Women's Day 2023 : 'ചെറുത് എന്ന് നമ്മളെ ചിന്തിപ്പിക്കുന്ന കാര്യങ്ങളിൽ നാം തുടങ്ങണം': ദിവ്യ ഉഷ ഗോപിനാഥ്

By Web Team  |  First Published Mar 8, 2023, 9:00 AM IST

വനിതാദിനത്തില്‍ ആക്ടര്‍ ദിവ്യ ഉഷ ഗോപിനാഥ് സംസാരിക്കുന്നു...


കുറച്ച് ദിവസങ്ങൾക്ക് മുമ്പ്  ഒരു ജോലിസംബന്ധമായ ഒരു യാത്രയ്ക്കിടയിൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ, ഞാൻ കയറിയ ബോഗിയിൽ നിറയെ മുപ്പതിനും നാൽപ്പതിനും ഇടയ്ക്ക്  പ്രായം വരുന്ന ഇരുപതോളം ചേച്ചിമാർ  ഒരുമിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധിക്കുകയുണ്ടായി. അങ്ങനെ അവരോട് കുറച്ചുനേരം സംസാരിച്ചു. തിരുവനന്തപുരത്ത് ഒരു കോളേജിൽ 2005 ബാച്ചിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ് അവര്‍.  2023-ൽ  അവരുടെ പഠന കാലഘട്ടത്തിനും കാലങ്ങൾക്കിപ്പുറം, ആ ബാച്ചിലെ എല്ലാ സ്ത്രീ സുഹൃത്തുക്കളും ചേർന്ന്  ആദ്യമായി ഒത്തുചേർന്ന്, മണാലിയിലേക്ക് ഒരു യാത്ര നടത്തി തിരിച്ച് വരുന്ന വഴിയാണ് അത്.

അവരുടെ സംസാരങ്ങൾക്കിടയിൽ കുടുംബത്തിൻ്റെയും, കുട്ടികളുടെയും സംരക്ഷണം ജീവിതപങ്കാളിയെ ഏൽപിച്ചിട്ട് വന്നതിന്‍റെ എക്‌സൈറ്റ്മെന്‍റും സമാധാനവും, സന്തോഷവും എനിക്ക് അനുഭവപ്പെട്ടു. മറ്റ് ടെൻഷൻ ഒന്നുമില്ലാതെ, ഒരു തരത്തിലുമുള്ള ജഡ്‍ജ്മെന്‍റുകള്‍ക്കും വിധേയരാവാതെ അവർ ആ യാത്ര  ആസ്വദിക്കുന്നത് കണ്ടപ്പോൾ ജീവിതത്തിൽ ആഗ്രഹിച്ച ഒരു വലിയ കാര്യം നിറവേറ്റിയതിന്‍റെ  എല്ലാ അഭിമാനവും ആ സ്ത്രീകളുടെ മുഖത്തുണ്ടായിരുന്നു. പഠനകാലത്തിന് ശേഷം കുടുംബത്തിന്‍റെയും, കുട്ടികളുടെയും, അങ്ങനെ ഏറെ റെസ്പോൺസിബിലിറ്റികള്‍ക്ക് ഇടയിൽ നിന്ന് തങ്ങളുടേതായ സന്തോഷത്തിലേക്ക് അല്‍പനേരത്തേക്ക് പോയതിന്‍റെ സംതൃപ്തി. 

