ഡിവൈസിനൊപ്പം കവറുമെത്തിക്കാനുള്ള നീക്കം തിരിച്ചടിയായി, ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

By Web Team  |  First Published Feb 19, 2023, 11:52 AM IST

ഒരു കവർ നിർമ്മാതാവിൽ നിന്നാണ് ഫോണിന്റെ രൂപരേഖ ചോർന്നത്. പിന്നിൽ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോർട്ടും ഉൾക്കൊള്ളുന്നതാണ് ചോർന്ന ഡിസൈൻ.


ദില്ലി: ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു. ഒരു കവർ നിർമ്മാതാവിൽ നിന്നാണ് ഫോണിന്റെ രൂപരേഖ ചോർന്നത്. പിന്നിൽ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോർട്ടും ഉൾക്കൊള്ളുന്നതാണ് ചോർന്ന ഡിസൈൻ. യൂറോപ്യൻ യൂണിയൻ ഉത്തരവിന് പിന്നാലെ ഫോണിൽ ലൈറ്റ്നിംഗ് പോർട്ടിന് പകരം യുഎസ്ബി സി പോർട്ട് ഉൾക്കൊള്ളിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു.

ക്യാമറ ബമ്പ് ഐഫോണ്‍ ആരാധകരെ ഉറപ്പായും അമ്പരപ്പിക്കുമെന്നാണ് രൂപരേഖയില്‍ നിന്ന് വ്യക്തമാകുന്നത്. നിലവില്‍ രണ്ട് ലെയര്‍ ക്യാമറാ ബമ്പ് ഉള്ളത് മൂന്ന് ലെയറിലേക്ക് മാറുന്നുണ്ട്.  ക്യാമറാ ബമ്പുകള്‍ കവര്‍ ചെയ്യാനായി കൂടുതല്‍ കനമുള്ള ഫോണ്‍ കവറുകള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഐഫോണുകള്‍ക്ക്  വലിയ സെന്‍സറുകളാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. വശങ്ങള്‍ കൂടുതല്‍ ഉരുണ്ടിരിക്കുന്ന രീതിയിലാണ് ഐ ഫോണ്‍ 15 പ്രോയുടെ ഡിസൈന്‍. മാക് ബുക്ക് എയറിന് സമാനമായ രീതിയാണ് ഇത്.

Latest Videos

undefined

ഉപയോക്താക്കള്‍ക്ക് കയ്യില്‍ പിടിക്കുമ്പോള്‍ കൂടുതല്‍ സൌകര്യമാണ് ഈ ഡിസൈന്‍ ചെയ്യുക. പവര്‍, വോളിയം ബട്ടണുകള്‍ ചേസിസിന്‍റെ വശങ്ങളില്‍ വരുന്ന രീതിയിലാവും 15 പ്രോയെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതാണ് ഡിസൈന്‍. മ്യൂട്ട് ബട്ടണിലും മാറ്റമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിയാണെങ്കില്‍ ഒന്നുകൂടി വാട്ടര്‍ റെസിസ്റ്റന്‍റ് ആവും ഐഫോണ്‍ 15 പ്രോ. ഐഫോണ്‍ 14 പ്രോയുടേതിന് സമാനമായ ഡിസൈന്‍ തന്നെയാവും 15 പ്രോയ്ക്കുമെന്നാണ് സൂചന.

എന്നാല്‍ ക്യാമറയുടെ റെസല്യൂഷനേക്കുറിച്ച് പുറത്ത് വന്ന ഡിസൈനില്‍ നിന്നും മനസിലാക്കാനായിട്ടില്ല. ചൈനയില്‍ നിന്നാണ് ഡിസൈന്‍ ചോര്‍ന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡിവൈസിനൊപ്പം തന്നെ കവറുകളും വിപണിയില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് ആപ്പിളിന് തിരിച്ചടിയായതെന്നാണ് സൂചന. 

click me!