ഐപി അധിഷ്ഠിത വീഡിയോ സുരക്ഷ സംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

By Web Team  |  First Published Jul 10, 2022, 4:49 PM IST

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രധാന 756  സ്റ്റേഷനുകളെ എ1, എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചായിരിക്കും പദ്ധതി തീർക്കുന്നത്. 


ദില്ലി: സ്റ്റേഷനുകളിൽ കൂടുതൽ സ്ത്രീ സുരക്ഷാ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിച്ചു തുടങ്ങി.

റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള പ്രധാന ചുവടുവയ്പ്പായാണ് പുതിയ നീക്കം.  നിർഭയ ഫണ്ടിന് കീഴിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കേന്ദ്ര ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനമായ (പിഎസ്യു) റെയിൽടെല്ലിനെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

Latest Videos

undefined

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രധാന 756  സ്റ്റേഷനുകളെ എ1, എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചായിരിക്കും പദ്ധതി തീർക്കുന്നത്. 2023 ജനുവരിയിൽ ഇത് പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ബാക്കിയുള്ള സ്റ്റേഷനുകൾ പദ്ധതി നടപ്പാക്കലിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും.

"ഗതാഗതത്തിന്റെ പ്രധാന കേന്ദ്രങ്ങളായ റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളിൽ, അതായത് വെയിറ്റിംഗ് ഹാളുകളിൽ, റിസർവേഷൻ കൗണ്ടറുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിക്കുന്നതിനുള്ള  ഒരുക്കത്തിലാണ്. പാർക്കിംഗ് ഏരിയകൾ, പ്രധാന കവാടം/ എക്സിറ്റ്, പ്ലാറ്റ്ഫോമുകൾ, ഫുട്ട് ഓവർ ബ്രിഡ്ജുകൾ, ബുക്കിംഗ് ഓഫീസുകൾ മുതലായ ഇടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്." എന്ന് റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്. 

ഏറ്റവും ആധുനികമായ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും  ഉപയോഗിച്ച് പദ്ധതി വേഗത്തിൽ നടപ്പാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. സിസിടിവികൾ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ ആയിരിക്കും പ്രവർത്തിക്കുക. സിസിടിവി ക്യാമറകളുടെ വീഡിയോ ഫീഡ് ലോക്കൽ ആർപിഎഫ് പോസ്റ്റുകളിൽ മാത്രമല്ല, ഡിവിഷണൽ, സോണൽ തലങ്ങളിലെ കേന്ദ്രീകൃത സിസിടിവി കൺട്രോൾ റൂമുകളിലും ദൃശ്യമാകും. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രവർത്തനക്ഷമമാക്കിയ വീഡിയോ അനലിറ്റിക്‌സ് സോഫ്‌റ്റ്‌വെയറും ഫേഷ്യൽ റെക്കഗ്‌നിഷൻ സോഫ്‌റ്റ്‌വെയറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി നീരിക്ഷണ വിധേയമാകേണ്ടവർ സ്റ്റേഷൻ പരിസരത്ത് കടക്കുമ്പോൾ തന്നെ അറിയാൻ കഴിയും. ഏത് വെബ് ബ്രൗസറിൽ നിന്നും അംഗീകൃത ഉദ്യോഗസ്ഥർക്ക് കാണാൻ കഴിയുന്ന തരത്തിൽ ക്യാമറകൾ, സെർവറുകൾ, യുപിഎസ്, സ്വിച്ചുകൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള നെറ്റ്‌വർക്ക് മാനേജ്‌മെന്റ് സിസ്റ്റവും (എൻഎംഎസ്) മന്ത്രാലയം നൽകിയിട്ടുണ്ട്.

റെയിൽവേ പരിസരത്ത് പരമാവധി കവറേജ് ഉറപ്പാക്കാനായി ഡോം ടൈപ്പ്, ബുള്ളറ്റ് തരം, പാൻ ടിൽറ്റ് സൂം തരം, അൾട്രാ എച്ച്ഡി- 4കെ എന്നിങ്ങനെ നാല് തരം ഐപി ക്യാമറകളാണ് സ്ഥാപിക്കുന്നത്.  സിസിടിവി ക്യാമറകളിൽ നിന്നുള്ള വീഡിയോ ഫീഡുകളുടെ റെക്കോർഡിംഗ് 30 ദിവസത്തേക്ക് സൂക്ഷിക്കുകയും ചെയ്യും.

click me!