പുതിയ ഐടി ചട്ടങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയുടെ കഴുത്തിന് പിടിക്കുന്നോ.?

By Vipin Panappuzha  |  First Published Oct 31, 2022, 2:45 PM IST

ഈ പരിഷ്കരിച്ച ഐടി ചടങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്താണ്? കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഇനി പിടിമുറുക്കുമോ?, മെറ്റ, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ ഭീമന്മാരുടെ ഇന്ത്യയിലെ ഭാവി എന്തായിരിക്കും?   ഇങ്ങനെ ചില വലിയ ചോദ്യങ്ങള്‍ പുതുക്കിയ ഐടി ചട്ടങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.


ദില്ലി: ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ പുതിയ വിജ്ഞാപനം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ്  ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയത്. ഈ പരിഷ്കരിച്ച ഐടി ചടങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്താണ്? കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഇനി പിടിമുറുക്കുമോ?, മെറ്റ, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ ഭീമന്മാരുടെ ഇന്ത്യയിലെ ഭാവി എന്തായിരിക്കും?   ഇങ്ങനെ ചില വലിയ ചോദ്യങ്ങള്‍ പുതുക്കിയ ഐടി ചട്ടങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ചട്ടത്തില്‍ പറയുന്നത്

Latest Videos

undefined

പ്രധാനമായും മൂന്ന് സുപ്രധാന മാറ്റങ്ങളാണ്, കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐടി ചട്ടങ്ങളുടെ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.

1. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനമായ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റികൾ അഥവ ജിഎസി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുമെന്നതാണ് ഐടി ചട്ടത്തിന്‍റെ ഭേദഗതിയിലെ പ്രധാന മാറ്റം. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സമിതിയാണ് ഇത്. 

2. ഇതിനൊപ്പം വർഷത്തിൽ ഒരിക്കലെങ്കിലും സോഷ്യല്‍ മീഡിയ കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലെ നിയമങ്ങളും നിയന്ത്രണങ്ങളും സ്വകാര്യതാ നയം എന്നിവ കൃത്യമായി ഉപയോക്താക്കളെ അറിയിക്കണം. അതും പ്രദേശിക ഭാഷകളില്‍ അടക്കം വേണം.

3. നിയമങ്ങൾ ലംഘിക്കുന്ന ഒരു പോസ്റ്റിനെതിരെ ഏതെങ്കിലും ഉപയോക്താവ് പരാതി നല്‍കിയാല്‍. അത് ലഭിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനി 24 മണിക്കൂറിനുള്ളിൽ അത് ലഭിച്ചുവെന്ന് ഉപയോക്താവിനെ അറിയിക്കണം. 15 ദിവസത്തിനുള്ളിൽ അത് പരിഹരിക്കുകയും ചെയ്യണം. പോസ്റ്റ് നീക്കം ചെയ്യാനുള്ള അഭ്യർത്ഥന ഇത്തരം പരാതിയിൽ ഉണ്ടെങ്കിൽ 72 മണിക്കൂറിനുള്ളിൽ അതില്‍ നടപടി വേണം.

എന്തുകൊണ്ട് ഇത്തരം ഒരു ചട്ടത്തിലെ മാറ്റം

നിലവില്‍ നിങ്ങള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനെ സംബന്ധിച്ച് പരാതിയുണ്ട്, എന്ത് ചെയ്യും. ഏത് പ്ലാറ്റ്ഫോമിലാണോ പോസ്റ്റ് കാണുന്നത് അവരുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാം.  2021 മെയ്മാസത്തില്‍ ഐടി നിയമത്തില്‍ വരുത്തിയ മാറ്റത്തോടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ ഉയര്‍ത്തുന്ന പരാതികള്‍ പരിഹരിക്കാന്‍ പരാതി പരിഹാര ഓഫീസറെ ഒരോ സോഷ്യല്‍ മീഡിയ കമ്പനികളും നിയമിക്കണം എന്നാണ് പറയുന്നത്.

