പഴയ ചൂതാട്ട വിരുദ്ധ നിയമങ്ങളും, സംസ്ഥാന നിയമങ്ങളും ഒരു പരിധിവരെ ഇത്തരം ഗെയിമുകളുടെ അപകടത്തിനെതിരെ ഉപയോഗിക്കാമെങ്കിലും ഒരുഘട്ടത്തിനപ്പുറം അത് ഫലപ്രദമല്ലെന്ന് തന്നെ പറയാം.
ഓണ്ലൈന് ഗെയിമുകള്‍ ജീവന് ഭീഷണിയാകുന്ന രീതിയില്‍ വളരുമ്പോള്‍ അവയെ തടയാന്‍ ശക്തമായ നിയമം നമ്മുക്ക് ഉണ്ടോ? എപ്പോഴും ഉയരുന്ന ചോദ്യമാണ്. ശരിക്കും ഇന്ത്യയില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ വലിയ നിയമങ്ങള്‍ ഇല്ലെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. പഴയ ചൂതാട്ട വിരുദ്ധ നിയമങ്ങളും, സംസ്ഥാന നിയമങ്ങളും ഒരു പരിധിവരെ ഇത്തരം ഗെയിമുകളുടെ അപകടത്തിനെതിരെ ഉപയോഗിക്കാമെങ്കിലും ഒരുഘട്ടത്തിനപ്പുറം അത് ഫലപ്രദമല്ലെന്ന് തന്നെ പറയാം.
കേരളത്തിന്‍റെ അനുഭവം
undefined
ലോക്ക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി അടക്കം വലിയ വെല്ലുവിളി ഉയര്‍ത്തിയ കാലത്താണ് കേരള സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയത്. കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഉത്തരവ് ഇറക്കി. ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ മുതൽ തൃശൂരിലെ പതിനാലുകാരൻ വരെ അരഡസനോളംപേർ പണംനഷ്ടമായി ജീവനൊടുക്കി അവസ്ഥയില്‍ ആയിരുന്നു അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവിനെ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ അതിവേഗം ഹൈക്കോടതിയില്‍ മറികടന്നു.
ഓൺലൈനിൽ പണംവച്ചുള്ള റമ്മി കളി വൈദഗ്ദ്ധ്യം വേണ്ട കളിയാണെന്നും ഭാഗ്യപരീക്ഷണമല്ലെന്നും ഹൈക്കോടതിയിൽ വാദിച്ചാണ് കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഇറക്കിയ ഉത്തരവ് ഈ കമ്പനികള്‍ മറികടന്നത്. സര്‍ക്കാര്‍ നിയന്ത്രണം മറികടന്നതോടെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി പത്തോളം കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലുണ്ടെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നത്.
അടുത്തിടെ നിയമസഭയില്‍ ധനമന്ത്രി ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഹൈക്കോടതി വിധി മറികടക്കാന്‍ പുതിയ നിയമം ഉണ്ടാക്കും എന്നാണ് പറഞ്ഞത്. ഇത്തരം ഒരു നിയമത്തിന്‍റെ ഡ്രാഫ്റ്റ് തയ്യാറായിട്ടുണ്ടെന്നാണ് സംസ്ഥാന നിയമവകുപ്പില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് ലഭിച്ച വിവരം. എന്നാല്‍ നേരത്തെയുള്ള കേസ് ഇപ്പോഴും നടക്കുന്നതിനാല്‍ അതില്‍ ഒരു തീരുമാനം എത്തിയിട്ട് മാത്രമേ പുതിയ നിയമം ഉണ്ടാകൂ എന്നാണ് വിവരം.
