Women's Day : ഒരു ഗ്രാമത്തിലെ എല്ലാ വീടുകളുടെയും ഉടമസ്ഥര്‍ സ്ത്രീകള്‍!

By Web Team  |  First Published Mar 8, 2022, 5:22 PM IST

സാമ്പത്തിക കാര്യങ്ങളില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തുകയും സ്വാധീനം ചെലുത്തുകയും സംഭാവനകള്‍ ചെയ്യുകയും ചെയ്യുന്നവരാണ് ഗ്രാമത്തിലെ സ്ത്രീകളെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. മദ്യത്തിനോ മറ്റ് ലഹരിക്കോ അടിപ്പെട്ട് വീട് വില്‍ക്കാനും മറ്റും ഇവിടെ പുരുഷന്മാര്‍ക്ക് സാധ്യമല്ല


ഇന്ന് മാര്‍ച്ച് 8, വനിതാദിനത്തില്‍ ( Women's Day ) സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ( Women Empowerment ) പല വിഷയങ്ങളും നാം ചര്‍ച്ച ചെയ്യുന്നുണ്ട്. എങ്ങനെയാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്, എത്തരത്തിലാണ് അവര്‍ക്ക് മുന്‍നിരയിലേക്ക് വരാനുള്ള മാര്‍ഗങ്ങള്‍ വെട്ടിയൊരുക്കേണ്ടത് എന്നിങ്ങനെ പല ആശയസംവാദങ്ങളും ഇന്നേ ദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 

പലപ്പോഴും പരമ്പരാഗതമായ രീതിയല്‍ ജീവിച്ചുപോകുന്ന വിഭാഗക്കാര്‍ക്കിടയില്‍ സ്ത്രീകള്‍ ശോചനീയമായ അവസ്ഥയിലാണ് തുടരുന്നതെന്നാണ് നാം ചിന്തിക്കാറ്, അല്ലേ? എന്നാല്‍ എല്ലായിടത്തും എല്ലായ്‌പോഴും ഇത് ഒരുപോലെയല്ല എന്ന് തെളിയിക്കുന്നൊരു വാര്‍ത്തയാണ് ഇനി പങ്കുവയ്ക്കുന്നത്. 

Latest Videos

undefined

മഹാരാഷ്ട്രയിലെ ബാഗപൂര്‍ എന്ന ഗ്രാമത്തില്‍ എല്ലാ വീടുകളുടെയും ഉടമസ്ഥര്‍ സ്ത്രീകളാണ് എന്നതാണ് ഈ വാര്‍ത്ത. സ്ത്രീകള്‍ മാത്രമല്ല, ചില വീടുകള്‍ക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശവുമാണ്. എങ്കിലും പൂര്‍ണമായും പുരുഷന്റെ പേരില്‍ മാത്രം വീടുകളുണ്ടായിരുന്നിടത്ത് ഇന്ന് എല്ലാ വീടുകളുടെയും ഉടമസ്ഥാവകാശത്തില്‍ സ്ത്രീകളുടെ പേരുമുണ്ട് എന്നത് ചെറിയ നേട്ടമല്ല. 

ആകെ 2000 വീടുകളാണ് ഈ ഗ്രാമത്തിലുള്ളതത്രേ. 2008ല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായാണ് വീടുകളുടെ ഉടമസ്ഥാവകാശത്തില്‍ സ്ത്രീക്കും തുല്യ പങ്ക് നല്‍കിയിരിക്കുന്നത്. എല്ലാ വീടുകള്‍ക്ക് പുറത്തുമുള്ള നെയിം പ്ലെയ്റ്റില്‍ നിര്‍ബന്ധമായും സ്ത്രീയുടെ പേരും ചേര്‍ത്തിരിക്കണം. ഇന്ന് ഈ കാഴ്ച ഇവിടെ സാധാരണമാണ്. 

