Culture
കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കാണ് തെയ്യങ്ങളെ പരിചയം. ഇവിടെയാണ് തെയ്യങ്ങൾ കെട്ടിയാടാറുള്ളത്. എന്നാൽ, തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനത്തിലുമുണ്ട് തെയ്യക്കാലം.
മഹാശ്മശാനത്തില്‍ വാണരുളുന്ന ചുടലഭദ്രയുടെ കളിയാട്ടമാണ് നടക്കുന്നത്. പകല്‍ വെളിച്ചത്ത് പോലും ആ ഭൂമിയിലേക്ക് വരാന്‍ പേടിച്ചിരുന്നവര്‍പോലും രാത്രിയില്‍ തെയ്യങ്ങളെ കാണാനിവിടെയെത്തും.
ബുധനാഴ്ച്ച വൈകീട്ട് ആറോടെ ചടങ്ങുകള്‍ തുടങ്ങി. അപ്പോഴേക്കും മഹാശ്മാശനം ആളുകളെ കൊണ്ട് നിറഞ്ഞു.
രാത്രിക്ക് നീളം കൂടിയപ്പോള്‍, കത്തുന്ന ചൂട്ടുകറ്റകള്‍ തട്ടിയെറിഞ്ഞ് ആര്‍ത്തട്ടഹസിച്ച് ചുടലഭദ്ര കുതിച്ചുപാഞ്ഞെത്തി...
പിന്നീട്, പാഞ്ഞെത്തുന്ന ചുടലദേവതയുടെ മുന്നില്‍ പലരും കൈകള്‍ കൂപ്പി തങ്ങളുടെ സങ്കടം പറഞ്ഞു.
ചുടലഭദ്ര ആടിത്തീര്‍ത്ത മണ്ണിലേക്ക് തീക്കനല്‍ കൂമ്പാരത്തില്‍ വീണുരുണ്ട് കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന പൊട്ടന്‍തെയ്യം വരുന്നു.
ശ്രീപരമേശ്വരൻ ചണ്ഡാലവേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ചതിന്റെ കഥയാണ് പൊട്ടൻതെയ്യത്തിന്റെ ഐതീഹ്യത്തിലുള്ളത്.
പൊട്ടന്‍തെയ്യത്തിന്റെ അഗ്നിപ്രവേശനത്തിനുള്ള കനലിനു വേണ്ടുന്ന അഗ്നി ചുടലപ്പറമ്പില്‍ വൈകീട്ട് തന്നെ കത്തുന്നുണ്ടായിരുന്നു.
ഓരോ പ്രാവശ്യവും ഓടിത്തളര്‍ന്നു പൊട്ടന്‍ കോലം വന്നു വിശ്രമിക്കുന്നത് കൂട്ടിയിട്ട ചൂട് പാറുന്ന തീ കനലിലേക്കാണ്.
ഐവര്‍മഠം ശ്മശാനത്തില്‍ ചുടലഭദ്ര, പൊട്ടന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവയാണ് അരങ്ങേറിയത്.