'സിംഗിള്‍ ആയതിനാല്‍ വീട് തന്നില്ല'; കരഞ്ഞുകൊണ്ട് വീഡിയോ പങ്കിട്ട് നടി

By Web Team  |  First Published Nov 22, 2023, 8:06 PM IST

സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് ചാരുവിനെ അധികപേരും അറിയുന്നത്. പന്ത്രണ്ട് വര്‍ഷത്തിലധികമായി ചാരു ടെലിവിഷൻ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.


ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ദൈനംദിന ജീവിതത്തില്‍ പല പ്രയാസങ്ങളും നമ്മുടെ സമൂഹത്തില്‍ നേരിടാറുണ്ട് എന്നതൊരു സത്യാവസ്ഥയാണ്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളം സ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പതിവായി പങ്കിടാറുമുണ്ട്. സ്ത്രീ- പുരുഷ സമത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളും, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങളുമെല്ലാം സജീവമായി നടക്കുമ്പോഴും പ്രായോഗികതലത്തില്‍ പല പ്രശ്നങ്ങളും സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുകയാണ്. 

സദാചാരപരമായ പ്രശ്നങ്ങളോ, സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളോ എല്ലാമാണ് അധികവും തനിയെ താമസിക്കുന്ന സ്ത്രീകള്‍ നേരിടാറ്. പലര്‍ക്കും തങ്ങള്‍ തനിയെ ആണെന്ന കാരണം കൊണ്ട് തന്നെ താമസിക്കാൻ ഇടം കിട്ടാത്ത അവസ്ഥയുമുണ്ടാകാറുണ്ട്.

Latest Videos

ഇപ്പോഴിതാ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിന്‍റെ ദുഖം ഏവരുമായും പങ്കുവയ്ക്കുകയാണ് നടി ചാരു അസോപ. സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് ചാരുവിനെ അധികപേരും അറിയുന്നത്. പന്ത്രണ്ട് വര്‍ഷത്തിലധികമായി ചാരു ടെലിവിഷൻ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തിലെത്തി. അതിനാല്‍ തന്നെ ടെലിവിഷൻ പ്രേക്ഷകര്‍ക്കെല്ലാം ഏറെ സുപരിചിതയാണ് ചാരു.

മുപ്പത്തിയഞ്ചുകാരിയായ ചാരു അസോപയും രണ്ടുവയസുകാരിയായ മകളുമാണ് ഒരുമിച്ച് താമസിക്കുന്നത്. വിവാഹമോചിതയാണ് ചാരു. 2019ല്‍ മോഡലും നടനും യൂട്യൂബറുമായ രാജീവ് സെന്നിനെയാണ് ചാരു അസോപ വിവാഹം ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിയുകയായിരുന്നു. എങ്കിലും മകളുടെ കാര്യങ്ങള്‍ക്ക് ഇരുവരും ഒത്തുചേരാറുണ്ട്. 

ഇപ്പോള്‍ തനിക്ക് 'സിംഗിള്‍' ആണെന്നതിന്‍റെ പേരില്‍ താമസിക്കാൻ വാടകവീട് കിട്ടാനില്ലെന്ന ദുഖമാണ് ചാരു പങ്കുവയ്ക്കുന്നത്. കരയുന്ന വീഡിയോയ്ക്കൊപ്പം ഇൻസ്റ്റഗ്രാമിലാണ് ഇവര്‍ ഇക്കാര്യം പങ്കിട്ടിരിക്കുന്നത്. 

ഒരു സ്ത്രീ സമൂഹത്തില്‍ എന്തുതന്നെ ചെയ്തിട്ടും കാര്യമില്ല ആളുകളുടെ മനോഭാവത്തെ മാറ്റാൻ സാധിക്കില്ലെന്നും ഒരു പുരുഷന്‍റെ പേര് തന്‍റെ പേരിന്‍റെ കൂടെയില്ലെങ്കില്‍ താമസിക്കാൻ വീട് പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും ചാരു കുറിച്ചിരിക്കുന്നു. 

'ഇതാണ് നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ ഗതി. ഇങ്ങനെ നമുക്ക് വീട് തരാൻ വിസമ്മതിക്കുന്നവരാണ് പുറത്തുപോയി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രസംഗിക്കുന്നത്. ഇന്ന് വീണ്ടും ഞാനൊരു സിംഗിള്‍ മദര്‍ ആണെന്ന കാരണത്താല്‍ എനിക്കൊരു വീട് നിഷേധിക്കപ്പെട്ടു. സ്ത്രീകള്‍ ആരാധിക്കപ്പെടുന്നൊരു രാജ്യമാണെന്ന് പറഞ്ഞിട്ട് ഇതാണ് യഥാര്‍ത്ഥ അവസ്ഥ...'- ചാരു കുറിച്ചിരിക്കുന്നു.

നിരവധി സ്ത്രീകള്‍ ആണ് ചാരുവിന്‍റെ കുറിപ്പിന് താഴെ സമാനമായ അനുഭവം പങ്കുവയ്ക്കുന്നത്. സിംഗിള്‍ ആയ സ്ത്രീകള്‍ക്ക് വീട് നല്‍കാൻ പലരും മടിക്കാറുണ്ട്, ഇത് സാംസ്കാരികമായും സാമൂഹികമായും നമ്മെ വളരെക്കാലം പിറകിലേക്കാണ് കൊണ്ടുപോവുകയെന്നും വളര്‍ന്നുവരുന്നൊരു രാജ്യത്തിന് യോജിച്ച രീതിയല്ല ഇതെന്നും നിശിതമായി വിമര്‍ശിക്കുന്നവരും ഏറെ.

നേരത്തെ വിവാഹമോചിതയായ സമയത്ത് ഇതിന്‍റെ പേരിലും ചാരു ഏറെ ആരോപണങ്ങളും വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താമസിക്കാനൊരു ഇടം കണ്ടെത്താനുള്ള പ്രയാസത്തെ കുറിച്ചും ചാരു കുറിച്ചിരിക്കുന്നത്. ഇത് ഇവരുടെ മാത്രമായ അനുഭവമല്ലെന്നും മറിച്ച് നിരവധി സ്ത്രീകള്‍ നേരിടുന്നൊരു സാമൂഹികപ്രശ്നമാണെന്നും കമന്‍റുകളിലൂടെ വ്യക്തമാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Charu Asopa (@asopacharu)

Also Read:- എരിവ് കൂടിയാല്‍ പറഞ്ഞിട്ട് കാര്യമില്ല!; റെസ്റ്റോറന്‍റിലെ നോട്ടീസ് വൈറല്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!