7.2 കോടി യൂട്യൂബ് വ്യൂ ഉണ്ടാക്കാന്‍ 72 ലക്ഷം; പാട്ടുകാരന്‍റെ വെളിപ്പെടുത്തല്‍

By Web Team  |  First Published Aug 10, 2020, 6:31 PM IST

പാഗല്‍ ഹായ് എന്ന പാട്ടിനാണ് വ്യാജ വ്യൂ കാശുകൊടുത്തു വാങ്ങിയതെന്നാണ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിനോട് പാട്ടുകാരന്‍ സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്.


മുംബൈ: യൂട്യൂബില്‍ ലോകറെക്കോഡ് ഉണ്ടാക്കുവാന്‍ ലക്ഷങ്ങള്‍ മുടക്കി കാഴ്ചക്കാരെ ഉണ്ടാക്കിയെന്ന് സമ്മതിച്ച് പ്രമുഖ റാപ് പാട്ടുകാരന്‍ ബാദ്ഷാ. വ്യാജ ഫോളോവര്‍മാരെയും വ്യൂസും ലൈക്‌സും കമന്റ്‌സും എല്ലാം സൃഷ്ടിച്ചു നല്‍കുന്ന തട്ടിപ്പുകള്‍ അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘത്തോടാണ് റാപ്പര്‍ ഇത് സംബന്ധിച്ചത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന അന്താരാഷ്ട്ര മാഫിയ പ്രവര്‍ത്തിക്കുന്നു എന്നാണ് മുംബൈ പൊലീസ് പറയുന്നത്.

പാഗല്‍ ഹായ് എന്ന പാട്ടിനാണ് വ്യാജ വ്യൂ കാശുകൊടുത്തു വാങ്ങിയതെന്നാണ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിനോട് പാട്ടുകാരന്‍ സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. തനിക്ക് 24 മണിക്കൂറിനുള്ളല്‍ ഏറ്റവുമധികം വ്യൂ കിട്ടിയ വിഡിയോയ്ക്കുള്ള റെക്കോഡ് നേടാനായാണ് ബാദ്ഷാ ഈ പണി കാണിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് നന്ദകുമാര്‍ താക്കൂര്‍ അറിയിച്ചു. എന്നാല്‍ വാര്‍ത്ത വന്നതിന് പിന്നാലെ താന്‍ തെറ്റായി ഒന്നും പ്രവര്‍ത്തിച്ചില്ലെന്ന് ബാദ്ഷാ പ്രസ്താവന ഇറക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

നേരത്തെ പാഗല്‍ ഹായ് എന്ന പാട്ടിന് 24 മണിക്കൂറിനുള്ളില്‍ യുട്യൂബില്‍ 75 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചതായി  ബാദ്ഷാ കഴിഞ്ഞ വര്‍ഷം അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം എന്നാല്‍ യൂട്യൂബ് അംഗീകരിച്ചിരുന്നില്ല. ഇത് സംബന്ധിച്ചുള്ള കാര്യമാണ് ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ മുംബൈ പൊലീസിലെ ക്രൈം ബ്രാഞ്ച് അധികാരികളെ പ്രേരിപ്പിച്ചത്. 250 ലേറെ ചോദ്യങ്ങളാണ് ബാദ്ഷായ്ക്ക് മുംബൈ പൊലീസ് നല്‍കിയത്. 

ബാദ്ഷയുടെ യഥാര്‍ത്ഥ പേര് ആദിത്യാ സിങ് എന്നാണ്. ചോദ്യാവലിക്കുള്ള ഉത്തരമായി, താന്‍ 18 ശതമാനം നികുതിയടക്കം യൂട്യൂബ് വ്യൂ വാങ്ങുവാന്‍ 72 ലക്ഷം രൂപ നല്‍കിയതായി പാട്ടുകാരന്‍ സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം വ്യാജ ഫോളോവേര്‍സും, വ്യൂ എന്നിവ വില്‍ക്കുന്നത് വലിയ മാഫിയ ആണെന്നാണ് മുംബൈ പൊലീസ് പറയുന്നത്.  ഫോളോവേഴ്‌സ്, വ്യൂസ്, ലൈക്‌സ് തുടങ്ങിയവ പല സോഷ്യല്‍ മീഡിയ സ്വദീന വ്യക്തികള്‍ക്ക്  വിറ്റ് ഇവര്‍ പണമുണ്ടാക്കുന്നതാണ് രീതി. ഇത് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം മുംബൈ പൊലീസ് രൂപീകരിച്ചിരുന്നു. ഇവര്‍ ഇതുവരെ 20 പേരുടെ മൊഴിയെടുക്കുകയുണ്ടായി. ഇവരില്‍ സെലബ്രിറ്റികള്‍, സമൂഹ മാധ്യമ മാര്‍ക്കറ്റിങ് വിഭാഗക്കാര്‍ എന്നിവരുള്‍പ്പെടും.

ഭൂമി ത്രിവേദി എന്ന പാട്ടുകാരി, തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ സൃഷ്ടിക്കുകയും അതുപയോഗിച്ച് മറ്റു പലരെയും കബളിപ്പിക്കുകയും ചെയ്യുന്നുവെന്നു നല്‍കിയ പരാതിയെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ കേസില്‍ പ്രധാന തെളിവുകള്‍ ലഭിച്ചത്. 

click me!