'വീടുകളുടെ ഉടമസ്ഥാവകാശം എന്നതിലുപരി തീരുമാനങ്ങളില്‍ സ്ത്രീക്കുള്ള അധികാരമാണ് ഇതോടെ ഉറപ്പിക്കപ്പെടുന്നത്. ഞാന്‍ 21 വര്‍ഷമായി ഇവിടെ താമസിക്കുന്നു. മുമ്പെല്ലാം സ്ത്രീകളറിയാതെ പുരുഷന്മാര്‍ താമസിക്കുന്ന വീട് വില്‍ക്കുമായിരുന്നു. ഇത് വലിയ തോതില്‍ സ്ത്രീകളെ ബാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയൊരു സാഹചര്യമുണ്ടാകുന്നില്ല...'ഗ്രാമുഖ്യയായ കവിത സാല്‍വേ പറയുന്നു. 

സുദര്‍മോ പലാസ്‌കര്‍ എന്നയാള്‍ ഗ്രാമത്തലവനായിരുന്നപ്പോഴാണ് പദ്ധതിക്ക് തുടക്കമായതത്രേ. ആ ഓര്‍മ്മകള്‍ ഇപ്പോള്‍ വീണ്ടും മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയാണ് ഇദ്ദേഹം. 

'മുന്‍കാലങ്ങളിലെ പല ദുരനുഭവങ്ങളുടെയും ഭാഗമായാണ് ഞങ്ങള്‍ അന്ന് അത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. ഞങ്ങള്‍ ഏഴ് അംഗങ്ങളായിരുന്നു പഞ്ചായത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പോലും പദ്ധതിക്ക് എതിരായി വോട്ട് ചെയ്തില്ല എന്നതാണ് ശ്രദ്ധേയം. ഒറ്റക്കെട്ടായി ഞങ്ങള്‍ അതുമായി മുന്നോട്ടുപോയി. നാളെ ഞങ്ങളുടെ കുട്ടികളുടെ ഭാവിക്കും ഇന്ന് ഓരോ വീടുകളുടെയും സുരക്ഷിതത്വത്തിനും അതാണ് നല്ലതെന്ന് ഞങ്ങള്‍ വിശ്വസിച്ചു...'- പലാസ്‌കര്‍ പറയുന്നു. 

സാമ്പത്തിക കാര്യങ്ങളില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തുകയും സ്വാധീനം ചെലുത്തുകയും സംഭാവനകള്‍ ചെയ്യുകയും ചെയ്യുന്നവരാണ് ഗ്രാമത്തിലെ സ്ത്രീകളെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. മദ്യത്തിനോ മറ്റ് ലഹരിക്കോ അടിപ്പെട്ട് വീട് വില്‍ക്കാനും മറ്റും ഇവിടെ പുരുഷന്മാര്‍ക്ക് സാധ്യമല്ല. ഇനി ഇവിടെ വന്ന് വീട് വാങ്ങുന്നവരാണെങ്കില്‍ അവരും കുടുംബത്തിലെ ഒരു സ്ത്രീക്ക് തുല്യ ഉടമസ്ഥാവകാശം രേഖയിലാക്കി നല്‍കേണ്ടിവരും. 

സ്ത്രീ ശാക്തികരണത്തില്‍ സാമ്പത്തികമായ സ്വാതന്ത്ര്യം വലിയ ഘടകമാണെന്ന് സ്ത്രീപക്ഷവാദികളും, സാമൂഹ്യപ്രവര്‍ത്തകരും, ധനകാര്യ വിദഗ്ധരുമെല്ലാം ഒരുപോലെ പറയുന്ന ഇന്നത്തെ സാഹചര്യത്തില്‍ വലിയൊരു മാതൃകയാണ് ഈ ഗ്രാമം നമുക്ക് മുന്നില്‍ ഒരുക്കിത്തരുന്നത്. വീട്ടിലെ ജോലികളെടുത്ത് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കി വെറുതെ ജീവിച്ചുപോകേണ്ടവളല്ല സ്ത്രീയെന്നും, അവള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും തീരുമാനങ്ങളെടുക്കാനുള്ള അവകാശവുമുണ്ടെന്നും അടിവരയിട്ട് ഓര്‍മ്മിപ്പിക്കുന്ന സംഭവം കൂടിയായി നമുക്കിതിനെ കാണാം.

Also Read:- 'ഇര'യില്‍ നിന്ന് 'അതിജീവിത'യിലേക്കുള്ള ദൂരം...

click me!