മറ്റുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ
നിലവിൽ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, തെലങ്കാന, ഒഡീഷ, അസം എന്നിവിടങ്ങളിലെ സംസ്ഥാന നിയമങ്ങൾ ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടെ എല്ലാത്തരം പണം വച്ചുള്ള ഗെയിമുകളും നിരോധിക്കുന്നു. തമിഴ്‌നാടും കർണാടകയും ഓൺലൈൻ ഗെയിമുകൾ നിരോധിച്ചുകൊണ്ട് അടുത്തിടെ പാസാക്കിയ ഗെയിമിംഗ് നിയമനിർമ്മാണങ്ങൾ കേരളത്തിന്‍റെ രീതിയില്‍ തന്നെ അവിടുത്തെ ഹൈക്കോടതികള്‍ റദ്ദാക്കിയിരുന്നു.
അതായത് പല്ലുകൊഴിഞ്ഞ നിയമങ്ങള്‍ക്ക് മുകളില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളാണ് ഇപ്പോള്‍ നിയമപരമായി വിജയം നേടിയിരിക്കുന്നത്. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്ന് അവകാശപ്പെടുന്ന ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട്, കർണാടക സർക്കാരുകൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേരളത്തിന്‍റെ അടക്കം പരിഗണനയിലുള്ള നിയമങ്ങള്‍ ഈ കേസിനെക്കൂടി ആശ്രയിച്ചിരിക്കും.
ഓൺലൈനിൽ പണംവച്ചുള്ള റമ്മി കളി വൈദഗ്ദ്ധ്യം വേണ്ട കളിയാണെന്നും ഭാഗ്യപരീക്ഷണമല്ലെന്ന വാദത്തെ ഇത്തരം ഓൺലൈൻ ഗെയിമുകളിൽ വലിയൊരു വിഭാഗം ആളുകൾക്കുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും, ഗെയിമുകൾ മൂലമുള്ള ആത്മഹത്യകൾ, വർദ്ധിച്ചുവരുന്ന കടങ്ങൾ, ആസക്തി തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങള്‍ നേരിടാന്‍ ഒരുങ്ങുന്നത്.
കൂടാതെ, റമ്മിയും പോക്കറും പോലുള്ള ഓൺലൈൻ ഗെയിമുകൾ കൃത്രിമത്വത്തിനും വഞ്ചനയ്ക്കും സാധ്യതയുണ്ടെന്ന് ഈ സംസ്ഥാനങ്ങൾ വാദിക്കുകയും അത്തരം ഗെയിമുകൾ വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണോ എന്ന തർക്കവും ഉന്നയിക്കുകയും ചെയ്യുന്നു.
അതേ സമയം ഹൈക്കോടതി വിധിയും സുപ്രീം കോടതിയിൽ കേസ് നിലനില്‍ക്കുമ്പോഴും തന്നെ ഓൺലൈൻ റമ്മി കാരണം റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളുടെ ആത്മഹത്യകള്‍ പെരുകുന്നതില്‍ വിവിധ വശങ്ങള്‍ പരിശോധനകൾക്ക് ശേഷം പുതിയ നിയമം ശുപാർശ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ തമിഴ്‌നാട് സർക്കാർ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ആര് നിയന്ത്രിക്കും ഓണ്‍ലൈന്‍ ഗെയിമുകളെ ?
ഓൺലൈൻ ഗെയിമുകൾക്കും നിരോധനം ഏർപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങൾ സമ്മർദ്ദം ചെലുത്തുന്നതോടൊപ്പം നിയമപോരാട്ടം ആരംഭിച്ചതോടെ, ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തെ നിയന്ത്രിക്കുന്നതിനുള്ള വഴികൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചവെന്നാണ് പുതിയ വിവരം.
തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ 'ചൂതാട്ടവും വാതുവെപ്പും' നിയന്ത്രിക്കാനുള്ള അധികാരത്തിന് കീഴിൽ ഓൺലൈൻ ഗെയിമിംഗിനെ നിയന്ത്രിക്കാനുള്ള നിയമനിർമ്മാണ ശേഷി തങ്ങൾക്കുണ്ടെന്ന് വാദിക്കുന്നു; ‘കായികം, വിനോദം’ എന്നിവ ഭരണഘടന പ്രകാരം സംസ്ഥാന പട്ടികയ്ക്ക് കീഴിലുള്ള കാര്യങ്ങളാണ് എന്നാണ് ഇതിലെ ഒരു വാദം.