Latest Videos

ആ സന്തോഷവും അഭിമാനവുമെല്ലാം എനിക്കും പകര്‍ന്നുകിട്ടി. കുടുംബത്തിന്‍റെ സന്തോഷമാണ് തന്‍റെ സന്തോഷം എന്ന് പഠിപ്പിക്കുന്ന ഇവിടത്തെ സിസ്റ്റത്തിന്‍റെ കണ്ടീഷണിംഗില്‍ നിന്ന്- അങ്ങനെയല്ല തന്‍റെ സന്തോഷത്തിനും പ്രാധാന്യമുണ്ടെന്ന് സ്ഥാപിക്കുന്നവര്‍, ഏറ്റവും കുറഞ്ഞത് ഒരു മനോഹരമായ യാത്രക്ക് വേണ്ടിയെങ്കിലും കുടുംബത്തിന്‍റെ ഉത്തരവാദിത്തം പങ്കാളിയെ ഏല്‍പിച്ച് പോകാൻ തയ്യാറാകുന്ന സാധാരണ സ്ത്രീകള്‍.

കാലങ്ങളായി കിട്ടുന്ന പ്രിവിലേജിന്‍റെ തണലിൽ ഇരിക്കുമ്പോഴും പാട്രിയാര്‍ക്കിക്ക് 'സില്ലി' എന്ന് തോന്നുന്ന, കുടുബത്തിൽ മീൻ പൊരിച്ചതിന്‍റെ വിവേചനത്തിനെക്കുറിച്ച് ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള പെൺകുട്ടികളുള്ള ഈ നാട്ടിൽ അത്തരം ചോദ്യങ്ങളിൽ നിന്ന് തുടങ്ങണം. എങ്കില്‍ മാത്രമേ കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുള്ള  ഈ സിസ്റ്റത്തിൽ പിന്നീട് അങ്ങോട്ടേക്ക്  അവൾക്ക് നേരിടേണ്ടി വരുന്ന ലിംഗ അസമത്വങ്ങളെ കുറിച്ച്  സംസാരിക്കാനും, അതിനെ നേരിടാനും  പ്രാപ്തരാവുകയുള്ളൂ. ഈ തിരിച്ചറിവുള്ള, ഉച്ചത്തിൽ സംസാരിക്കുകയും, ചിരിക്കുകയും, അഭിപ്രായം പറയുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ഒരുപാട് പെണ്ണുങ്ങളുള്ള  ഈ കാലത്ത്  ജീവിക്കാൻ സാധിക്കുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനവും, സന്തോഷവും, പ്രത്യാശയുമുണ്ട്.

ചെറുത് എന്ന് നമ്മളെ ചിന്തിപ്പിക്കുന്ന കാര്യങ്ങളിൽ നാം തുടങ്ങണം. അത് തരുന്ന കരുത്ത് നമ്മളെ വലിയ ചോദ്യങ്ങളിലേക്ക് എത്തിക്കും. അപ്പോൾ നമ്മളോടൊപ്പം ചേർന്ന് നിൽക്കാൻ -അവകാശങ്ങളെക്കുറിച്ച്, സ്വാതന്ത്ര്യത്തെ കുറിച്ചും, വ്യക്തിത്വത്തെ കുറിച്ചുമൊക്ക ബോധ്യമുള്ള അത് നേടിയെടുക്കാൻ കരുത്തുള്ള കുറെ പേർ കൂടിയുണ്ടാകും.

നമുക്ക് നമ്മളെ കുറ്റപ്പെടുത്തേണ്ട. നമുക്ക് ചേർന്നുനിൽക്കാം, നമുക്ക് ഒരുമിച്ചിരിക്കാം, നമുക്ക് നമ്മളെ സെലിബ്രേറ്റ് ചെയ്യാം, നമുക്ക് ചിരിക്കാം, നമുക്ക് യാത്രകൾ പോകാം, നമുക്ക് സന്തോഷിക്കാം. ഇനിയുള്ള കാലത്ത് നാം ഒറ്റയ്ക്കാല്ല , ഒരുമിച്ചാണ്. നമ്മുടെ നാടിൻ്റെ - ഈ രാജ്യത്തിന്‍റെ നാളെയുടെ ഭാവി നമ്മുടെയും കയ്യിലാണ്. 

എല്ലാവർക്കും ഒരു 'പൊളി' വനിതാദിന ആശംസകൾ നേരുന്നു

click me!