16 ലക്ഷത്തിന്റെ സമ്മാനങ്ങള്‍; ആരായിരിക്കും 'മിസ് എഐ'? അറിയാൻ ആഴ്ചകൾ മാത്രം

By Web Team  |  First Published Apr 19, 2024, 12:44 AM IST

എഐ മോഡലുകളെ വിലയിരുത്തുന്നത് സൗന്ദര്യം, സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഇതിനായി നാലംഗ ജഡ്ജിങ് പാനല്‍.


ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെ തിരഞ്ഞെടുക്കുന്നതിനായി 'മിസ് എഐ' സൗന്ദര്യ മത്സരം. ലോകത്താകമാനമുള്ള എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്സാണ് സംഘാടകര്‍. വിജയികളെ കാത്തിരിക്കുന്നത് 20,000 ഡോളറിന്റെ (ഏകദേശം 16 ലക്ഷം രൂപ) സമ്മാനങ്ങളാണ്.

ഏപ്രില്‍ 14നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണമെന്നും 18 വയസ് പൂര്‍ത്തിയായിരിക്കണമെന്നുമാണ് നിബന്ധനയില്‍ പറയുന്നത്. ഇവ ഏതെങ്കിലും പ്രത്യേക ടൂള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരിക്കണം എന്ന നിബന്ധനയില്ല.

Latest Videos

undefined

ഫാഷന്‍, വൈവിധ്യം, എഐ നിര്‍മ്മിത പുരുഷ മോഡലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്താനും വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്‌സിന് പ്ലാനുണ്ട്. മത്സരത്തില്‍ എഐ മോഡലുകളെ വിലയിരുത്തുന്നത് സൗന്ദര്യം, സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഇതിനായി നാലംഗ ജഡ്ജിങ് പാനല്‍ ആണുള്ളത്. ഇതില്‍ രണ്ട് പേര്‍ എഐ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ആയിരിക്കും. 30 ലക്ഷം ഫോളോവര്‍മാരുള്ള ഐറ്റാന ലോപ്പസ്, 28.1 ലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവര്‍മാരുള്ള എമിലി പെല്ലഗ്രിനി എന്നിവരാണത്. കൂടാതെ സംരംഭകനായ ആന്‍ഡ്രൂ ബ്ലോച്ച്, സൗന്ദര്യ മത്സര ജഡ്ജായ സാല്ലി ആന്‍ ഫോസറ്റ് എന്നിവരും മത്സരം വിലയിരുത്തുന്നവരുടെ കൂട്ടത്തിലുണ്ട്. 

ഓണ്‍ലൈനായാണ് മത്സരം നടക്കുന്നത്. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വിജയികളെ പ്രഖ്യാപിക്കുന്നത് മേയ് 10നാണ്. 5000 ഡോളര്‍ (4.1 ലക്ഷം രൂപ) ആണ് വിജയിയ്ക്ക് സമ്മാനമായി ലഭിക്കുക. മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, പ്രോമൊഷണല്‍ പാക്കേജുകള്‍, പിആര്‍ സപ്പോര്‍ട്ടും വിജയിയ്ക്ക് ലഭിക്കും.

'വിദേശ വനിതയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി', ഹോംസ്റ്റേകളിലെത്തിച്ച് പീഡനം; യുവാവ് പിടിയില്‍ 
 

click me!