തൊഴിലാളി സംഘടന വേണ്ടെന്നു പറഞ്ഞ് വോട്ടു ചെയ്തത് 1,798 പേരാണെന്നും വേണമെന്നു പറഞ്ഞത് 738 പേരാണെന്നുമാണ്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആമസോണില്‍ ആദ്യമായാണ് തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നത്.
അലബാമ: ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ രാജക്കന്മാരായ ആമസോണില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രനം പരാജയപ്പെട്ടുവെന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് പുറത്തുവന്നത്. അലബാമയിലെ ആമസോണ്‍ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗവും യൂണിയന്‍ വേണ്ട എന്ന നിലപാടില്‍ എത്തിയതോടെയാണ് ഇത് സംഭവിച്ചത് എന്നാണ് പുറത്തുവന്ന വാര്‍ത്ത.
ചോര്‍ന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം അഭിപ്രായ വോട്ടെടുപ്പിന്‍റെ ഫലം തൊഴിലാളി സംഘടന വേണ്ടെന്നു പറഞ്ഞ് വോട്ടു ചെയ്തത് 1,798 പേരാണെന്നും വേണമെന്നു പറഞ്ഞത് 738 പേരാണെന്നുമാണ്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആമസോണില്‍ ആദ്യമായാണ് തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നത്. അമേരിക്കയില്‍ മാത്രം 800,000 ലേറെ ജോലിക്കാരാണ് ആമസോണിനുള്ളത്. ഇവര്‍ക്കിടയില്‍ യൂണിയന്‍ സ്ഥാപിക്കാനുള്ള കടുത്ത പരിശ്രമങ്ങളാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്.
undefined
അതേ സമയം തന്നെ ആമസോണില്‍ തൊഴിലാളി സംഘടന സ്ഥാപിക്കാനുള്ള നീക്കം പാളിയത് എങ്ങനെ എന്ന് പരിശോധിക്കുകയാണ് തൊഴിലാളി നേതാക്കൾ എന്നാണ് റിപ്പോര്‍ട്ട്. ഇതു വിജയിച്ചിരുന്നെങ്കില്‍ ആമസോണില്‍ മാത്രമല്ല പല സ്ഥാപനങ്ങളിലും യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള സാധ്യതയുണ്ടായിരുന്നു.
യൂണിയന്‍ നേതാക്കള്‍ ഈ വോട്ടെടുപ്പിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും പറയുന്നു. പല നിയമവിരുദ്ധമായ രീതികളും ഉപയോഗിച്ചാണ് കമ്പനി വിജയം കരസ്ഥമാക്കിയതെന്നാണ് അവര്‍ ആരോപിക്കുന്നത്. ആമസോണ്‍ ചില ജോലിക്കാരെ യൂണിയനെതിരെ വോട്ടു ചെയ്യാനായി ഭീഷണിപ്പെടുത്തിയതായി ആരോപണങ്ങളുണ്ട്.
ആമസോണ്‍ ജോലിക്കാരെ ഭീഷണിപ്പെടുത്തിയതും അവരെ വ്യക്തമായി ചിന്തിക്കാന്‍ അനുവദിക്കാത്തതുമാണ് വോട്ടിങ് പരാജയപ്പെടാൻ കാരണമെന്ന് തൊഴിലാളി സംഘടനയ്ക്ക് വേണ്ടി വാദിച്ചവര്‍ പറയുന്നു. ജോലിക്കാരുടെ ഇന്‍-ബോക്‌സില്‍ മുഴുവന്‍ യൂണിയന്‍ വിരുദ്ധ സന്ദേശങ്ങള്‍ ആമസോണ്‍ അധികാരികള്‍ തന്നെ നിറച്ചിരുന്നുവെന്നും നേതാക്കൾ ആരോപിക്കുന്നു. യൂണിയന്‍ വിരുദ്ധത പ്രചരിപ്പിക്കാനായി അവര്‍ ജോലിക്കാര്‍ക്ക് ഒന്നു കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയില്‍ തുടര്‍ച്ചയായി ക്ലാസുകളും എടുത്തുവെന്നും ആരോപണമുണ്ട്.
വിധി തങ്ങള്‍ക്ക് അനുകൂലമാക്കാനായി വോട്ടുകള്‍ ശേഖരിക്കുന്ന രീതി തന്നെ മാറ്റിയെന്നും പറയുന്നു. ആമസോണ്‍ ജോലിക്കാര്‍ ചുറ്റും നോക്കുമ്പോള്‍ കോവിഡ്-19നെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുന്നവരെയാണ് കാണുന്നത്. കമ്പനിക്കെതിരെ വോട്ടു ചെയ്ത് ഉള്ള ജോലിയും കളയേണ്ടെന്ന് ജീവനക്കാർ കരുതിയതും ആമസോണിന് അനുകൂലമായി.
അതേ സമയം തൊഴിലാളി സംഘടന എന്ന ആശയം ഈ സംഭവത്തില്‍ കെട്ടടങ്ങില്ലെന്നാണ് റുട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ വില്‍ ബ്രുചര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ ശക്തിയോടെ അടുത്ത ആക്രമണം ഉണ്ടാകാമെന്നാണ് ഇദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. ഭാവിയില്‍ മറ്റൊരു തെരഞ്ഞെടുപ്പും നടത്താന്‍ ശ്രമിച്ചേക്കാം. ആമസോണിനെതിരെ പോലും അവര്‍ വിജയിച്ചേക്കാമെന്ന് ആദ്ദേഹം അഭിപ്രായപ്പെടുന്നു.