മറുവശത്ത്, ആശയവിനിമയം, അന്തർ-സംസ്ഥാന വ്യാപാരം, വാണിജ്യം എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണ അധികാരങ്ങൾക്ക് കീഴിൽ ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നാണ് ഉയരുന്ന വാദം. അതിനാല്‍ കേന്ദ്ര നിയമത്തിന് സാധ്യതയുണ്ടെന്നതാണ് പുതിയ വാദം.
ഓൺലൈൻ ഗെയിമുകളും ഗെയിമിംഗും നിയന്ത്രിക്കുന്നതിനുള്ള അധികാരപരിധി സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ, വിഷയം സബ് ജുഡീഷ്യൽ ആയിരിക്കുമ്പോൾ ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നത് ഉചിതമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.
വേണ്ടത് ഒരു പ്രയോഗിക പരിഹാരം
ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരു ഭീഷണിയായി സമൂഹത്തില്‍ ഉയരുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചാല്‍ തന്നെ ആരാണ് നിയന്ത്രിക്കേണ്ടത് എന്ന തര്‍ക്കത്തെ പ്രയോഗികമായി നേരിടാന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കണം എന്നതാണ് ഈ രംഗത്തെ നിയമവിദഗ്ധര്‍ പറയുന്നത്. പ്രയോഗികമായി നോക്കിയാല്‍ ഒരു പ്രദേശിക ക്രമസമാധാന പ്രശ്നം എന്നതിനപ്പുറം അന്താരാഷ്ട്ര വേരുകള്‍ ഉള്ള ഇന്‍റര്‍നെറ്റ് അധിഷ്ഠിതമായ ഒരു സംഭവമാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍. അതിനാല്‍ തന്നെ പ്രയോഗികമായി ഒരു കേന്ദ്ര നിയമം തന്നെയായിരിക്കും നന്നാകുക എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകന്‍ പ്രതികരിച്ചത്.
അത്തരത്തില്‍ ഒരു ധാരണ സംസ്ഥാനങ്ങള്‍ക്കിടയിലും കേന്ദ്രത്തിനും ഇടയില്‍ ആദ്യം ഉണ്ടാക്കിയെടുക്കണം എന്നതാണ് ഇതില്‍ ഏറ്റവും അത്യവശ്യമായ കാര്യം. ഇത്തരം ഒരു നിരോധനം ഭരണഘടനാപരമായി അനുവദനീയമാണോ എന്നത് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ അതില്‍ കേന്ദ്രം ഇടപെടുന്നതിന്‍റെ നിയമപ്രശ്നം ഉണ്ടായേക്കാം. അതിനാല്‍ ഇത്തരത്തില്‍ ഒരു നിയന്ത്രണ ചട്ടക്കൂട് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്ന് സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന സമയത്ത് കേന്ദ്രം വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരു ശക്തമായ നയപരമായ തീരുമാനം അറിയിച്ചാല്‍ ഈ വിഷയത്തില്‍ തീർപ്പുകൽപ്പിക്കാനും വേഗത്തിൽ തീരുമാനമെടുക്കാൻ ഇത് കോടതിയെ അത് പ്രാപ്തമാക്കിയേക്കും.
പ്രതീക്ഷകള്‍
ഈ വിഷയത്തില്‍ ഉന്നതതല യോഗം കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടത്തിയിരുന്നു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ 2022 ജൂൺ 7 ന് ഒരു കൂടിയാലോചന യോഗം നടത്തിയത്. ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ സുഗമമാക്കാനും, ഒരു നിയന്ത്രണ ചട്ടക്കൂട് പ്രാപ്തമാക്കാനുമുള്ള സാധ്യതയാണ് ഈ യോഗം പരിഗണിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ ഇവയെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനങ്ങള്‍ മനസ്സിലാക്കുന്നതിനും ഏകീകൃത നിയന്ത്രണ സംവിധാനം ശുപാർശ ചെയ്യുന്നതിനുമായി ഒരു നോഡല്‍ സംവിധാനവും, ഒരു മന്ത്രിതല ടാസ്‌ക്ഫോഴ്‌സും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉണ്ടാക്കുന്ന ആസക്തിയും അക്രമവും തടയുന്നതിനുള്ള നടപടികൾ. ഇത്തരം ഗെയിമിംഗ് ആപ്പുകള്‍ തന്നെ സ്വയം നിയന്ത്രിതമായ ഒരു ചട്ടക്കൂട് നിർമ്മിക്കാൻ ഉതകുന്ന നിയമനിര്‍മ്മാണങ്ങള്‍. സര്‍ക്കാറിന്‍റെ ഈ മേഖലയിലെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ സമിതി പരിശോധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നിയമത്തിന് അപ്പുറം എന്ത്?