ഇത് മാത്രമല്ല, ഒരോ മാസത്തിലും ഇത്തരത്തില്‍ ഉപയോക്താക്കള്‍ ഉയര്‍ത്തുന്ന എത്ര പരാതികളില്‍ നടപടി എടുത്തു, എന്തൊക്കെ നടപടികള്‍ എന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കാനും ഇപ്പോള്‍ ഇന്ത്യയിലെ നിയമങ്ങള്‍ അനുശസിക്കുന്നു. 2021 മെയ് മാസത്തിലെ വിവിധ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ട്വിറ്ററും ഫേസ്ബുക്കും മറ്റും ഇതിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാറുമായി ഇത്തിരി പ്രശ്നമൊക്കെ ഉണ്ടാക്കിയത് കാണാം.

എങ്കിലും അവസാനം ഗ്രീവൻസ് സംവിധാനവും പരാതി പരിഹാര ഓഫീസറെയൊക്കെ സോഷ്യല്‍ മീഡിയ കമ്പനികള്‍ നിയമിച്ചു. പക്ഷെ ഒരു വര്‍ഷത്തിലേറെ കഴിയുമ്പോള്‍ ഇതുപോരെന്ന് തോന്നിയാണ് പുതിയ മാറ്റം. കേന്ദ്രം വരുത്തുന്നത്. ഇതിലേക്ക് നയിച്ച കാരണങ്ങളായി കേന്ദ്രം പറയുന്നത് ഇതാണ്. ഇത്തരം ഒരു ചട്ട ഭേദഗതി മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ രൂപീകരിച്ചതില്‍ കേന്ദ്രം പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.

1. സോഷ്യല്‍ മീഡിയയിലെ മോശം ഉള്ളടക്കങ്ങള്‍, വീഡിയോകള്‍, മറ്റ് ദോഷകരമായ പോസ്റ്റുകള്‍ ഇവ ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നു. രാജ്യസുരക്ഷ, അശ്ലീലം, സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ വര്‍ദ്ധിക്കുന്നു.
2. സോഷ്യല്‍ മീഡിയ ഭീമന്മാരുടെ സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമാകുന്നില്ല.
3. ലക്ഷക്കണക്കിന് പരാതികളാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെതായി കെട്ടി കിടക്കുന്നത് അതിന് പരിഹാരം ലഭിക്കുന്നില്ല.

ഇത്തരം അവസ്ഥയിലാണ് ജിഎസികള്‍ രൂപീകരിക്കാനുള്ള പുതിയ ഐടി ചട്ടം. സര്‍ക്കാര്‍ നിയമിക്കുന്ന മൂന്ന് അംഗങ്ങളാണ് ഈ സമിതിയില്‍ ഉണ്ടാകുക. ഒരു ചെയര്‍മാനും, രണ്ട് സ്ഥിരം അംഗങ്ങളും. 30 ദിവസത്തിനകം ഈ സമിതികള്‍ രൂപീകരിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഒരു സമിതി അല്ല ഒന്നിലധികം സമിതികള്‍ രൂപീകരിക്കും എന്ന് കേന്ദ്രം ഇതിനകം സൂചനകള്‍ നല്‍കി കഴിഞ്ഞു.

എന്താണ് ജിഎസിയുകളുടെ അധികാരം

ഒരു ഉപയോക്താവ് പരാതിയുമായി സോഷ്യൽ മീഡിയ കമ്പനികളുടെ ഗ്രീവൻസ് ഓഫീസറെ സമീപിച്ചു. എന്നാല്‍ ഇതില്‍ പരിഹാരം ഉണ്ടായില്ല എന്ന് തോന്നിയാല്‍ അയാള്‍ക്ക്  GAC-ൽ അപ്പീൽ നൽകാം. GAC ഇത്തരം അപ്പീലില്‍ എടുക്കുന്ന ഏതൊരു തീരുമാനവും സോഷ്യൽ മീഡിയ കമ്പനികള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാണെന്ന് പുതിയ ഐടി ചട്ടങ്ങള്‍ പറയുന്നു. 

സോഷ്യല്‍ മീഡിയ കമ്പനി പരാതിയില്‍ തീരുമാനം എടുത്ത് മൂന്ന് ദിവസത്തിനുള്ളില്‍ GAC-ൽ പരാതി നല്‍കാം. GAC പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇതില്‍ പരിഹാരം കാണേണ്ടതുണ്ട്. ഇത്തരത്തില്‍ ജിഎഎസി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ബാധ്യസ്ഥമാണ്. 

