ഇന്ത്യയില്‍ ടെസ്ല കാര്‍ വില്‍ക്കുമോ?; മസ്കിന്‍റെ പ്ലാന്‍ ഇങ്ങനെ; മോദി സര്‍ക്കാര്‍ 'നോ' പറഞ്ഞേക്കും.!

By Web Team  |  First Published May 30, 2022, 6:18 PM IST

ടെസ്‌ല കഴിഞ്ഞ വർഷം ആദ്യം ഇന്ത്യയിൽ തങ്ങളുടെ ഘടകം  ആരംഭിക്കുമെന്ന് അറിയിക്കുകയും കർണാടകയിലെ ബെംഗളൂരു നഗരത്തിൽ ഒരു ഓഫീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. 


ദില്ലി: ഇന്ത്യയിലേക്ക് ടെസ്ലയുടെ (Tesla) കടന്നുവരവ് ഏറെ ആഘോഷമായിട്ടായിരുന്നു. ബാംഗലൂരുവില്‍ ഓഫീസ് അടക്കം തുടങ്ങിയ ടെസ്ല എന്നാല്‍ ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് ഇതുവരെ ആരംഭിച്ചിട്ടില്ല എന്നതാണ് സത്യം. ഇതിനുള്ള തടസങ്ങളായി പല വാര്‍ത്തകള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ടെസ്ല ആഗ്രഹിക്കുന്ന രീതിയിലുള്ള നികുതി ഇളവുകള്‍ ലഭിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വരും. മാസങ്ങള്‍ നീണ്ട നിശബ്ദതയ്ക്ക് ശേഷം ടെസ്ല തങ്ങളുടെ 'ഇന്ത്യന്‍ പ്ലാന്‍' എന്ത് എന്നതില്‍ സൂചന നല്‍കിയെന്നാണ് പുതിയ വാര്‍ത്ത.

ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത കാറുകൾ വിൽക്കാനും സർവീസ് നടത്താനും അനുവദിക്കുന്നതുവരെ ടെസ്ല ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ലെന്നാണ് ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് എലോൺ മസ്‌ക് (Elon Musk) വെള്ളിയാഴ്ച പറഞ്ഞത്. ഇന്ത്യയില്‍ ടെസ്ല കാര്‍ നിര്‍മ്മാണ പ്ലാന്‍റ് ഉടന്‍ സ്ഥാപിക്കും എന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ് ഇലോണ്‍ മസ്കിന്‍റെ പുതിയ തീരുമാനം. 

Latest Videos

undefined

ഇന്ത്യയിലെ ടെസ്‌ലയുടെ നിർമ്മാണ പ്ലാന്റിനെക്കുറിച്ച് ഒരു അപ്‌ഡേറ്റ് ആവശ്യപ്പെട്ട ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചോദ്യത്തിനാണ് മസ്‌ക് പ്രതികരിച്ചത്, “കാറുകൾ വിൽക്കാനും സർവീസ് നടത്താനും ഞങ്ങൾക്ക് ആദ്യം അനുവാദമില്ലാത്ത ഒരു സ്ഥലത്തും ടെസ്‌ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ല.”-- മസ്ക് വ്യക്തമാക്കി. 

ഇന്ത്യയില്‍ കാര്‍ നിര്‍മ്മിക്കില്ലെന്ന് ടെസ്‍ല തലവന്‍

ടെസ്ലയും ഇന്ത്യൻ സർക്കാരും രണ്ട് വർഷത്തിലേറെയായി ടെസ്ലയുടെ ഇന്ത്യയിലെ ബിസിനസ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ്. ഈ ചര്‍ച്ചകളെ മസ്കിന്‍റെ പുതിയ വെളിപ്പെടുത്തല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

രാജ്യത്ത് ഒരു നിർമ്മാണ പ്ലാന്റ് തുറക്കാന്‍ ടെസ്ല തയ്യാറാകണം എന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ആവശ്യം. രാജ്യത്ത് പ്രാദേശികമായി കാറുകൾ നിര്‍മ്മിക്കുന്നത് ഉയർന്ന ഇറക്കുമതി തീരുവ പിന്തുടരുന്ന രാജ്യത്ത് ടെസ്ലയ്ക്ക് തന്നെ ഗുണം ചെയ്യും എന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാം. അതിന് നികുതി ഇളവ് വേണം എന്നാണ് ടെസ്ല ആഗ്രഹിക്കുന്നത്. ഈ വാദത്തില്‍ ഇത്രയും കാലം നടന്ന ചര്‍ച്ചകള്‍ ഉടക്കി നില്‍ക്കുന്നു എന്ന സൂചനയും മസ്കിന്‍റെ പുതിയ പ്രസ്താവന നല്‍കുന്നു. 

ടെസ്‌ല കഴിഞ്ഞ വർഷം ആദ്യം ഇന്ത്യയിൽ തങ്ങളുടെ ഘടകം  ആരംഭിക്കുമെന്ന് അറിയിക്കുകയും കർണാടകയിലെ ബെംഗളൂരു നഗരത്തിൽ ഒരു ഓഫീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കർണാടക സര്‍ക്കാര്‍ ഉടൻ തന്നെ ടെസ്ല "കർണ്ണാടകയിൽ ഇലക്ട്രിക് കാർ നിർമ്മാണ യൂണിറ്റ് തുറക്കുമെന്ന്" പ്രത്യശ പ്രകടിപ്പിച്ചിരുന്നു.

അതേ സമയം തണുപ്പന്‍ മട്ടിലാണ് മസ്കിന്‍റെ പ്രതികരണം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത് എന്നാണ് സൂചന. "ഇലോൺ മസ്‌ക് ഇന്ത്യയിൽ ടെസ്ല കാര്‍ നിർമ്മിക്കാൻ തയ്യാറാണെങ്കിൽ, ഒരു പ്രശ്‌നവുമില്ല," ഇന്ത്യയുടെ റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. എന്നാൽ ചൈനയിൽ കാറുകൾ നിർമിച്ച് ഇന്ത്യയിൽ വിൽക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ മോദി സര്‍ക്കാര്‍ മസ്കിന് വഴിങ്ങില്ലെന്നും ഏതാണ്ട് ഉറപ്പാണ്. 

100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതിക വിദ്യ; വിപ്ലവകരമായ കണ്ടുപിടുത്തം

അതേ സമയം  മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ടൊയോട്ട, ഹ്യുണ്ടായ് എന്നിവയുൾപ്പെടെ നിരവധി ആഗോള ബ്രാൻഡുകൾ സമീപ വർഷങ്ങളിൽ ഇന്ത്യയിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിച്ചിട്ടുണ്ട്. ഈ വർഷമാദ്യം ഒരു ട്വീറ്റിൽ, ടെസ്‌ല ഇപ്പോഴും സർക്കാരുമായി ഒരുപാട് വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് മസ്‌ക് പറഞ്ഞിരുന്നു.  ഇന്തോനേഷ്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയില്‍ നിയമിച്ച ടെസ്ല ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ഇക്കണോമിക് ടൈംസ് ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാം മസ്ക് ഇന്ത്യന്‍ പ്ലാനില്‍ നിന്നും പിന്‍വാങ്ങുന്നോ എന്ന സംശയവും വാഹനരംഗത്തുണ്ട്.

click me!