ഏപ്രില്‍ ഒന്നിനുള്ളില്‍ പഞ്ചായത്തുകളിലേക്കും കെ സ്മാര്‍ട്ട് സേവനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കെ സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മറുപടിയുമായി മന്ത്രി എംബി രാജേഷ്. കെ സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രധാന സംശയങ്ങള്‍ക്കും പരാതികള്‍ക്കുമുള്ള മറുപടിയാണ് പങ്കുവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍ ഒന്നിനുള്ളില്‍ പഞ്ചായത്തുകളിലേക്കും കെ സ്മാര്‍ട്ട് സേവനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയെ കുറിച്ച് സംശയങ്ങളുള്ളവര്‍ക്ക് 9447 165 401, 0471- 277 3160 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്കും 9446 300 500 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കും ബന്ധപ്പെടാമെന്ന് മന്ത്രി അറിയിച്ചു.
മന്ത്രി രാജേഷിന്റെ കുറിപ്പ്: കെ സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്നലെയിട്ട പോസ്റ്റില്‍ നിരവധി പേര്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളും ചില പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. പ്രധാന നിര്‍ദേശങ്ങളോടുള്ള പ്രതികരണമാണ് ഈ പോസ്റ്റ്.
# ഏറ്റവുമധികം ആളുകള്‍ക്ക് അറിയാനുണ്ടായിരുന്നത് കെ സ്മാര്‍ട്ട് ഇപ്പോള്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നതാണ്. ഈ ഏപ്രില്‍ ഒന്നിനുള്ളില്‍ പഞ്ചായത്തുകളിലേക്കും കെ സ്മാര്‍ട്ട് സേവനം ഉറപ്പാക്കും.
# വിദേശത്തുള്ളവര്‍ക്ക് ഒടിപി, മൊബൈല്‍ ഫോണിനു പുറമേ ഇമെയിലില്‍ കൂടി ലഭ്യമാക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ആപ്ലിക്കേഷനിലേക്ക് ഒടിപി വഴിയല്ലാതെ, പാസ്വേര്‍ഡ് വഴി കൂടി ലോഗിന്‍ സാധ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ സാധ്യത പരിശോധിക്കാനുള്ള നിര്‍ദേശം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് നല്‍കിയിട്ടുണ്ട്. മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയവരുമുണ്ട്. മൊബൈല്‍ ആപ്പ് കൂടുതല്‍ മികവുള്ളതാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്ന വിവരം അറിയിക്കുന്നു.
# അക്ഷയ കേന്ദ്രത്തില്‍ ലോഗിന്‍ ലഭിച്ചിട്ടില്ല എന്നതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ കഴിയുന്നില്ല എന്നതായിരുന്നു ഒരു പരാതി. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഇതിനകം തന്നെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ലോഗിന്‍ ലഭിച്ചെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആ പ്രത്യേക വിഷയം ഉന്നയിച്ചാല്‍ പരിശോധിക്കാം. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ ഉള്‍പ്പെടെ സ്വന്തമായി ലോഗിന്‍ ചെയ്ത് കെ സ്മാര്‍ട്ടിലൂടെ ആര്‍ക്കും ചെയ്യാനും കഴിയും.
# ഡിസംബര്‍ 15ന് സമര്‍പ്പിച്ച പെര്‍മ്മിറ്റ് അപേക്ഷയില്‍ ഫീസ് അടയ്ക്കാന്‍ അസൗകര്യം നേരിട്ടതായി ഒരു കമന്റ് വന്നിരുന്നു. ഫീസ് ഒടുക്കാനുള്ള സൌകര്യം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നഗരസഭകളില്‍ ലഭ്യമാണ്. കെ സ്മാര്‍ട്ട് ലോഞ്ച് ചെയ്തത് ജനുവരി ഒന്നിനാണ്. അതിനും പതിനഞ്ച് ദിവസം മുന്‍പാണ് അപേക്ഷ എന്നതിനാല്‍, അപേക്ഷകന്റെ ലോഗിനില്‍ പണം അടയ്ക്കാനുള്ള സൌകര്യം ലഭ്യമാകില്ല. നഗരസഭാ ഓഫീസിലെത്തി ഈ ഫീസ് അടയ്ക്കാന്‍ കഴിയും. ജനുവരി ഒന്നിന് ശേഷമുള്ള അപേക്ഷകളില്‍ എവിടെയിരുന്നും ഫീസ് അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
# റിട്ടേണ്‍ ചെയ്യുന്ന ലൈസന്‍സ് അപേക്ഷ എഡിറ്റ് ചെയ്യാന്‍ സൌകര്യമില്ല എന്ന് ഒരു ലൈസന്‍സി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സൗകര്യം വൈകാതെ തന്നെ കെ സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതാണ്. ലൈസന്‍സികളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
# ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ റസീപ്റ്റ് ലഭിച്ചില്ല എന്ന ഒരു കമന്റ് വരികയുണ്ടായി. സാധാരണ നിലയില്‍ അപേക്ഷിച്ചാലുടന്‍ റസീപ്റ്റ് ലഭിക്കുന്നതാണ്. ഈ വിഷയം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ ലൈസന്‍സിന് അപേക്ഷിക്കാനുള്ള സൌകര്യം ജനുവരി 22 മുതല്‍ തയ്യാറാകും.
# തൊഴില്‍ നികുതി അടയ്ക്കാന്‍ ഇപ്പോള്‍ തന്നെ കെ സ്മാര്‍ട്ടില്‍ സൌകര്യമുണ്ട്. നഗരസഭയില്‍ അന്വേഷിച്ചാല്‍ ഇക്കാര്യങ്ങള്‍ അറിയാനാകും. തൊഴില്‍ നികുതിക്ക് മാത്രമായി ഒരു പ്രത്യേക സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന വിവരം കൂടി പങ്കുവെക്കുന്നു.
# കെ സ്മാര്‍ട്ടിലൂടെ വാര്‍ഡ് മെമ്പര്‍ക്കും എംഎല്‍എയ്ക്കും പരാതി കൊടുക്കാനാകുമോ എന്ന ഒരു സംശയം ഉന്നയിക്കപ്പെട്ടിരുന്നു. അതാത് നഗരസഭാ സെക്രട്ടറിക്ക് പരാതി കൊടുക്കാനുള്ള സൌകര്യമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. നഗരസഭ വഴി വാര്‍ഡ് അംഗത്തിന്റെയോ എംഎല്‍എയുടെയോ ശ്രദ്ധയില്‍ വിഷയങ്ങളെത്തിക്കാന്‍ കഴിയും.
# എല്ലാ സേവനങ്ങളും മൊബൈല്‍ ആപ്പില്‍ ലഭ്യമല്ല എന്ന ഒരു പരാതിയും ശ്രദ്ധയില്‍പ്പെട്ടു. എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങളും ആപ്പില്‍ ലഭ്യമാക്കുന്നതിന് പരിമിതിയുണ്ട്. കെട്ടിട പെര്‍മ്മിറ്റ് പോലെയുള്ള സേവനങ്ങള്‍ക്ക്, അപേക്ഷകളുടെ കൂടെ ഡ്രോയിംഗ് ഉള്‍പ്പെടെ സമര്‍പ്പിക്കണമെന്നതിനാല്‍ വെബ്‌സൈറ്റ് വേര്‍ഷന്‍ തന്നെ ഉപയോഗിക്കേണ്ടിവരും.
'അക്ഷതം വിതരണം ചെയ്യുന്നതിനിടെ മര്‍ദ്ദിച്ചു'; പരാതിയുമായി യുവാവ്