ആശങ്കകള്‍, ആകുലതകള്‍

എന്നാല്‍ പുതിയ ഐടി ചട്ടങ്ങള്‍ ചില ആശങ്കകള്‍ ഉയര്‍ത്തുന്നു എന്നാണ് ഇന്‍റര്‍നെറ്റ് ലോകത്തിലെ ഒരു വിഭാഗം വാദിക്കുന്നത്. GAC കള്‍ നിലവില്‍ വരുന്നതാണ് പ്രധാന ആശങ്ക. സോഷ്യല്‍ മീഡിയയ്ക്ക് മുകളില്‍ സര്‍ക്കാര്‍ ഒരു സെന്‍സര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു എന്നതാണ് ഇവര്‍ വാദിക്കുന്നത്. 
ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വതന്ത്ര്യത്തെ ഇത് ജിഎഎസികള്‍ പ്രതികൂലമായി ബാധിക്കും എന്നാണ് ഫ്രീ ഇന്‍റര്‍നെറ്റ് സൊസേറ്റി പോലുള്ള സംഘടനകള്‍ വാദിക്കുന്നത്. 

ഒരു പടികൂടി കടന്ന് ദൃശ്യമാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം വശത്താക്കി അതുപോലെ സോഷ്യല്‍മീഡിയ കമ്പനികളെ വശത്താക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അഭിപ്രായപ്പെട്ടത്.

GACയിലെ മൂന്ന് അംഗങ്ങളെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാറാണ്. അതിനാല്‍ തന്നെ കേന്ദ്രത്തിനെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റിനെതിരെ ആരെങ്കിലും GACയില്‍ പരാതിയുമായി  എത്തിയാല്‍ അതിനെതിരെ എന്തായിരിക്കും ഇവരുടെ തീരുമാനം. തുടങ്ങിയ ആശങ്കകളാണ് നിലനില്‍ക്കുന്നത്. അതായത് സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങിയ ഒരു പാനലിന് മുന്നിലേക്ക് സര്‍ക്കാറിനെതിരായ ഒരു പോസ്റ്റ് നീക്കണോ, അല്ല നിലനിര്‍ത്തണോ എന്ന വാദം എത്തിയാല്‍ അതില്‍ സ്വഭാവിക നീതി ഇല്ലാതാകും എന്നതാണ് വാദം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സര്‍ക്കാറിന്‍റെ ഇഷ്ടം സോഷ്യല്‍ മീഡിയയില്‍ നടപ്പിലാക്കാന്‍  വലിയ ശേഷിയുള്ള മേല്‍കമ്മിറ്റികള്‍ വഴി 

എന്നാല്‍ ഇതില്‍ ആശങ്ക പ്രകടിപ്പിച്ച കപില്‍ സിബലിന്‍റെ പ്രസ്താവനകളെ തന്നെ 'ഫേക്ക് ഇന്‍ഫര്‍മേഷന്‍' എന്ന് ഫ്ലാഗ് ചെയ്താണ് കേന്ദ്രം പ്രതികരിച്ചത്. രാജ്യത്തെ സോഷ്യല്‍ മീഡിയ ഇന്‍റര്‍നെറ്റ് പരിസരം സുരക്ഷിതമാക്കുവാനുള്ള നീക്കത്തിലാണ് കേന്ദ്രം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്.

ഇതിനൊപ്പം തന്നെ സോഷ്യല്‍ മീഡിയ കമ്പനികള്‍ ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ, ട്വിറ്റര്‍ മുതലായവ പ്രതികരണം നടത്തിയിട്ടില്ല. സര്‍ക്കാര്‍ നിബന്ധനകള്‍ ഇനി ഈ കമ്പനികള്‍ അനുസരിക്കുമോ, അല്ല കോടതിയില്‍ എത്തുമോ എന്നാണ് അറിയേണ്ടത്.

ട്വിറ്ററിലെ ബ്ലൂടിക്കുകാര്‍ക്ക് വന്‍ പണി കൊടുക്കാന്‍ ഇലോണ്‍ മസ്ക്; ഇനി 'ഫ്രീ' ബ്ലൂടിക്ക് വേണ്ട.!

click me!