മുലപ്പാല്‍ വര്‍ധിക്കാന്‍ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. അത്തരത്തില്‍ മുലയൂട്ടുന്ന അമ്മമാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അതു കൊണ്ട് തന്നെ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലപ്പാല്‍ വര്‍ധിക്കാന്‍ ഇത് സഹായിച്ചേക്കാം.
അത്തരത്തില്‍ മുലയൂട്ടുന്ന അമ്മമാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഉലുവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. ഇതിനായി തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
നട്സുകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ,വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്സ് തുടങ്ങിയ നട്സുകള്‍. കൂടാതെ കാത്സ്യത്തിന്‍റെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.
മൂന്ന്...
ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് അയമോദകം അഥവാ Ajwain. പാൽ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന രാസവസ്തുക്കളായ ഗാലക്റ്റഗോഗുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
നാല്...
ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍വര്‍ഗമാണ് കടല. അതിനാല്‍ ഇവയൊക്കെ മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്നത് നല്ലതാണ്.
അഞ്ച്...
പെരുംജീരകവും മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
ആറ്...
വിത്തുകളില്‍ പ്രോട്ടീനും ഇരുമ്പ്, സിങ്ക്, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള് തുടങ്ങിയവ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ദിവസവും കുടിക്കാം മുന്തിരി ജ്യൂസ്; അറിയാം ഗുണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം