യുദ്ധത്തെക്കുറിച്ചുള്ള പ്രസ്താവന; പ്രതിഷേധിച്ച് മെറ്റയും ഗൂഗിളും; ഒടുവില്‍ രാജിവച്ച് വെബ് ഉച്ചകോടി സി.ഇ.ഒ

By Web Team  |  First Published Oct 22, 2023, 8:37 PM IST

പരാമര്‍ശം വിവാദമായതോടെ ടെക് ഭീമന്‍ കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയിരുന്നു.


ന്യൂയോര്‍ക്ക്: ഇസ്രയേലിനെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വെബ് ഉച്ചകോടി സി.ഇ.ഒ പാഡി കോസ്‌ഗ്രേവ് രാജിവച്ചു. പുതിയ സി.ഇ.ഒയെ ഉടന്‍ നിയമിക്കുമെന്ന് വെബ് ഉച്ചകോടി പ്രതിനിധികള്‍ അറിയിച്ചു. ഇസ്രയേലിനെതിരായ പരാമര്‍ശം വിവാദമായതോടെ ടെക് ഭീമന്‍ കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയിരുന്നു. കൂടുതല്‍ കമ്പനികള്‍ പിന്‍മാറാന്‍ ആരംഭിച്ചതോടെയാണ് കോസ്ഗ്രേവ് സിഇഒ സ്ഥാനത്ത് നിന്ന് രാജിവച്ചത്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരിപാടിയെ ബാധിച്ചെന്നും താന്‍ വരുത്തിയ വേദനയ്ക്ക് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും രാജിക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു. 

പലസ്തീനെതിരായ ഇസ്രയേല്‍ നടപടികളെ കോസ്‌ഗ്രേവ് വിമര്‍ശിച്ചതിന് പിന്നാലെയാണ് മെറ്റയും ഗൂഗിളും ഉച്ചകോടിയില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ചത്. ലിസ്ബണില്‍ നടക്കുന്ന വെബ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് മെറ്റയുടെ വക്താവ് എഎഫ്പിയോട് പറഞ്ഞു. തങ്ങളും പരിപാടിയില്‍ നിന്ന് പിന്‍മാറിയതായി ഗൂഗിള്‍ പ്രതിനിധിയും വ്യക്തമാക്കി. ഇന്റല്‍, സീമെന്‍സ് തുടങ്ങിയ കമ്പനികളുടെയും സാങ്കേതിക രംഗത്തെ പ്രമുഖരുടെയും പിന്‍മാറ്റത്തിന് പിന്നാലെയായിരുന്നു മെറ്റയുടെയും ഗൂഗിളിന്റെയും പ്രഖ്യാപനം. 

Latest Videos

undefined

കഴിഞ്ഞ ആഴ്ച എക്സിലൂടെയായിരുന്നു ഇസ്രയേലിനെതിരായ കോസ്‌ഗ്രേവിന്റെ പരാമര്‍ശം. 'അയര്‍ലന്‍ഡ് ഒഴികെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളും നേതാക്കളും നടത്തിയ പ്രസ്താവനകള്‍ കണ്ട് നടുങ്ങിപ്പോയി. യുദ്ധക്കുറ്റങ്ങള്‍ സഖ്യകക്ഷികള്‍ ചെയ്താലും യുദ്ധക്കുറ്റങ്ങള്‍ തന്നെയാണ്. അതിനെ ശക്തമായി അപലപിക്കണം'-കോസ്‌ഗ്രേവ് പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ പ്രമുഖ ടെക്ക് കമ്പനികള്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറി തുടങ്ങിയപ്പോള്‍ കോസ്‌ഗ്രേവ് തന്റെ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിയിരുന്നു. തന്റെ പരാമര്‍ശവും പറഞ്ഞ രീതിയും പലര്‍ക്കും അഗാധമായ വേദനയുണ്ടാക്കിയതായി മനസിലാക്കുന്നു. വാക്കുകളില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ അസ്തിത്വത്തിനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേല്‍ ജനീവ കണ്‍വെന്‍ഷനുകള്‍ പാലിക്കണമെന്നും കോസ്‌ഗ്രേവ് ആവശ്യപ്പെട്ടിരുന്നു. ഖേദംപ്രകടനത്തിന് പിന്നാലെയും പ്രതിഷേധം തുടര്‍ന്നതോടെയാണ് സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം. 

ടെക് മേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നാണ് വെബ് ഉച്ചകോടി. നവംബര്‍ 13 മുതല്‍ 16 വരെ ലിസ്ബണില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഏകദേശം 2,300 സ്റ്റാര്‍ട്ടപ്പുകളും 70,000ഓളം സാങ്കേതിക വിദഗ്ദരുമാണ് പങ്കെടുക്കുന്നത്. വെബ് ഉച്ചകോടിയുടെ സഹസ്ഥാപകന്‍ കൂടിയായിരുന്നു കോസ്‌ഗ്രേവ്.

ഐജിഎസ്ടി അടച്ചെന്ന റിപ്പോർട്ട് ആയുധമാക്കി 'മാസപ്പടി' മറികടക്കാൻ സിപിഎം; തെറ്റെങ്കിൽ മാപ്പ് പറയുമെന്ന് കുഴൽനാടൻ 
 

click me!