കേന്ദ്ര തീരുമാനം അംഗീകരിക്കാന്‍ ട്വിറ്റര്‍; ആവശ്യപ്പെട്ട അക്കൌണ്ടുകള്‍ നീക്കം ചെയ്ത് തുടങ്ങി

By Web Team  |  First Published Feb 10, 2021, 8:56 AM IST

ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത പ്രകാരം ട്വിറ്ററിന് സാമ്പത്തിക പിഴ മുതല്‍ മുതിര്‍ന്ന ട്വിറ്റര്‍ ഉദ്യോഗസ്ഥരുടെ അറസ്റ്റ് അടക്കമുള്ള ഭീഷണികള്‍ ഉള്ളതിനാലാണ് ഒടുവില്‍ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങിയത് എന്നാണ് പറയുന്നത്. 


ദില്ലി: സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്റര്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറില്‍ നിന്നും നേരിടുന്ന ശക്തമായ സമ്മര്‍ദ്ദമാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റിനെ ഈ നടപടി എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ട്വിറ്ററിലെ ചില ഉന്നതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഐടി ആക്ടിന്‍റെ സെക്ഷന്‍ 69 എ പ്രകാരം നീക്കം ചെയ്യേണ്ട അക്കൌണ്ടുകളുടെ വിവരങ്ങള്‍ അടക്കം ട്വിറ്ററിന് നോട്ടീസ് നല്‍കിയിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത പ്രകാരം ട്വിറ്ററിന് സാമ്പത്തിക പിഴ മുതല്‍ മുതിര്‍ന്ന ട്വിറ്റര്‍ ഉദ്യോഗസ്ഥരുടെ അറസ്റ്റ് അടക്കമുള്ള ഭീഷണികള്‍ ഉള്ളതിനാലാണ് ഒടുവില്‍ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങിയത് എന്നാണ് പറയുന്നത്. പ്രകോപനപരവും, വസ്തുത വിരുദ്ധവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ആയിരത്തോളം അക്കൌണ്ടുകളാണ് കേന്ദ്രം ട്വിറ്ററിന് മുന്നില്‍ സമര്‍പ്പിച്ചത്. ഇതില്‍ #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൌണ്ടുകള്‍ അടക്കം ഇപ്പോള്‍ നടപടി വന്നിരിക്കുന്നത് എന്നാണ് വിവരം.

Latest Videos

undefined

നിലവില്‍ 709 അക്കൌണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തുവെന്നാണ് വിവരം. ഇതില്‍ 129 എണ്ണം #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇതിനൊപ്പം കര്‍ഷക സമരവുമായി ബന്ധപ്പെട്ട വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച പാകിസ്ഥാന്‍ ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൌണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 583 അക്കൌണ്ടുകള്‍ക്കെതിരെ ഇപ്പോള്‍ ട്വിറ്റര്‍ നടപടി എടുത്തിട്ടുണ്ടെന്നാണ് വിവരം. 

ആതേ സമയം  കർഷക സമരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ചർച്ചയായതിന് പിന്നാലെ റിഹാന ഇന്ത്യൻ സർക്കാരിനെ പിടിച്ചുലച്ചെന്ന ട്വീറ്റിന് ലൈക്ക് ചെയ്‌ത് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി രംഗത്തുവന്നിരുന്നു. മാധ്യമ പ്രവർത്തക കാരെൻ അറ്റിയയുടെ ട്വീറ്റാണ് അദ്ദേഹം ലൈക്ക് ചെയ്‌തത്. റിഹാന ഇന്ത്യന്‍ ഭരണകൂടത്തെ വിറപ്പിച്ചുവെന്നും അടിച്ചമര്‍ത്തപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ താങ്കള്‍ക്കാവുമെങ്കില്‍ ഒരു ആല്‍ബത്തിന്റെ ആവശ്യമെന്ത്? എന്നുമായിരുന്നു കാരെൻ ആറ്റിയുടെ ട്വീറ്റ്. ഇതിനെതിരെയും ഇന്ത്യ തങ്ങളുടെ നിലപാട് ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

വിവിധ അന്താരാഷ്ട്ര താരങ്ങള്‍ നടത്തിയ കര്‍ഷക സമരം പിന്തുണച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ എന്തിന് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശനിയാഴ്ച പ്രസ്താവിച്ചിരുന്നു.

'ടൂള്‍ കിറ്റ് എന്നത് വലിയ പ്രധാന്യമുള്ളതാണ്, എന്താണ് അതില്‍ നിന്നും പുറത്ത് എത്തുന്ന കാര്യങ്ങളെന്ന് നാം കാണാന്‍ പോവുകയാണ്. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അധികം അറിയാത്ത കാര്യത്തെക്കുറിച്ച്, വിദേശ താരങ്ങള്‍ ഇങ്ങനെ സംസാരിക്കുമ്പോള്‍ അതിനെതിരെ വിദേശ മന്ത്രാലയം രംഗത്ത് ഇറങ്ങാന്‍ ഒരു കാരണം ഉണ്ടായിരിക്കും" -മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

click me!