ചെലവ് കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടൽ ; പുതിയ മാർഗവുമായി ഇന്‍റല്‍

By Web Team  |  First Published Oct 13, 2022, 6:21 AM IST

കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിലായിരിക്കും പിരിച്ചുവിടലുകൾ കൂടുതലും നടക്കുകയെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ഏറ്റവും പുതിയ നീക്കം 20 ശതമാനത്തോളം ജീവനക്കാരെ ബാധിക്കുമെന്നും സൂചനയുണ്ട് 


ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി ഇന്റൽ. നിരവധി വൻകിട ടെക് കമ്പനികളും ടീമുകളുടെ പുനർനിർമ്മാണത്തിന്റെ പേരിൽ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. വരും ആഴ്ചകളിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ.  ഒക്ടോബർ 27 ന്  മൂന്നാം പാദ വരുമാന റിപ്പോർട്ട് മീറ്റിംഗ് നടക്കുമ്പോൾ തന്നെ ജോലി വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിക്കുമെന്നാണ് പറയപ്പെടുന്നത്. ചെലവുകൾ കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇന്റൽ പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. അഡ്വാൻസ്ഡ് മൈക്രോ ഡിവൈസുകൾ പോലെയുള്ള എതിരാളികളുമായി കടുത്ത മത്സരം ഉള്ളതിനാൽ നിലവിലെ മാർക്കറ്റ് ഷെയർ നിലനിർത്താൻ ചിപ്പ് മേക്കർ പാടുപെടുകയാണെന്നാണ് റിപ്പോർട്ട്. 

ഈ വർഷം ജൂലൈയിൽ 2022 ലെ വിൽപ്പന മുമ്പത്തേതിനേക്കാൾ ഏകദേശം 11 ബില്യൺ ഡോളർ കുറവായിരിക്കുമെന്ന സൂചന കമ്പനി നൽകിയിരുന്നു. ഈ വർഷം ആദ്യം ലാഭം മെച്ചപ്പെടുത്തുന്നതിനായി ഭാവിയിൽ ചില നടപടികൾ കൈക്കൊള്ളുമെന്ന് ഇന്റൽ പ്രഖ്യാപിച്ചിരുന്നു. ചെലവ് ലാഭിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ആളുകളുടെ എണ്ണം കുറയ്ക്കുന്നത്. കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിലായിരിക്കും പിരിച്ചുവിടലുകൾ കൂടുതലും നടക്കുകയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്പനിയുടെ ഏറ്റവും പുതിയ നീക്കം 20 ശതമാനത്തോളം ജീവനക്കാരെ ബാധിക്കുമെന്നും റിപ്പോർട്ട്  സൂചിപ്പിക്കുന്നു. ഇന്റലിന്റെ നിശ്ചിത ചെലവിന്റെ 15 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ കമ്പനി ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Latest Videos

കൂടാതെ, ഇന്റൽ ഡിമാൻഡിൽ കുത്തനെ ഇടിവ് നേരിടുന്നതു പോലെ ലെനോവോ, ഡെൽ, എച്ച്പി തുടങ്ങിയ പിസി നിർമ്മാതാക്കളും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഐഡിസിയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ആദ്യം പിസി വിപണിയിൽ 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനം മെച്ചപ്പെടുത്തുന്നതിനായി "മൊബൈൽ സെൽഫ്-ഡ്രൈവിംഗ് ടെക്നോളജി ബിസിനസിന്റെ ഓഹരികൾ പ്രാഥമിക പബ്ലിക് ഓഫറിംഗിൽ തന്നെ വിൽക്കാൻ" ഇന്റലിന് പദ്ധതിയുണ്ടെന്നും പറയപ്പെടുന്നു.

click me!