ഇരട്ട സഹോദരൻമാരായ സന്ദീപ് ഹരിയും സനൂപ് ഹരിയും ജീവിതപങ്കാളികളാക്കിയത് ഇരട്ട സഹോദരിമാരായ എസ്. ധനലക്ഷ്മിയെയും എസ്. ഭാഗ്യലക്ഷ്മിയെയുമാണ്
ചെങ്ങന്നൂർ: ഇരട്ട സഹോദരന്മാരുടേയും സഹോദരിമാരുടേയും വിവാഹത്തിന് ആശംസകള്‍ നേരാനെത്തിയത് 9 ജോഡി ഇരട്ടകള്‍. ഇരട്ട സഹോദരൻമാരായ സന്ദീപ് ഹരിയും സനൂപ് ഹരിയും ജീവിതപങ്കാളികളാക്കിയത് ഇരട്ട സഹോദരിമാരായ എസ്. ധനലക്ഷ്മിയെയും എസ്. ഭാഗ്യലക്ഷ്മിയെയുമാണ്. വധൂവരൻമാർക്കു ആശംസയുമായി വിവാഹത്തിന് എത്തിയത് 9 ജോഡി ഇരട്ടകൾ ആയിരുന്നു.
ആടിയും പാടിയും എല്ലാവരും ചേർന്നു കല്യാണം കളറാക്കി ഇരട്ടകള്‍. ഇരട്ടക്കുട്ടികളുടെ നാട് എന്ന വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങളാണ് വിവാഹത്തിന് ആശംസകളുമായി എത്തിയത്. പട്ടാഴി തെക്കേത്തേരി കൊച്ചുകാഞ്ഞിരത്തിങ്കൽ അനിൽകുമാറിന്റെയും സീമയുടെയും മക്കളാണ് ധനലക്ഷ്മിയും ഭാഗ്യലക്ഷ്മിയും. കോയിപ്രം പൂവത്തൂർ പടിഞ്ഞാറെ തൃക്കോയിപ്പുറത്ത് പരേതനായ പി. ആർ. ഹരിയുടെയും ശാലിനി ഹരിയുടെയും മക്കളാണ് സനൂപും സന്ദീപും.
വിവാഹത്തിന് മക്കളുടെ ഇരട്ടകളായ കൂട്ടുകാരെ വിളിക്കണമെന്നതു സീമയുടെ നിർബന്ധമായിരുന്നു. ആ ചുമതല വാട്സാപ് ഗ്രൂപ്പ് അഡ്മിൻ റാന്നി മോതിരവയൽ വാവോലിൽ എസ്. വിശ്വാസിനെ ഏൽപിച്ചു. അങ്ങനെയാണ് കോഴിക്കോട്ടു നിന്നും കോട്ടയത്തു നിന്നുമൊക്കെയായി 9 ജോഡി ഇരട്ടകൾ ചെങ്ങന്നൂർ മുണ്ടൻകാവ് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനെത്തിയത്. ഇതോടെ ഇരട്ടക്കല്യാണം സമൂഹമാധ്യമങ്ങളില്‍ വൈറലുമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം