യൂട്യൂബ് ചാനല്‍ തുടങ്ങി പണം ഉണ്ടാക്കുന്നത് എളുപ്പപണിയാണോ; അറിയേണ്ട സുപ്രധാന കാര്യങ്ങള്‍.!

By Web Team  |  First Published Feb 19, 2023, 10:57 PM IST

യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കൽ ചില്ലറക്കളിയല്ല. വെറുതെ ഒരു ചാനൽ തുടങ്ങി എന്തെങ്കിലും വീഡിയോ ഇട്ടാൽ പണം കിട്ടുകയുമില്ല. യൂട്യൂബിൽ നിന്ന് നേരിട്ട് പണം കിട്ടുന്ന യൂട്യൂബ് പാർട്ണർ പദ്ധതിയുടെ ഭാഗമാകണമെങ്കിൽ ചാനലിന് കുറഞ്ഞത് ആയിരം സബ്സ്ക്രൈബർമാരെങ്കിലും വേണം.


തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിടാൻ നിർദ്ദേശം വന്നത് കഴിഞ്ഞ ദിവസമാണ്. ഉദ്യോഗസ്ഥർ ഇതര സ്ത്രോതസ്സുകളിൽ നിന്ന് വരുമാനമുണ്ടാക്കുന്നതാണ് പ്രശ്നം. അപ്പോൾ ചോദ്യം യൂട്യൂബിൽ നിന്ന് പൈസ വരുന്നത് എങ്ങനെയാണ് ?

യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കൽ ചില്ലറക്കളിയല്ല. വെറുതെ ഒരു ചാനൽ തുടങ്ങി എന്തെങ്കിലും വീഡിയോ ഇട്ടാൽ പണം കിട്ടുകയുമില്ല. യൂട്യൂബിൽ നിന്ന് നേരിട്ട് പണം കിട്ടുന്ന യൂട്യൂബ് പാർട്ണർ പദ്ധതിയുടെ ഭാഗമാകണമെങ്കിൽ ചാനലിന് കുറഞ്ഞത് ആയിരം സബ്സ്ക്രൈബർമാരെങ്കിലും വേണം. അതിനൊപ്പം പന്ത്രണ്ട് മാസത്തിനുള്ളിൽ നാലായിരം വാച്ച് അവറും വേണം. വീഡിയോകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ചെയ്ത വീഡിയോകൾ ആകെ നാലായിരം മണിക്കൂറെങ്കിലും ആളുകൾ കണ്ടിട്ടുണ്ടാവണം.

Latest Videos

undefined

പന്ത്രണ്ട് മിനുട്ടുള്ള ഒരു വീഡിയോ ആണെങ്കിൽ നാലായിരം വാച്ച് അവർ തികയാൻ കുറഞ്ഞ 20,000 പേരെങ്കിലും ആ വീഡിയോ 12 മാസത്തിനിടെ കണ്ടിരിക്കണം. നിങ്ങൾ ചെയ്യുന്നത് ചെറു വീഡിയോകൾ അഥവാ ഷോർട്സ് ആണെങ്കിൽ അതിന് 90 ദിവസത്തിനിടെ കുറഞ്ഞത് പത്ത് മില്യൺ കാഴ്ചകൾ വേണമെന്നാണ് ചട്ടം.

ഇത്രയുമായാൽ പദ്ധതിയിൽ അപേക്ഷിക്കാം. പക്ഷേ പണം കിട്ടണമെങ്കിൽ ഇനിയുമുണ്ട് കടമ്പ. ചാനലും ഉള്ളടക്കവും യൂട്യൂബിന്റെ നയങ്ങളുമായി യോജിക്കുമെങ്കിൽ മാത്രം അംഗത്വം കിട്ടും, പിന്നെ ആ വീഡിയോക്കൊപ്പം യൂട്യൂബ് നൽകുന്ന പരസ്യത്തിൽ നിന്നാണ് നിങ്ങൾക്കുള്ള വരുമാനം.   നൂറ് രൂപയുടെ പരസ്യത്തിൽ നിന്ന് 55 രൂപ വീഡിയോ ഉടമയ്ക്കും 45 രൂപ യൂട്യൂബിനും എന്നതാണ് ഇപ്പഴത്തെ കണക്ക്.

ആ പരസ്യം എല്ലാ വീഡിയോകൾക്കും ഒരുപോലെയല്ല കിട്ടുക. കൂടുതൽ കാഴ്ചക്കാരുള്ള വീഡിയോകൾക്ക് കൂടുതൽ മൂല്യമുള്ള പരസ്യങ്ങളും അത് വഴി കൂടുതൽ പണവും കിട്ടും. പുത്തൻ ഗാഡ്ജറ്റുകളും,  കുട്ടികളുടെ കളിപ്പാട്ടവും, ഫാഷൻ ഉത്പന്നങ്ങളുമൊക്കെയാണ് പ്രധാന പരസ്യക്കാർ. അവരുടെ ഉത്പന്നം വാങ്ങാൻ സാധ്യതയുള്ള കാഴ്ചക്കാർ ഏത് തരം വീഡിയോ ആണ് കാണുന്നത് എന്ന് കൂടി നോക്കിയാണ് പരസ്യം നൽകുന്നത്.

