Travel Tips
വീണ്ടും അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുകയാണ്. ട്രെക്കിംഗിന്റെ ബുക്കിംഗ് നാളെ മുതലാണ് ആരംഭിക്കുന്നത്. എന്തൊക്കെ കരുതൽ വേണം ഈ യാത്രയിൽ?
കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിംഗ് പാതകളിലൊന്നാണിത്. അതിനാൽ തന്നെ അതിനാവശ്യമായ തയ്യാറെടുപ്പുകളും എടുക്കണം.
സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാർകൂടം. അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണിത്.
യാത്രയല്പം കഠിനമാണെങ്കിലും കാഴ്ചകൾ അത്രയേറെ മനോഹരമാണ്. വേറൊരിടത്തും കിട്ടാത്ത അനുഭവമാകും ഈ യാത്ര നമുക്ക് സമ്മാനിക്കുക.
ലോകത്തൊരിടത്തും കാണാനാവാത്ത അപൂർവ്വമായ ഔഷധസസ്യങ്ങളിവിടെ കാണാം. അനേകം ജീവികളുടെ ആവാസകേന്ദ്രവുമാണിവിടം. യുനെസ്കോയുടെ പട്ടികയിലിടം നേടിയിട്ടുണ്ട് അഗസ്ത്യാർകൂടം.
മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണ് ട്രെക്കിംഗ്. 20 കിമി ദൂരമാണ് ഒരു ഭാഗത്തേക്ക് മാത്രം വരുന്നത്. തുടക്കദിവസം രാവിലെ 9 മണിയോടെയാണ് മിക്കവാറും യാത്ര തുടങ്ങുക.
ടിക്കറ്റിന്റെ പ്രിന്റൗട്ടും ഐഡിയും മിഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റും തുടങ്ങി ഉദ്യോഗസ്ഥർ നിഷ്കർഷിക്കുന്ന രേഖകളെല്ലാം കയ്യിൽ കരുതണം.
ഒന്നാം ദിവസം രാത്രിയും പിറ്റേന്ന് രാവിലെ അഗസ്ത്യാർകൂടം കയറി തിരികെ വന്നശേഷവും താമസം അതിരുമല ബേസ് ക്യാമ്പിലായിരിക്കും. മൂന്നാം ദിവസമാവും മടക്കം.
ട്രെക്കിംഗ് കഠിനമാണ് എന്നതിനാൽ തന്നെ അതിനനുസരിച്ചുള്ള ട്രെക്കിംഗ് ഷൂകൾ, വസ്ത്രങ്ങൾ, റെയിൻകോട്ടുകൾ, ജാക്കറ്റുകൾ തുടങ്ങി ആവശ്യമുള്ളവയെല്ലാം നിർബന്ധമായും കയ്യിൽ കരുതാം.
എന്തെങ്കിലും മരുന്ന് കഴിക്കുന്നവരാണെങ്കിൽ അത് കയ്യിൽ കരുതണം. അത്യാവശ്യത്തിന് വേണ്ടി വരുന്ന മറ്റ് മരുന്നുകളും കയ്യിൽ കരുതാം.
ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും കൈവശം കരുതുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. പ്ലാസ്റ്റിക്കോ മറ്റ് മാലിന്യങ്ങളോ കയ്യിൽ കരുതാനോ വലിച്ചെറിയാനോ പാടില്ല.
നിറയെ വന്യമൃഗങ്ങളുള്ള കാടാണ് എന്നതിനാൽ തന്നെ അതിനു പാലിക്കേണ്ടുന്ന മാർഗനിർദ്ദേശങ്ങൾ ഗൈഡുകളും ഉദ്യോഗസ്ഥരും നൽകും. അതിനനുസരിച്ച് വേണം പെരുമാറാൻ.
യാത്രയ്ക്ക് ഒരുങ്ങുമ്പോൾ തന്നെ ശാരീരികമായുള്ള വ്യായാമങ്ങൾ ചെയ്ത് തുടങ്ങാം. ഒപ്പം നടത്തം ശീലിക്കുന്നതും നല്ലതാണ്.
ഏതൊരു ട്രെക്കിംഗിന്റെയും ഹരം അതിനൊടുവിൽ നമ്മെക്കാത്ത് നിൽക്കുന്ന മനോഹരമായ കാഴ്ചകളും, അതിന്റെ മായാത്ത ഓർമ്മകളും തന്നെ ആയിരിക്കും.
യാത്രകളിലുണ്ടായ വേദനകളും അസ്വസ്ഥതകളും തിരികെ എത്തിക്കഴിഞ്ഞാൽ നമ്മെ വിട്ടൊഴിയുകയും യാത്ര സമ്മാനിച്ച മനോഹരമായ അനുഭവം മാത്രം മനസിൽ തങ്ങിനിൽക്കുകയും ചെയ്യും.
ഈ നാട്ടിൽ ജീവിച്ചിട്ടും ഒരിക്കലെങ്കിലും ഈ യാത്ര അനുഭവിച്ചില്ലെങ്കില്‍ അതൊരു നഷ്ടമാവും. നിങ്ങളൊരു യാത്രസ്നേഹിയും പ്രകൃതിസ്നേഹിയുമാണെങ്കിൽ ബുക്കിംഗ് മറക്കേണ്ട.