ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയതിനാല്‍ ഇവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്.
ദില്ലി: ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ അടിയന്തരമായി കർശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയതിനാല്‍ ഇവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്.
സമൂഹത്തിലെ ദുർബലരും താഴ്ന്ന വരുമാനക്കാരുമായ ആളുകൾക്ക്. ഇടപാടുകളുടെ നൂലമാലകളും, സാങ്കേതിക തടസ്സങ്ങളും ഇല്ലാതെ ഹ്രസ്വകാല വായ്പകളോ മൈക്രോ ക്രെഡിറ്റുകളോ നൽകുന്ന അനധികൃത ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകള്‍ ഇപ്പോള്‍ രാജ്യത്ത് വ്യാപകമാണ്. അമിതമായ പലിശയില്‍ പണം നല്‍കുന്ന ഇവ ഇന്ത്യയിലുടനീളം ധാരാളം പരാതികൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
undefined
കോൺടാക്‌റ്റുകൾ, ലൊക്കേഷൻ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ പോലുള്ള കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങൾ ബ്ലാക്ക്‌മെയിലിംഗിനും ഉപദ്രവിക്കലിനും കടം കൊടുക്കുന്ന ആപ്പുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിക്കുന്നു. ഈ നിയമവിരുദ്ധമായ വായ്പാ ആപ്ലിക്കേഷനുകൾ നടത്തിയ ലോണ്‍ തിരിച്ചടപ്പിക്കാനുള്ള ക്രൂരമായ രീതികള്‍ ഇന്ത്യയിലുടനീളം നിരവധിപേരുടെ ജീവൻ അപഹരിച്ചുവെന്നാണ് വിവരം.
ഈ പ്രശ്നം ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പറയുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണം ഇല്ലാത്ത ഈ നിയമവിരുദ്ധ വായ്പാ ആപ്പുകൾ ബൾക്ക് എസ്എംഎസ്, ഡിജിറ്റൽ പരസ്യം, ചാറ്റ് മെസഞ്ചറുകൾ, മൊബൈൽ ആപ്പ് സ്റ്റോറുകൾ എന്നിവ പരസ്യത്തിനും, പ്രചാരണത്തിനുമായി വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇത്തരം ആപ്പുകളില്‍ നിന്നും ലോണുകൾ ലഭിക്കുന്നതിന്, കോൺടാക്‌റ്റുകളിലേക്കും ലൊക്കേഷനിലേക്കും ഫോൺ സ്‌റ്റോറേജിലേക്കും കടം വാങ്ങുന്നയാൾ നിർബന്ധിത ആക്‌സസ് നൽകേണ്ടതുണ്ട്.ആർബിഐയുടെ ഫെയർ പ്രാക്ടീസ് കോഡ് ലംഘിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള റിക്കവറി ഏജന്റുമാർ മോർഫ് ചെയ്‌ത ചിത്രങ്ങളും മറ്റ് ദുരുപയോഗ പ്രവർത്തനങ്ങളും ഉപയോഗിച്ച് പൗരന്മാരെ ഉപദ്രവിക്കാനും ബ്ലാക്ക്‌മെയിൽ ചെയ്യാനും ഈ ഡാറ്റ ദുരുപയോഗം ചെയ്യുന്നുണ്ട്.
ഡിസ്‌പോസിബിൾ ഇമെയിലുകൾ, വെർച്വൽ നമ്പറുകൾ, മ്യൂൾ അക്കൗണ്ടുകൾ, ഷെൽ കമ്പനികൾ, പേയ്‌മെന്റ് അഗ്രഗേറ്ററുകൾ, എപിഐ സേവനങ്ങൾ (അക്കൗണ്ട് മൂല്യനിർണ്ണയം, ഡോക്യുമെന്റ് വെരിഫിക്കേഷൻ), ക്ലൗഡ് ഹോസ്റ്റിംഗ്, ക്രിപ്‌റ്റോകറൻസി തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ സംഘടിത സൈബർ കുറ്റകൃത്യമാണ് ഇതെന്ന് അന്വേഷണത്തിന് ശേഷം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത് സംബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന ഏജന്‍സികള്‍ ഡൊമെയ്ൻ വിദഗ്ധരെ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നു. ലോൺ ആപ്പ് അന്വേഷണത്തിന്റെ ഭാഗമായി മാല്‍വെയര്‍ അനലിസ്റ്റ്, ക്രിപ്‌റ്റോ ഇടപാട് കണ്ടെത്തൽ എന്നിവയ്ക്കുള്ള സാങ്കേതിക സഹായത്തിനായി നിയമ നിർവ്വഹണ ഏജൻസികൾക്ക് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (14 സി), സിഐഎസ് ഡിവിഷന്റെ ഭാഗമായ നാഷണൽ സൈബർ ക്രൈം ഫോറൻസിക് ലബോറട്ടറിയുടെ (എൻസിഎഫ്എൽ) സേവനം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യർത്ഥിക്കുന്നു. കൂടാതെ, ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകൾക്കെതിരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ അവബോധം പ്രചരിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രം അഭ്യർത്ഥിക്കുന്നു.