ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗ് പറഞ്ഞു; 'ആപ്പിളിന് കടുത്ത വേദനയുണ്ടാക്കണം നമ്മള്‍'.!

By Web Team  |  First Published Feb 15, 2021, 5:34 PM IST

നമ്മള്‍ക്ക് ആപ്പിളിന് വലിയ വേദനയുണ്ടാക്കാന്‍ സാധിക്കണം എന്നാണ് ഫേസ്ബുക്ക് ജീവനക്കാരോട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞത് എന്നാണ് പേരുവെളിപ്പെടുത്താത്ത സോര്‍സിനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 


ന്യൂയോര്‍ക്ക്: പ്രൈവസി, ഉപയോക്താക്കളുടെ ഡാറ്റ എന്നീ വിഷയങ്ങളില്‍ അടുത്തകാലത്തായി അത്ര സുഖകരമായ ബന്ധമല്ല ടെക് ഭീമന്മാരായ ആപ്പിളിനും ഫേസ്ബുക്കിനും ഇടയില്‍ നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഇതാ ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ 2018ലെ പ്രസ്താവനയാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടിരിക്കുന്നത്. 

നമ്മള്‍ക്ക് ആപ്പിളിന് വലിയ വേദനയുണ്ടാക്കാന്‍ സാധിക്കണം എന്നാണ് ഫേസ്ബുക്ക് ജീവനക്കാരോട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞത് എന്നാണ് പേരുവെളിപ്പെടുത്താത്ത സോര്‍സിനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Latest Videos

undefined

കംബ്രിഡ് അനലിറ്റിക്ക വിവാദം കത്തി നില്‍ക്കുന്ന സമയത്ത് ആപ്പിള്‍ മേധാവി ടിം കുക്ക് ഒരു ടിവി അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തില്‍ വിവാദത്തില്‍ പ്രതികരിച്ച ആപ്പിള്‍ മേധാവി, ഒരിക്കലും ആപ്പിള്‍ ഈ വിഷയത്തില്‍ ഫേസ്ബുക്കിനെപ്പോലെ ആകില്ലെന്ന് വ്യക്തമാക്കിയിരുന്നു, ഒപ്പം കംബ്രിഡ് അനലിറ്റിക്ക വിവാദം സ്വകാര്യതയ്ക്ക് വെല്ലുവിളിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ അഭിമുഖമാണ് ശരിക്കും ഫേസ്ബുക്ക് ആപ്പിള്‍ പോരിന് ഒരു കാരണമായത് എന്ന് കരുതുന്നു.

ഇതിന് ശേഷം ക്ഷുഭിതനായ ഫേസ്ബുക്ക് സിഇഒ തന്‍റെ ജീവനക്കാരോട് പറഞ്ഞ കാര്യങ്ങളില്‍ ചില ഭാഗങ്ങളാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടിരിക്കുന്നത്. കുക്കിന്‍റെ വാക്കുകള്‍ അങ്ങേയറ്റം വാക്‌ചാപല്യമാണ്, തന്‍റെ കമ്പനിയെ ഇത്രയും മോശം നിലയില്‍ കാണുന്ന ആപ്പിളിന് വേദന നല്‍കാന്‍ നാം തയ്യാറെടുക്കണമെന്ന്- ഫേസ്ബുക്ക് മേധാവി അന്ന് പറഞ്ഞു.

ഫേസ്ബുക്ക്, ആപ്പിള്‍ നിയമ പോരാട്ടങ്ങള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്ന സമയത്താണ് ഈ വാര്‍ത്ത പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. അടുത്തെ ആപ്പിള്‍ ഒപ്പറേറ്റിംഗ് സിസ്റ്റം ഐഒഎസ് 14ലെ ചില മാറ്റങ്ങള്‍ തങ്ങളുടെ പരസ്യവരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് ഫേസ്ബുക്കിന്‍റെ പരാതി. ഇത് വിപണിയിലെ ശേഷിയുടെ ദുരുപയോഗമാണെന്ന് ഫേസ്ബുക്ക് ആരോപിക്കുന്നു. 

click me!