നിലവില്‍ ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾ രജിസ്റ്റർ ചെയ്യുന്നതിന് വലിയ നടപടിക്രമങ്ങളൊന്നുമില്ല. എന്നാൽ ഈ ബിൽ വരുന്നതോടെ അതിൽ മാറ്റം വരും. ഇന്ത്യയിലെ നിലവിലുള്ള പത്രങ്ങളുടെ രജിസ്ട്രാർക്ക് തുല്യമായ പ്രസ് രജിസ്ട്രാർ ജനറലിൽ രജിസ്റ്റർ ചെയ്യാൻ ഈ ബിൽ നിർദ്ദേശിക്കുന്നു.
ദില്ലി: 2019-ലെ പ്രസ് ആന്റ് ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ ബിൽ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആദ്യമായി ഡിജിറ്റൽ ന്യൂസ് മീഡിയ വ്യവസായം ഉൾപ്പെട്ടതാണ് ഇത്. പത്രങ്ങൾക്ക് തുല്യമായി ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾ കൊണ്ടുവരാനാണ് മന്ത്രിസഭയുടെ നിർദ്ദേശം.വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് മൺസൂൺ സെക്ഷനിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ ലിസ്റ്റ് പുറത്തുവിട്ടത്.
അവയിൽ ഏറ്റവും നിർണായകമായത് പ്രസ് രജിസ്ട്രേഷൻ ആനുകാലിക ബിൽ 2022 ആണ്.ഇന്ത്യയിലെ പത്രങ്ങളുടേയും പ്രിന്റിംഗ് പ്രസ്സുകളുടേയും പരിധി ഉൾക്കൊള്ളുന്ന 1867-ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്ക്സ് (പിആർബി) നിയമത്തിന് പകരമാകാനാണ് ഈ ബിൽ ശ്രമിക്കുന്നത്.
undefined
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഉടൻ തന്നെ ഈ ബില്ലിന് അംഗീകാരം നൽകിയേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ ആശയം ആദ്യം ഉയർന്നുവന്നപ്പോൾ ബിൽ ഡിജിറ്റൽ മീഡിയയിലെ സംസാര സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ആവിഷ്കാര- സംസാര സ്വാതന്ത്ര്യത്തെ വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. ബില്ലുമായി ബന്ധപ്പെട്ട് വിവിധ തല്പരകക്ഷികളുമായി ഇതിനോടകം വിശദമായ കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞു.
നിലവിൽ, പത്രങ്ങൾ പോലുള്ള ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾ രജിസ്റ്റർ ചെയ്യുന്നതിന് വലിയ നടപടിക്രമങ്ങളൊന്നുമില്ല. എന്നാൽ ഈ ബിൽ വരുന്നതോടെ അതിൽ മാറ്റം വരും. ഇന്ത്യയിലെ നിലവിലുള്ള പത്രങ്ങളുടെ രജിസ്ട്രാർക്ക് തുല്യമായ പ്രസ് രജിസ്ട്രാർ ജനറലിൽ രജിസ്റ്റർ ചെയ്യാൻ ഈ ബിൽ നിർദ്ദേശിക്കുന്നു. നിർദ്ദേശിച്ചിരിക്കുന്ന നിയമം പ്രാബല്യത്തിൽ വന്ന് 90 ദിവസത്തിനകം ഡിജിറ്റൽ വാർത്താ പ്രസാധകർ രജിസ്ട്രേഷന് അപേക്ഷിക്കണം.ഇതാദ്യമായാണ് ഇന്ത്യയിൽ ഡിജിറ്റൽ മീഡിയയ്ക്ക് നിയന്ത്രണങ്ങൾ വരുന്നത്. ബില്ലിന് അനുമതി ലഭിച്ചാൽ ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്നത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായിരിക്കും.