നിയമം കൊണ്ടുവന്നാല്‍ എല്ലാം ശരിയാകുമോ എന്നതാണ് പിന്നെ ഉയരുന്ന ചോദ്യം. ഒരിക്കലും ഇല്ലല്ലോ. തല്‍ക്കാലം ഒരു പൂര്‍ണ്ണനിരോധനം തന്നെ ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. കാരണം വലിയൊരു വ്യവസായമായി ഇത് വളര്‍ന്നു കഴിഞ്ഞു. അതിനപ്പുറം ഇന്ത്യയിലെ പ്രമുഖമായ പല മേഖലകളുടെയും പ്രയോജകരായി ഇത്തരം ഗെയിം ആപ്പുകള്‍ മാറിയെന്നതും കാണാം. കായിക രംഗത്തും മറ്റും ഏറ്റവും വലിയ സ്പോണ്‍സര്‍മാര്‍ ഇത്തരം ഗെയിമിംഗ് കമ്പനികളാണ്. അതിനാല്‍ നിയന്ത്രണം എന്ന വാക്കായിരിക്കും നിരോധനം എന്നതിനപ്പുറം പുതിയ നിയമം വന്നാല്‍ കേള്‍ക്കാന്‍ പോകുന്നത്.
അപ്പോള്‍ നിയമവഴികള്‍ക്ക് ഒപ്പം തന്നെ ബോധവത്കരണവും അതീവ പ്രധാന്യമുള്ള വിഷയമാണ്. കേരളത്തില്‍ 2021 ല്‍ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ഡിജിറ്റല്‍ ഡീഅഡിഷന്‍ സെന്‍ററുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. കോഴിക്കോടും, തിരുവനന്തപുരത്തും ഇതിന്‍റെ ആദ്യ പ്രവര്‍ത്തനങ്ങളും നടന്നു. അതിനപ്പുറം സര്‍ക്കാര്‍ തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നിട്ടില്ല.
എന്നാല്‍ സര്‍ക്കാര്‍ കൂട്ട് പോലുള്ള പദ്ധതികള്‍ ഇപ്പോള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വർധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനുള്ള 'കൂട്ട് 2022' സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് നേരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ ക്രമാതീതമായി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. അപക്വമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളായതിനാല്‍ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കാനാണ് കൂട്ട് പദ്ധതി ലക്ഷ്യമിടുന്നത്.
ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം. ജില്ലകളിലെ സ്കൂളുകളിൽ ഓൺലൈനായും ഓഫ്‌ലൈനായും ബോധവത്കരണം നടത്തും.
ഒരു തലമുറയുടെ ഭാവിയുടെ നാടിന്‍റെ സാമൂഹ്യ, സാമ്പത്തിക, ആരോഗ്യ ഘടകങ്ങളെ നിര്‍ണ്ണയിക്കുന്ന വിഷയം ആയതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവത്കരണ നടപടികളും നിയമ നടപടികള്‍ക്കൊപ്പം ശക്തമാക്കേണ്ടിയിരിക്കുന്നു.
Read PART 1 -കേരളം 'ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ' പിടിയില്‍; ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു
ഓണ്‍ലൈന്‍ ഗെയിമുകളും മാനസികാരോഗ്യവും -അടുത്ത ഭാഗം തുടരും