തുടക്കത്തില്‍ 4 ജിയുടെ അതേ വിലയില്‍ 5 ജി സേവനം കിട്ടിയേക്കും. അതൊരു തന്ത്രമായിരിക്കുമെന്ന് മാത്രം. അടിസ്ഥാന സേവനത്തിനാകും അടിസ്ഥാന വില. മറ്റ് സേവനങ്ങള്‍ക്ക് കൂടിയ വില നല്‍കേണ്ടി വരും. -എസ് ബിജു എഴുതുന്നു
കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയും 5ജിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തിയത് പ്രകാരം വരുന്ന ജൂണോടെ ഇതിന്റെ ലേല നടപടികള്‍ നടന്നേക്കും. കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നടക്കുകയാണെങ്കില്‍ വര്‍ഷാവസാനത്തോടെ നമുക്ക് 5 ജി സേവനം കിട്ടിയേക്കും.
എന്ത് വിലയ്ക്കാവും 5 ജി സേവനം ലഭിക്കുക?
undefined
ഇതിലൊക്കെ ഇനിയും വ്യക്തത വരേണ്ടതുണ്ട്. എന്നാലും തുടക്കത്തില്‍ 4 ജിയുടെ അതേ വിലയില്‍ 5 ജി സേവനം കിട്ടിയേക്കും. അതൊരു തന്ത്രമായിരിക്കുമെന്ന് മാത്രം. അടിസ്ഥാന സേവനത്തിനാകും അടിസ്ഥാന വില. മറ്റ് സേവനങ്ങള്‍ക്ക് കൂടിയ വില നല്‍കേണ്ടി വരും. മെച്ചപ്പെട്ട സേവനം കിട്ടിയാല്‍ 50 ശതമാനം വരെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൂടൂതല്‍ നല്‍കാന്‍ തയ്യാറാണെന്നും എറിക്‌സണ്‍ പഠനം പറയുന്നു. ഫലത്തില്‍ പ്രതിമാസം 300 രൂപയോളം അധികം നമുക്ക് നീക്കി വയ്‌ക്കേണ്ടി വരും.
ആരൊക്കെ നല്‍കും 5 ജി സേവനം?
എയര്‍ടെല്‍, ജിയോ, ഐഡിയ വോഡഫോണ്‍ എന്നിവര്‍ 5 ജി സവനം നല്‍കാന്‍ തയ്യാറാവുകയാണ്. എയര്‍ടെല്‍ ഹുവായുമായി ചേര്‍ന്ന് ഹരിയാനയിലേ മനേസറിലാണ് ആദ്യ പരീക്ഷണം നടത്തിയത്. വിദേശ കമ്പനികളായ എറിക്‌സണും, സാംസങ്ങുമെല്ലാം ഇന്ത്യന്‍ സേവനദാതാക്കളുമായി പങ്കാളിത്തമായിക്കഴിഞ്ഞു.. അവരൊക്കെ വര്‍ഷങ്ങളായി ഇതിനായുള്ള പരീക്ഷണ നിരീക്ഷണങ്ങളിലാണ്.. എന്നാല്‍ കോവിഡും, ചൈനയുമായുള്ള നമ്മുടെ ബന്ധം വഷളായതും 5 ജി സാങ്കേതിക വിദ്യ നടപ്പിലാകാന്‍ തടസ്സമായി. മൈക്രോ ചിപ്പ് മുതല്‍ പല തരം ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. വിദേശത്തെ സുഹൃദ് രാജ്യങ്ങളില്‍ നിന്ന് ഇവ സമാഹരിക്കാന്‍ ശ്രമിക്കവേയാണ് യുക്രൈനുമേലുള്ള റഷ്യന്‍ അധിനിവേശം ഉണ്ടായത്. ഇത് ലോകമൊട്ടാകെ വിതരണ ശൃംഖലയെ നന്നായി ബാധിച്ചു. കര്‍ണ്ണാടകത്തില്‍ മൈക്രോ ചിപ്പ് ഫാക്ടറി സ്ഥാപിക്കാനുള്ള ഒരുക്കം നടക്കുന്നുവെങ്കിലും ഇതിന് സമയമെടുക്കും. 5 ജിക്ക് പ്രാപ്തമായ ഹാന്‍ഡ് സെറ്റുകളുടെ വില്‍പ്പന മുന്നേ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശേഷിയും വിലയും കൂടിയ ഹാന്‍ഡ്‌സെറ്റുകള്‍ നമ്മുടെ കീശ കാലിയാക്കും.
തുടക്കത്തില്‍ എവിടെയൊക്കെ 5 ജി സേവനം കിട്ടും?
ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ 5 ജി സേവനം ഇതിനകം ലഭ്യമാണ്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗലൂരൂ, ഹൈദരാബാദ് എന്നിവ അടക്കം 13 പട്ടണങ്ങളിലാകും തുടക്കത്തില്‍ സേവനം കിട്ടുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം നാടായ ഗുജറാത്തിനാണ് വലിയ പരിഗണന. അഹമ്മദാബാദ്, ഗാന്ധി നഗര്‍, ജാംനഗര്‍ എന്നീ പട്ടണങ്ങള്‍ ആദ്യ പട്ടികയിലുണ്ട്. പുറമേ ഗുരുഗ്രാം, പൂനൈ, ലക്‌നോ, ഛണ്ഡിഗഢ് എന്നിവിടങ്ങളിലും 5 ജി ആദ്യ ഘട്ടത്തില്‍ ലഭ്യമാകും. ഇതില്‍ കേരളത്തിലെ ഒരു നഗരങ്ങളും ഇല്ല. എന്നാല്‍ മൊബൈല്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉപഭോക്തൃ കേരളത്തിലേക്ക് സേവനം വൈകാന്‍ നിര്‍വാഹമില്ല..
ആദ്യമൊക്കെ നഗരങ്ങളിലാകും 5 ജി കിട്ടുക. ഇടത്തരം പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും 5 ജിയുടെ സേവനം വൈകാനാണ് സാധ്യത. കാരണം സാങ്കേതികമാണ്. 5 ജിക്ക് ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ സവിഷേത കാരണം ഒരു ടവറില്‍ നിന്ന് കുറച്ച് പ്രദേശങ്ങളിലേ സേവനം കിട്ടൂ. അതിനാല്‍ ചെറിയ ചെറിയ നിരവധി ടവറുകള്‍ 5 ജിക്കായി വേണ്ടി വരും. സ്വാഭാവികമായും ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളില്‍ ഇത് സാമ്പത്തികമായി മുതലാകില്ല..
5 ജി കൊണ്ട് എന്താണ് കാര്യം?
വേഗത തന്നെ പ്രധാനം. 4 ജിയെക്കാള്‍ 100 ഇരട്ടി വരെ വേഗത്തില്‍ ഇത് പ്രവര്‍ത്തിക്കുമെന്നാണ് അവകാശവാദം. നമ്മുടെ സാഹചര്യങ്ങളില്‍ അത്രയ്‌ക്കൊന്നും പ്രതീക്ഷിക്കണ്ട. എന്നാലും 20 ഇരട്ടിയെങ്കിലും വേഗം പ്രതീക്ഷിക്കാം. ഡൗണ്‍ ലോഡിനുള്ള സ്പീഡ് അപലോഡിംഗില്‍ എത്രത്തേളം ഉണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതിനുപരി ആശയവിനിമയത്തിലെ കാലതാമസം അഥവാ ലേറ്റന്‍സി കുറയുമെന്നതാണ് പ്രധാനം. അതായത് പരസ്പരം സംസാരിക്കുമ്പോഴോ അതു പോലുള്ള തത്സമയ തുടര്‍ ഇടപാടുകളിലോ ഉള്ള കാലതാമസം കുറയ്ക്കാമെന്നതാണ് മെച്ചം. ഒരു ക്രഡിറ്റ് കാര്‍ഡുപയോഗിക്കുമ്പോഴോ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളോ കാലതാമസം കുറയ്ക്കാനായാല്‍ അത് വലിയ നേട്ടം തന്നെയാകും. കണക്ഷനു വേണ്ടിയുള്ള കറക്കം കുറയുമെന്നത് ചെറിയ കാര്യമല്ല. .
സേവനത്തില്‍ തരം തിരിവുണ്ടാകുമോ?
തീര്‍ച്ചയായും 5 ജി ഉച്ചനീചത്വം കൂട്ടും. നിങ്ങള്‍ കൂടുതല്‍ പണം നല്‍കി മെച്ചപ്പെട്ട പാക്കേജെടുത്താല്‍ നിങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം കിട്ടും. 5 ജിയില്‍ നെറ്റ് വര്‍ക്ക് സ്ലൈലിസിങ്ങ് എന്ന സമ്പ്രദായം ഉള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. ഉപയോഗിക്കുന്നവരുടെ എണ്ണം, അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം , ഉപയോഗത്തിലെ സങ്കീര്‍ണ്ണത എന്നിവയെ ആശ്രയിച്ച് ബാന്‍ഡ് വിത്ത് സിഗ്‌നലുകള്‍ ദുര്‍ബലമാവുകയാണ് സാധാരണ മൊബൈല്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനത്തില്‍ സംഭവിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍. നമ്മുടെ മൊബൈല്‍ ജാമാവുന്നത് ഇതിനാലാണ്. 5 ജിയിലാകട്ടെ നിങ്ങള്‍ക്ക് മെച്ചപ്പെട്ട വേഗം ഉറപ്പാക്കുന്ന വിധം നിശ്ചിത ഡാറ്റാ മുന്‍കൂട്ടി വിലയ്‌ക്കെടുക്കാന്‍ കഴിയും.
ബി.എസ്.എന്‍.എല്ലിന് എന്തു പറ്റും?
