ബ്രസീലുമായി പോരിന് മസ്ക്, എക്സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി

By Web TeamFirst Published Aug 31, 2024, 8:19 AM IST
Highlights

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ എക്സിന്റെ ഡസൻ കണക്കിന് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ ഏപ്രിലിൽ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് പോര് തുടങ്ങിയത്

റിയോ ഡി ജനീറോ: സമൂഹമാധ്യമമായ എക്സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി. പുതിയ അഭിഭാഷകനെ നിയമിക്കാൻ കോടതി നിർദേശിച്ച സമയം അവസാനിച്ചതിനാലാണ് വിലക്ക്. കോടതി ഉത്തരവുകൾ നടപ്പാക്കുകയും, പിഴ അടക്കുകയും ചെയ്യും വരെ എക്സിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് നിർദേശം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ എക്സിന്റെ ഡസൻ കണക്കിന് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ ഏപ്രിലിൽ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് പോര് തുടങ്ങിയത്. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റ്‍ലൈറ്റ് ഇന്റർനെറ്റിന്റെ ബ്രസീലിലെ സേവനങ്ങളും കോടതി മരവിപ്പിച്ചിട്ടുണ്ട്. 

പിഴകൾ പൂർണമായി അടയ്ക്കുകയും എല്ലാ കോടതി ഉത്തരവുകൾ പാലിക്കുകയും ചെയ്യുന്നത് വരെ വിലക്ക് ബാധകമാവുമെന്നാണ് ബ്രസീൽ വിശദമാക്കിയിട്ടുള്ളത്. ഏപ്രിലിൽ ചില അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിനോട് അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ അടിത്തറയെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നശിപ്പിക്കുകയാണ് എന്നാണ് ഇലോൺ മസ്ക് പ്രതികരിച്ചത്. ഇലോൺ മസ്കും യൂറോപ്യൻ യൂണിയനുമായി നടക്കുന്ന പോരിലെ ഏറ്റവും ഒടുവിലത്തേതാണ് ബ്രസീലിലേത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറുമായി വാക് പോര് നടന്നിരുന്നു. 

Latest Videos

എക്സ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ബ്രസീൽ ടെലികമ്മ്യൂണിക്കേഷൻ ഏജൻസി തലവൻ വിശദമാക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് എക്സ് ലഭ്യമല്ലാതാകും. ആപ്പിൾ സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും എക്സിനെ നീക്കുന്നതിന് അഞ്ച് ദിവസത്തെ സമയമാണ് ജസ്റ്റിസ് മൊറേയിസ് അനുവദിച്ചിട്ടുള്ളത്. വിപിഎൻ സഹായത്തോടെ എക്സ് ഉപയോഗിക്കുന്ന ആളുകളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും 7,38,771രൂപ പിഴയീടാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബ്രസീലിൽ മിസ്റ്റർ മസ്‌കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സ്ഥാപനമായ സ്റ്റാർലിങ്കിൻ്റെ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്തെ സുപ്രീം കോടതിയുടെ മുൻ ഉത്തരവിനെത്തുടർന്ന് മരവിപ്പിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!