Elon Musk Twitter : ട്വിറ്റര്‍ വാങ്ങാന്‍ പണം വേണം; ഓഹരിവിറ്റും, കടം എടുത്തും മസ്ക്

By Web Team  |  First Published Apr 29, 2022, 7:01 PM IST

ഏപ്രിൽ 14 ന് ട്വിറ്ററിൽ തന്റെ ഓഫർ സമർപ്പിച്ചതിന് ശേഷം വായ്പ സംഘടിപ്പിക്കാന്‍ വായ്പ ദാതക്കള്‍ക്ക് വേണ്ടി താന്‍ ട്വിറ്ററില്‍ നടത്താന്‍ പോകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് മസ്ക് ഒരു അവതരണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.


ന്യൂയോര്‍ക്ക്: ട്വിറ്റര്‍ വാങ്ങാനുള്ള ലോക കോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ (Elon Musk) തീരുമാനം ടെക് ലോകത്ത് വലിയ ചര്‍ച്ചയാണ്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ (Twitter) സ്വന്തമാക്കിയ മസ്ക് ഇപ്പോള്‍ ഈ പണം കണ്ടെത്താന്‍ തന്‍റെ കമ്പനിയായ ടെസ്ലയുടെ (Tesla) ഓഹരികള്‍ വിറ്റുവെന്നാണ് പുതിയ വാര്‍ത്ത. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് വിറ്റത്.മസ്ക് ഓഹരികൾ വിറ്റതോടെ ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞു. എന്നാൽ കൂടുതൽ ഓഹരികൾ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു.

അതേ സമയം ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ക്കായി വായ്പ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് മസ്ക് എന്നാണ് റിപ്പോര്‍ട്ട്. 44 ബില്ല്യണ്‍ എന്ന ട്വിറ്ററിന് മസ്ക് ഇട്ട വിലയില്‍ 13 ബില്ല്യണ്‍ ഡോളര്‍ വായ്പ എടുക്കാനാണ് മസ്കിന്‍റെ തീരുമാനം. ബാക്കി തുക സ്വന്തം കൈയ്യില്‍ നിന്നും കണ്ടെത്താനാണ് മസ്കിന്‍റെ തീരുമാനം.

Latest Videos

undefined

ഏപ്രിൽ 14 ന് ട്വിറ്ററിൽ തന്റെ ഓഫർ സമർപ്പിച്ചതിന് ശേഷം വായ്പ സംഘടിപ്പിക്കാന്‍ വായ്പ ദാതക്കള്‍ക്ക് വേണ്ടി താന്‍ ട്വിറ്ററില്‍ നടത്താന്‍ പോകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് മസ്ക് ഒരു അവതരണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിൽ 21-ന് മസ്ക് വായ്പ ലഭിക്കും എന്ന ബാങ്കുകളുടെ ഉറപ്പുകള്‍ കൂടി ട്വിറ്റര്‍ ബോര്‍ഡിനെ ബോദ്ധ്യപ്പെടുത്തിയാണ് അവരെ തന്‍റെ ഓഫറില്‍ എത്തിച്ചത് എന്നാണ് വിവരം.

വായ്പ ലഭിക്കാന്‍ വായ്പ വിതരണക്കാര്‍ക്ക് മുന്നില്‍ എങ്ങനെ ട്വിറ്ററില്‍ നിന്നും വായ്പ തിരിച്ചടവിനുള്ള പണം കണ്ടെത്തും എന്ന് വിശദമായ പദ്ധതി തന്നെ മസ്കിന് അവതരിപ്പിക്കേണ്ടി വന്നു.  ട്വിറ്ററിന്റെ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലൂടെ 3 മില്യൺ ഡോളർ ചിലവ് ലാഭിക്കുമെന്ന് നേരത്തെ തന്നെ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ മസ്ക് നടത്തിയേക്കാം എന്നാണ് സൂചന.

അതേ സമയം ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക് . 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ ശതകോടീശ്വരനായ മസ്കിന്റെ അടുത്ത ലക്ഷ്യം  കൊക്കകോളയാണ് . അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഈ ട്വീറ്റ് ഇതിനകം 1,45,000-ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു കൂടാതെ ആയിരക്കണക്കിന് കമന്റുകളും നിറയുന്നുണ്ട്. 

എന്നാൽ മസ്കിന്റെ ഈ ട്വീറ്റ് എത്രത്തോളം ഗൗരവത്തോടെയുള്ളതാണെന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ. കാരണം മുൻപ് "ഞാൻ മക്‌ഡൊണാൾഡ് (McDonald's) വാങ്ങി ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു" എന്നൊരു ട്വീറ്റ് മസ്‌ക് പങ്കുവെച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ  സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് "എനിക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല" എന്ന് മസ്‌ക് പറഞ്ഞു. ഇങ്ങനെ വരുമ്പോൾ മസ്കിന്റെ പുതിയ ട്വീറ്റ് എത്രത്തോളം കാര്യഗൗരവം അർഹിക്കുന്നതാണെന്ന സംശയത്തിലാണ് ലോകം. അതേസമയം മസ്കിന്റെ ഈ ട്വീറ്റിനെ നിസാരമായി തള്ളിക്കളയാനും കഴിയില്ല. കാരണം ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുമ്പുള്ള ആഴ്‌ചകളിൽ മസ്‌ക് ഈ രീതിയിൽ പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്താൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്ന ആശയങ്ങളുടെ ഒരു പരമ്പര അവതരിപ്പിക്കുകയും അഭിപ്രായ വോട്ടെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു.  

ചുരുക്കി പറഞ്ഞാൽ, കൊക്കോകോളയെക്കുറിച്ച് തമാശ പറയുകയാണോ എന്ന് മസ്കിന് മാത്രമേ അറിയൂ. ശതകോടീശ്വരനായ മസ്‌ക് ട്വിറ്ററിൽ സജീവമാണ്. തന്റെ ട്വിറ്റർ ടൈംലൈനിൽ ആശയങ്ങൾ പങ്കുവെക്കുന്നതിൽ അദ്ദേഹം വളരെ പ്രശസ്തനുമാണ്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. 

ഒരു കാർബണേറ്റഡ് ശീതളപാനീയമാണ് കൊക്ക കോള. അറ്റ്ലാന്റ ആസ്ഥാനമായ കൊക്കകോള കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്. ജോർജിയയിലെ (യുഎസ്എ) അറ്റ്ലാന്റയിലുള്ള ജേക്കബ്സ് ഫാർമസിയിൽ 1886 മെയ് 8-ന് ഡോ. ജോൺ പെംബർട്ടൺ ആദ്യമായി കൊക്കകോള നിർമ്മിച്ച് അവതരിപ്പിച്ചതോടെ കമ്പനിയുടെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. ഇന്ന്  200-ലധികം രാജ്യങ്ങളിൽ കൊക്കോകോള ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. 

click me!