Health
എച്ച്എംപിവി വൈറസ് ; കുട്ടികളിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
കർണാടകയിൽ കൂടുതൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. 3 മാസം പ്രായമുളള പെൺകുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക.
ചുമ, പനി, തുമ്മൽ, ജലദോഷം, ശ്വാസംമുട്ടൽ എന്നിവയാണ് HMPV കുട്ടികളിൽ ബാധിച്ചാൽ കാണുന്ന സാധാരണ ലക്ഷണങ്ങൾ.
മറ്റ് ശ്വാസകോശ വൈറസുകൾ മൂലമുണ്ടാകുന്ന അണുബാധകളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾക്ക് സമാനമാണ് ലക്ഷണങ്ങൾ. ചില കേസുകളിൽ ഇത് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകും.
രോഗബാധിതനായ ഒരു വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ശ്വസിക്കുന്ന തുള്ളികളിലൂടെ HMPV പടരുന്നു. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നല്ല ശുചിത്വം പാലിക്കുകയും പ്രതിരോധ നടപടികൾ കൈക്കൊള്ളുക എന്നിവയുമാണ് HMPV യിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രധാന മാർഗം.
കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകേണ്ടത് അത്യാവശ്യമാണ്. മുഖത്ത്, പ്രത്യേകിച്ച് കണ്ണ്, മൂക്ക്, വായ എന്നിവയിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.