ്ണിൽ കുത്തുന്ന നിറം', 'പാണ്ടികളർ' എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും.
പക്ഷെ അതൊന്നും എന്നെ പിന്നോട്ടടിച്ചതേയില്ല. കൂടുതൽ ഊർജ്ജത്തോടെ നിറങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതേയുള്ളൂ. പിന്നെ എൻ്റെ ഉള്ളിലും ഒരു തവണ മാത്രം കിട്ടുന്ന ഈ ജീവിതത്തെ ഏറ്റവും സന്തോഷവും ആഘോഷവുമാക്കാനുള്ള ഒരു ത്വര എല്ലാ കാലത്തുമുണ്ടായിരുന്നു എന്നതാണ് സത്യം. ആ ആഗ്രഹത്തെ ഞാൻ ആര്‍ക്ക് വേണ്ടിയും പരിമിതപ്പെടുത്താനോ ഒതുക്കിവയ്ക്കാനോ ഒരുക്കമായില്ലെന്ന് വേണം പറയാൻ.
സമൂഹം എപ്പോഴും ഈയൊരു രീതിയെ വിമർശിച്ചിട്ടേയുള്ളൂ. ഈ 2023ലും അതില്‍ വലിയ മാറ്റമൊന്നുമില്ല. 'ഇങ്ങനെയൊക്കെ സ്ത്രീകള്‍ക്ക് നടക്കാമോ?...', 'അതും ഒരു കറുത്ത സ്ത്രീ...'
എന്ന ചോദ്യവും അത്ഭുതപ്പെടലും ഞാൻ നിരന്തം കേൾക്കാറുണ്ട്.
ഫേസ്ബുക്കില്‍ എൻ്റെ ഡാൻസ് കണ്ട് കളിയായിട്ട് മമ്മൂട്ടിയുടെ നായിക റോളിലേക്ക് എന്നെ ലിജോ ജോസ് പെല്ലിശ്ശേരിയോട് നിർദ്ദേശിക്കാമെന്ന് ഒരു സുഹൃത്ത് കമന്‍റ് ചെയ്യുന്നത് ഈ ആഘോഷങ്ങളോടുള്ള പ്രതികരണമാവാം.
ഈയടുത്ത് രസകരമായ മറ്റൊരു സംഭവമുണ്ടായി. ഞാൻ നന്നായി ചുകന്ന ലിപ്സ്റ്റിക്ക് ഒക്കെയിട്ട് ബസ്സിലിരിക്കുകയാണ്. രണ്ട് സ്ത്രീകൾ എൻ്റെ മുഖത്ത് നോക്കിയ ശേഷം പരസ്പരം എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു.
അവരുടെ ഇറിറ്റേഷൻ മുഴുവൻ ഇത്രയും കറുത്ത ഒരുവൾ ഇങ്ങനെ ചുകന്ന ലിപിസ്റ്റിക്ക് പൂശാമോ എന്നുള്ളത് തന്നെയാണ്. എനിക്കത് അപ്പോഴേ മനസിലായി. കറുത്ത സ്ത്രീയുടെ ആഘോഷം എപ്പോഴും ഇങ്ങനെ ഒരു കളിയാക്കലിൻ്റെ അല്ലെങ്കിൽ സംശയത്തിൻ്റെ നിഴലിൽ ആയിരിക്കും.
നല്ല കറുത്ത സ്ത്രീ മുല്ലപ്പൂ വച്ച് കടുത്ത വർണ്ണങ്ങളുള്ള സാരിയോ ഉടുപ്പോ ഇട്ട് ഇറങ്ങി കഴിഞ്ഞാൽ പൊതുബോധത്തിന് നിരക്കാത്ത ലൈംഗിക തൊഴിലിനാണോ പോകുന്നതെന്ന ചോദ്യം അവരുടെ അവകാശം പോലെ ചോദിച്ചുകളയും.
ലൈംഗിക തൊഴിലാളികളെ പുറത്ത് നിര്‍ത്തുന്ന പ്രവണതയെ അംഗീകരിക്കാൻ കഴിയാത്ത എന്നെ പോലുള്ളവർ ലൈംഗിക തൊഴിലാളികളെ പ്രൊട്ടക്റ്റ് ചെയ്തുവേണം ഇതിനൊക്കെ മറുപടി കൊടുക്കാൻ.
ഞാനാണെങ്കില്‍ അടുത്ത ദിവസം അതിനേക്കാൾ ഉച്ചത്തിലുള്ള നിറവും പൂവും ഒക്കെ വെച്ച് പ്രത്യക്ഷപ്പെടും അത്രയേയുള്ളൂ. അതേ പോലെ ഏറ്റവും വലുപ്പമുള്ളതും ആകർഷണീയതയുമുള്ള ആഭരണങ്ങളും ഞാൻ പതിവായി അണിയാറുണ്ട്. അതും വിമര്‍ശനപരിധിയില്‍ ഉള്‍പ്പെടും കെട്ടോ.
നമ്മളെന്തോ തെറ്റ് ചെയ്യുകയാണെന്ന പ്രതീതി സമൂഹം നമ്മളിലുണ്ടാക്കി കൊണ്ടിരിക്കും.അതിനെ മറികടക്കൽ ഒരേസമയം ശ്രമകരവും അതേസമയം ആഘോഷവുമാണ്. ഓരോ നിമിഷവും ആഘോഷിച്ചേ ഈ സോഷ്യൽ ടാബുവിനെ മറികടക്കാൻ സാധിക്കൂ എന്ന് ഞാൻ വിശ്വസിക്കുന്നു.
നൃത്തമാണ് എന്‍റെയൊരു പ്രധാന സന്തോഷം. ഒരു പാട്ടിനൊത്ത് ചുവട് വയ്ക്കുമ്പോൾ സ്വാതന്ത്ര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഇടത്തിൽ എത്തിപ്പെടുന്നത് പോലെയാണ്. ഏറ്റവും നന്നായി നൃത്തം ചെയ്യുക എന്നതല്ല- മറിച്ച് ഏറെ സന്തോഷത്തോടെ ശരീരം ചലിപ്പിക്കാൻ കഴിയുക എന്നത് തന്നെയാണ് മുഖ്യം. ഇങ്ങനെയുള്ള സന്തോഷങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കുമുണ്ടാകും. ഇതിലൂടെ നാമെത്തുന്ന സ്വതന്ത്രമായ ഇടത്തെ ശരിക്കും അനുഭവിച്ചുതന്നെ അറിയണം. അവിടെ തടിയോ നിറമോ ഉടുപ്പോ പ്രായമോ ഒന്നും ഘടകമാകുന്നില്ല. എത്ര ഗംഭീരമായി നമ്മുടെ സന്തോഷങ്ങളെ കണ്ടെത്തുന്നോ അത്രയും ആഘോഷപൂര്‍വം ജീവിക്കാൻ സാധിക്കും...