രാജ്യത്ത് 4 ജി വ്യാപകമായപ്പോഴും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു പൊതു മേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. അവര്‍ അപ്പോഴും 3 ജി യുഗത്തിലായിരുന്നു. ഇപ്പോഴാണ് അവര്‍ക്ക് 4 ജിക്കായുള്ള അനുമതി കിട്ടിയത്. 5 ജി അവര്‍ക്ക് ഉടനെയൊന്നും കിട്ടാനിടയില്ല. ഈ പൊതു മേഖലാ സ്ഥാപനത്തിന്റെ നട്ടെല്ലൊടിയുന്നത് പ്രധാനമായും സര്‍ക്കാര്‍ നയം മൂലമാണ്. ജീവനക്കാരുടെ പിടിപ്പുകേട് ഇതിന് ആക്കം കൂട്ടി. എന്നിരുന്നാലും തത്ക്കാലത്തേക്കെങ്കിലും നമുക്ക് ബി.എസ്.എന്‍.എല്ലിനെ കൈവിടാനാകില്ല, ഡാറ്റാ വേഗം പരിമിതമാണെങ്കിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും റേഞ്ച് കിട്ടുന്നത് ബി.എസ്.എന്‍.എല്ലിന് മാത്രമാണ്.
എന്താണീ 5 ജി?
അന്തരീക്ഷത്തിലെ അരൂപിയായ വൈദ്യുത കാന്തിക റേഡിയോ തരംഗത്തെയാണ് സ്‌പെക്ടം്ര എന്ന് പറയുന്നത്. റേഡിയോ, ടി വി സംപ്രേഷണത്തില്‍ തുടങ്ങി റിമോട്ടിനും, ബ്‌ളുടൂത്തിനും, മൊബൈല്‍ ഫോണിനും ഒക്കെ ഇത് ഉപയോഗിക്കുന്നു. പരിമിതമായ തോതിലെ ഈ സ്‌പെക്ട്രം ഉള്ളു എന്നതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഇത്. വൈഫൈക്കും, റിമോട്ടിനുമൊക്കെയുള്ള സ്‌പെക്ട്രം സര്‍ക്കാറുകള്‍ പൊതുവേ സൗജന്യമായി പൊതു ജനങ്ങള്‍ക്കായി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ടി.വി സംപ്രേഷണത്തിനും, മൊബൈല്‍ ഫോണിനും മറ്റുമുള്ളത് പണം ഈടാക്കിയാണ് നല്‍കുന്നത്. സര്‍ക്കാര്‍ പല ശ്രേണിയില്‍പ്പെട്ട സ്‌പെക്ട്രം പല ആവശ്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഉദാഹരണത്തിന് സൈനികാവശ്യങ്ങള്‍ക്ക്, ടി.വി സംപ്രേഷണത്തിന്ന് എന്നിങ്ങനെയൊക്കെ. അതില്‍ 3.3 മുതല്‍ 3.67 ഗിഗാ ഹെര്‍ട്‌സിലുള്ള തരംഗങ്ങളെയാണ് 5 ജിക്കായി ലേലത്തിന് വച്ചിട്ടുള്ളത്. ഇതിനു പുറമേ മറ്റ് ചില തരംഗങ്ങളും വില്‍പ്പനക്ക് വച്ചിട്ടുണ്ട്.
എന്ത് കിട്ടും ഈ കച്ചവടത്തിലൂടെ?
ലോകത്തെവിടെയും സര്‍ക്കാറുകളുടെ ഒരു വലിയ വരുമാന സ്രോതസ്സാണ് സ്‌പെക്ട്രം ലേലം. ഉടന്‍ നടക്കാന്‍ പോകുന്ന 5 ജി സ്‌പെക്ട്രം ലേലത്തിലൂടെ 2 മുതല്‍ 3 ലക്ഷം കോടി രൂപാ വരെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു യുണിറ്റ് സ്‌പെക്ട്രത്തിന് 492 കോടിയില്‍. നിന്ന് 317 കോടിയായി ഇപ്പോള്‍ ട്രായ് വില കുറിച്ചിട്ടുണ്ട്. ഫലത്തില്‍ 39 ശതമാനതോളം കുറവ്. എന്നാല്‍ 90 ശതമാനമെങ്കിലും വില കുറയ്ക്കണമെന്ന നിലപാടിലാണ് ടെലികോം കമ്പനികള്‍ . 2021 മാര്‍ച്ചില്‍ 5 ജി ലേലത്തിന് വച്ചെങ്കിലും 37 ശതമാനമേ വിറ്റു പോയിരുന്നുള്ളു. അന്ന് അതിന് കിട്ടിയ വില 77,814 കോടി രൂപ. ഇക്കാരണത്തിലാണ് ടെലികോം റഗുലേറ്ററി അതോറിറ്റി വില കുറയ്ക്കുന്നത്. എത്രയും പെട്ടെന്ന് വില്‍പ്പന പൂര്‍ത്തിയാക്കി അടുത്ത സ്വാതന്ത്ര ദിനത്തിന് 5 ജി ഇന്ത്യയില്‍ നടപ്പില്‍ വരുത്താനാകുമോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. കാത്തിരുന്ന് കാണാം.