'എനിക്കിപ്പോൾ ഒപ്പിടാൻ അറിയാം, എണ്ണാൻ അറിയാം': 92 ആം വയസ്സിൽ സ്കൂളില്‍ ചേര്‍ന്ന് മുത്തശ്ശി, പ്രായം വെറും നമ്പർ

By Web Team  |  First Published Sep 29, 2023, 12:14 AM IST

മുത്തശ്ശി സ്കൂളില്‍ പോവാന്‍ തുടങ്ങിയതോടെ 25 സ്ത്രീകള്‍ അവരെ പിന്തുടര്‍ന്ന് സ്കൂളിലെത്തി


മീററ്റ്: ഏത് പ്രായത്തിലും എന്തും പഠിക്കാം, പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിയിക്കുകയാണ് സലീമ ഖാന്‍ എന്ന മുത്തശ്ശി. എഴുതാനും വായിക്കാനും പഠിക്കുകയെന്ന തന്‍റെ ജീവിതാഭിലാഷം മുത്തശ്ശി സാക്ഷാത്കരിച്ചത് 92 ആം വയസ്സിലാണ്. ആറ് മാസം മുന്‍പ് സ്കൂളില്‍ പോയ മുത്തശ്ശി ഇതിനകം എഴുതാനും വായിക്കാനും എണ്ണാനും പഠിച്ചുകഴിഞ്ഞു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിനിയാണ് സലീമ. 1932ല്‍ ജനിച്ചു. 14 ആം വയസ്സില്‍ വിവാഹിതയായി. ഇതിനിടയില്‍ സ്കൂളില്‍ പോവാനോ പഠിക്കാനോ ഒന്നും കഴിഞ്ഞില്ല. അക്കാലത്ത് തന്‍റെ ഗ്രാമത്തില്‍ സ്കൂള്‍ ഇല്ലായിരുന്നുവെന്നാണ് മുത്തശ്ശി പറയുന്നത്. നവ ഭാരത് സാക്ഷരതാ മിഷന്‍ പദ്ധതിയിലൂടെയാണ് സലീമ തന്‍റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചത്. ഒന്ന് മുതല്‍ 100 വരെ എണ്ണുന്ന മുത്തശ്ശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അതിനു പിന്നിലെ കഥ പുറംലോകം അറിഞ്ഞത്.

Latest Videos

മക്കളും പേരക്കുട്ടികളും സ്കൂളിൽ പോകുന്നത് കാണുമ്പോള്‍ തനിക്കും പോകാന്‍ തോന്നാറുണ്ടായിരുന്നുവെന്ന് സലീമ പറഞ്ഞു. തന്നെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന് മുത്തശ്ശി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത്രയും പ്രായമായ ഒരാളെ എങ്ങനെ പഠിപ്പിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നുവെന്ന് അധ്യാപിക പ്രതിഭ ശര്‍മ പറഞ്ഞു. പക്ഷെ പഠിക്കാനുള്ള മുത്തശ്ശിയുടെ ആഗ്രഹം കണ്ടപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ലെന്നും അധ്യാപിക പറഞ്ഞു.

"ഇപ്പോള്‍ എനിക്ക് എന്‍റെ ഒപ്പിടാന്‍ അറിയാം. എനിക്ക് കറന്‍സി നോട്ടുകള്‍ എണ്ണാന്‍ അറിയാത്തതിനാല്‍ കൊച്ചുമക്കള്‍ പറ്റിക്കുമായിരുന്നു. ഇനി അവര്‍ക്ക് എന്നെ കബളിപ്പിക്കാനാവില്ല. ഞാന്‍ എണ്ണാന്‍ പഠിച്ചു"- സമീല ഖാന്‍ പറഞ്ഞു.

മരുമകള്‍ ഫിർദൗസാണ് സലീമയെ എന്നും സ്കൂളില്‍ കൊണ്ടുപോയി വിടാറുള്ളത്. ആരുടെയെങ്കിലും സഹായമുണ്ടെങ്കിലേ മുത്തശ്ശിക്ക് നടക്കാന്‍ കഴിയൂ. പ്രായത്തിന്‍റെ അവശതകളുണ്ട്. എന്നാലും സ്കൂളില്‍ പോകാന്‍ അതിരാവിലെ ചാടി എഴുന്നേല്‍ക്കും. സ്കൂളിലേക്കുള്ള ആ പോക്ക് കാണുമ്പോള്‍ തന്‍റെ ഉള്ളില്‍ പോസിറ്റിവിറ്റി നിറയാറുണ്ടെന്ന് ഫിര്‍ദൌസ് പറഞ്ഞു. 

"അധ്യാപിക എനിക്ക് പുസ്തകം തന്ന ആദ്യ ദിവസം ഞാൻ ഓർക്കുന്നു. എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പേന പിടിക്കാൻ എനിക്കറിയില്ലായിരുന്നു. ഞാൻ പരിഭ്രാന്തയായി, പക്ഷെ എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു"- മുത്തശ്ശി പറഞ്ഞു.

സലീമ സാക്ഷരതാ ക്ലാസില്‍ ചേര്‍ന്ന ശേഷം അവരെ പിന്തുടര്‍ന്ന് 25 സ്ത്രീകള്‍ കൂടി പഠിക്കാനെത്തി. മുത്തശ്ശി ഗ്രാമത്തിലെ അക്ഷരാഭ്യാസമില്ലാത്ത സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയെന്ന് അധ്യാപിക പറഞ്ഞു. അറിവ് നേടാന്‍ പ്രായം ഒരു പ്രതിബന്ധമേ അല്ലെന്ന് ഈ മുത്തശ്ശിയുടെ ജീവിതം വ്യക്തമാക്കുന്നുവെന്ന് എജുക്കേഷന്‍ ഓഫീസര്‍ ലക്ഷ്മി പാണ്ഡെ പ്രതികരിച്ചു.

| UP: A 92-year-old woman attends primary school in Bulandshahr pic.twitter.com/4Fuuf1LJAo

— ANI UP/Uttarakhand (@ANINewsUP)
click me!