എന്തായാലും നിലവിൽ എറ്റവും മാന്യമായി പരസ്യവരുമാനം വീഡിയോ നിർമ്മാതാക്കളുമായി പങ്കുവയ്ക്കുന്ന കന്പനിയാണ് യൂട്യൂബ്. പക്ഷേ ഈ പരസ്യം വഴി അല്ലാതെയും യൂട്യൂബിൽ വരുമാനം ഉണ്ടാക്കാം. ചാനലിൽ പ്രീമിയം മെമ്പര്‍ഷിപ്പ് പദ്ധതി തുടങ്ങലാണ് അടുത്ത വഴി. ചില വീഡിയോകൾ ഇങ്ങനെ പണം നൽകി മെമ്പര്‍മാരായവര്‍ക്ക് മാത്രമായി അപ്ലോഡ് ചെയ്യുകയും ചെയ്യാം.  ആയിരം സബ്സ്ക്രൈബർമാരെങ്കിലുമുണ്ടെങ്കിലേ ഈ വഴിയും തുറക്കുകയുള്ളൂ. കുട്ടികൾക്കായുള്ള വീഡിയോയാണ് ചെയ്യുന്നതെങ്കിൽ ഇത് പറ്റുകയുമില്ല.

യൂട്യൂബ് തന്നെ നൽകുന്ന മറ്റൊരു ഓപ്ഷനാണ് സൂപ്പർ ചാറ്റും സൂപ്പർ സ്റ്റിക്കറും. നിങ്ങളുടെ കാഴ്ചകാർക്ക് പ്രത്യേക ഇമോജികളും സ്റ്റിക്കറും ഒക്കെ വിൽക്കലാണ് പരിപാടി. വീഡിയോക്ക് കീഴിൽ കമന്റ് ചെയ്യുന്പോൾ  ഈ പ്രത്യേക ഇമോജികളും സ്റ്റിക്കറുമൊക്കെ ഉപയോഗിക്കാം. അവരുടെ സന്ദേശങ്ങൾക്ക് കൂടുതൽ  പ്രാധാന്യം  കിട്ടുകയും ചെയ്യും. അങ്ങനെ വരുന്ന പണത്തിന്റെ സിംഹഭാഗവും യൂട്യൂബർക്ക് തന്നെ കിട്ടും.

ഇതിന് പുറമേയാണ് ബ്രാൻഡ് സ്പോൺസർഷിപ്പ്. നിങ്ങൾക്ക് സ്വന്തം നിലയിൽ പരസ്യം പിടിച്ച് ഉത്പന്നങ്ങൾ ചാനലിൽ അവതരിപ്പിക്കാം, വിൽക്കാം, അത് വഴി പണമുണ്ടാക്കാം. പക്ഷേ പരസ്യമാണെങ്കിൽ അത് വ്യക്തമാക്കണം ഇല്ലെങ്കിൽ പണി കിട്ടും. സ്വന്തം ചാനലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽക്കാനും അവസരമുണ്ട്. മിസ്റ്റർ ബീസ്റ്റ് പോലുള്ള പല വമ്പന്‍ യൂട്യൂബർമാരും ഇങ്ങനെ പണമുണ്ടാക്കുന്നുണ്ട്. പല ടെക് , ബ്യൂട്ടി യൂട്യൂബർമാരും ഇതേ വഴി സ്വീകരിച്ചിട്ടുണ്ട്.

ഇതിന് പുറമേ പണം വരുന്ന മറ്റൊരു വഴി കൂടിയുണ്ട്. അതാണ് യൂട്യൂബ് പ്രീമിയം. നിങ്ങൾ പണം നൽകി യൂട്യൂബ് കാണുന്ന ഒരാളാണെങ്കിൽ സ്വാഭാവികമായും പരസ്യമുണ്ടാവില്ല. അങ്ങനെയുള്ളവർ വീഡിയോ കണ്ടാൽ അവർ നൽകുന്ന പണത്തിൽ ഒരു പങ്ക് വീഡിയോ നിർമ്മാതാവിനും അവകാശപ്പെട്ടതാണ്.

ഇതൊക്കെ പറയാൻ എളുപ്പമാണെങ്കിലും സംഗതി ക്ലിക്കാക്കി അത് നിലനിർത്തിക്കൊണ്ടുപോകൽ വലിയ പാട് തന്നെയാണ്. യൂട്യൂബിന്‍റെ നയം മാറിയാൽ എല്ലാം കയ്യിൽ നിന്ന് പോകുകയും ചെയ്യും. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യൻ അക്കൗണ്ടുകളുടെ മൊണിട്ടൈസേഷൻ യൂട്യൂബ് നിർത്തിയപ്പോൾ വയറ്റത്തടി കിട്ടിയത് സാധാരണക്കാരായ റഷ്യൻ വ്ലോഗർമാർക്കാണെന്നും ‌ഓർക്കുക.

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

ഇന്ത്യയില്‍ ഉൾപ്പെടെ ഭൂരിഭാഗം പേരും ഭാവിയിൽ തിരഞ്ഞെടുക്കുക ഇത്തരം കാറുകളെന്ന് പഠനം

click me!