2000 നല്‍കി ബുക്കിംഗ്, വാഹനം ലഭിച്ചില്ല; ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കമ്പനിയോട് ഉപഭോക്തൃ കമ്മീഷന്‍

By Web Team  |  First Published Oct 6, 2023, 7:56 PM IST

2021 ഓഗസ്റ്റ് 17ന് 2000 രൂപ അഡ്വാന്‍സ് നല്‍കിയാണ് ബുക്ക് ചെയ്തത്. 2021 ഡിസംബര്‍ 30ന് വാഹനം ലഭിക്കുമെന്ന ഉറപ്പും ലഭിച്ചു. എന്നാല്‍..


കോട്ടയം: വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഉത്പാദനം നിര്‍ത്തിയ സംഭവത്തില്‍ ഫോഡ് ഇന്ത്യ, ഉപഭോക്താവിന് ഒരു ലക്ഷം രൂപം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. അഭിഭാഷകനായ ജി. മനു നായരുടെ പരാതിയിലാണ് നടപടി. 

പരാതിക്ക് അടിസ്ഥാനമായ സംഭവം ഇങ്ങനെ: ഫോഡ് ഇന്ത്യയുടെ ഫോഡ് എക്കോസ്പോര്‍ട്ട് ടൈറ്റാനിയം കാര്‍ കോട്ടയത്തെ കൈരളി ഫോഡ് വഴി മനു നായര്‍ ബുക്ക് ചെയ്തിരുന്നു. 2021 ഓഗസ്റ്റ് 17ന് 2000 രൂപ അഡ്വാന്‍സ് നല്‍കിയാണ് ബുക്ക് ചെയ്തത്. 2021 ഡിസംബര്‍ 30ന് വാഹനം ലഭിക്കുമെന്ന ഉറപ്പും ലഭിച്ചു. എന്നാല്‍ സെപ്തംബര്‍ ഒമ്പതിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. 

Latest Videos

undefined

തുടര്‍ന്നാണ് മനു നായര്‍ പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വാഹനത്തിന് അഡ്വാന്‍സ് തുക ബുക്കിംഗ് സ്വീകരിച്ച ശേഷം വാഹന നിര്‍മാതാക്കള്‍ സ്വമേധയാ ബുക്കിംഗ് കാന്‍സല്‍ ചെയ്തത് പരാതിക്കാരന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി കമ്മീഷന്‍ കണ്ടെത്തി. നിര്‍മാണവും വില്‍പനയും നിര്‍ത്താന്‍ തീരുമാനിച്ച കമ്പനി ബുക്കിംഗും അഡ്വാന്‍സും സ്വീകരിക്കുന്നതില്‍ നിന്ന് ഡീലര്‍മാരെ വിലക്കാതിരുന്നത് വീഴ്ചയാണ്. പരസ്യം നല്‍കുന്ന നിര്‍മാതാക്കളും വില്‍പനക്കാരും ഉത്പന്നത്തിന്റെ മതിയായ സ്റ്റോക്ക് ഉറപ്പു വരുത്തണമെന്നും അതിന് സാധിച്ചില്ലെങ്കില്‍ ബുക്കിംഗ് സ്വീകരിക്കരുതായിരുന്നെന്നും കമ്മീഷന്‍ വിലയിരുത്തി. 

ഫോഡ് ഇന്ത്യ പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഡീലറായ കൈരളി ഫോഡ് അഡ്വാന്‍സ് തുകയായ 2000 രൂപ, 12 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം തിരികെ നല്‍കാനുമാണ് കമ്മീഷന്‍ ഉത്തരവ്. അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. 

  അന്ന് ലോകകപ്പിൽ അച്ഛന്‍ 'പണി' കൊടുത്തത് ഇന്ത്യക്ക്, ഇന്ന് മകൻ നടുവൊടിച്ചത് പാകിസ്ഥാന്‍റെ; അപൂർവ റെക്കോർഡ് 
 

click me!