സ്വകാര്യത ഉറപ്പാക്കുക പരമപ്രധാനമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വാട്സപ്പ് ഫേസ് ബുക്ക് കമ്പനികളുടെ മൂലധനത്തെക്കാൾ വലുതാണ് ജനങ്ങളുടെ സ്വകാര്യതയെന്നും പറഞ്ഞു.
ദില്ലി: പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി വാട്സപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചു. സ്വകാര്യത ഉറപ്പാക്കുക പരമപ്രധാനമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വാട്സപ്പ്, ഫേസ്ബുക്ക് കമ്പനികളുടെ മൂലധനത്തെക്കാൾ വലുതാണ് ജനങ്ങളുടെ സ്വകാര്യതയെന്നും പറഞ്ഞു.
സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയർന്നതോടെ വാട്സ് ആപ്പ് കമ്പനി വ്യക്തത നൽകി രംഗത്തെത്തിയിരുന്നു. വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന് ആവർത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്നാണ് പറയുന്നത്. വ്യക്തികൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങൾ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഉറപ്പ് നൽകുന്നു.