'പരം പൊരുൾ' സൂപ്പര്‍ കംപ്യൂട്ടര്‍ സ്ഥാപിച്ച് തിരുച്ചിറപ്പള്ളി എൻഐടി

By Web Team  |  First Published May 26, 2022, 11:04 PM IST

ദേശീയ സൂപ്പർ കംപ്യൂട്ടിംഗ് മിഷന്റെ (എൻഎസ്‌എം) രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് പരം പൊരുൾ സൂപ്പർ കംപ്യൂട്ടിംഗ് സിസ്റ്റം സ്ഥാപിച്ചത്. 


തിരുച്ചിറപ്പള്ളി: എൻഐടിയിൽ സ്ഥാപിച്ച അത്യാധുനിക സൂപ്പർ കംപ്യൂട്ടര്‍ സിസ്റ്റം 'പരം പൊരുൾ' ഉദ്ഘാടനം ചെയ്തു. എൻഐടി തിരുച്ചിറപ്പള്ളി ചെയർപേഴ്‌സൺ ബോർഡ് ഓഫ് ഗവർണേഴ്‌സ് ഭാസ്‌കർ ഭട്ടാമ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ദേശീയ സൂപ്പർ കംപ്യൂട്ടിംഗ് മിഷന്റെ (എൻഎസ്‌എം) രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് പരം പൊരുൾ സൂപ്പർ കംപ്യൂട്ടിംഗ് സിസ്റ്റം സ്ഥാപിച്ചത്. ഈ സംവിധാനം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഭൂരിഭാഗം ഘടകങ്ങളും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്‍റെ ഭാഗമായി സി-ഡാക് തദ്ദേശീയമായി വികസിപ്പിച്ചതാണ്.  

Latest Videos

undefined

എന്‍എസ്എമ്മിന് കീഴിൽ ഈ 838 ടെറാഫ്ലോപ്പ് സൂപ്പർകമ്പ്യൂട്ടിംഗ് സൗകര്യം സ്ഥാപിക്കുന്നതിനായി എന്‍ഐടി തിരുച്ചിറപ്പള്ളിയും സെന്റർ ഫോർ ഡെവലപ്‌മെന്റ് ഇൻ അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗും (C-DAC) 2020 ഒക്ടോബർ 12-നാണ് ധാരണാപത്രം ഒപ്പുവച്ചത്. സിപിയു നോഡുകൾ, ജിപിയു നോഡുകൾ, ഉയർന്ന മെമ്മറി നോഡുകൾ, ഉയർന്ന ത്രൂപുട്ട് സ്റ്റോറേജ്, ഉയർന്ന പെർഫോമൻസ് ഇൻഫിനിബാൻഡ് ഇന്റർകണക്റ്റ് എന്നിവയെല്ലാം   'പരം പൊരുൾ'  സിസ്റ്റത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

പരം പൊരുൾ സംവിധാനം ഡയറക്ട് കോൺടാക്റ്റ് ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യ ഉള്‍പ്പെടുന്നതാണ്. ഉയർന്ന പവർ ഉപയോഗ ഫലപ്രാപ്തി ഉറപ്പാക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. 

കാലാവസ്ഥ, ബയോ ഇൻഫോർമാറ്റിക്‌സ്, കമ്പ്യൂട്ടേഷണൽ കെമിസ്ട്രി, മോളിക്യുലാർ ഡൈനാമിക്‌സ്, മെറ്റീരിയൽ സയൻസസ്, കമ്പ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക്‌സ് തുടങ്ങി വിവിധ ശാസ്ത്ര മേഖലകളിൽ നിന്നുള്ള ഒന്നിലധികം ആപ്ലിക്കേഷനുകൾ ഗവേഷകരുടെ അവശ്യാനുസരണം ഈ സിസ്റ്റത്തിൽ പ്രവര്‍ത്തനക്ഷമം ആക്കിയിട്ടുണ്ട്.

ഹൈ എൻഡ് കംപ്യൂട്ടിംഗ് സംവിധാനം ഗവേഷക സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാകും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചത്. തിരുച്ചിറപ്പള്ളിയിലെ എന്‍ഐടി ആരോഗ്യം, കൃഷി, കാലാവസ്ഥ, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ സാമൂഹിക താൽപ്പര്യമുള്ള മേഖലകളിൽ ഗവേഷണം നടത്തുന്നു. എൻഎസ്‌എമ്മിന് കീഴിൽ സ്ഥാപിച്ച സൗകര്യം ഈ ഗവേഷണത്തെ ശക്തിപ്പെടുത്തും.

click me!